ധാക്ക: രണ്ട് കന്യാസ്ത്രീകളുള്ള നിരവധി കുടുംബങ്ങൾ നമ്മുടെ പരിചയത്തിലുണ്ടാകും. ഒരുപക്ഷേ, മൂന്നോ നാലോ സന്യസ്തരുള്ള വീടുകളെ കുറിച്ചും കേട്ടിട്ടുണ്ടാകും. എന്നാൽ വീട്ടിലെ അഞ്ച് പെൺമക്കളും സന്യസ്ത വിളി തിരഞ്ഞെടുത്ത കുടുംബത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അപ്രകാരമൊരു കുടുംബമുണ്ട് നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശിലെ ധാക്കയിൽ. വാർത്താ ഏജൻസിയായ ‘ഏജൻസിയ ഫീദെസ്’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഫീച്ചറാണ്, അഞ്ച് പെൺമക്കളുടെയും ആഗ്രഹം തിരിച്ചറിഞ്ഞ് തിരുസഭാ ശുശ്രൂഷയ്ക്ക് സമർപ്പിച്ച ആ കുടുംബത്തെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തിയത്.
ഒരു കുടുംബത്തിലെ അഞ്ച് കന്യാസ്ത്രീകൾ എന്ന് പറഞ്ഞിട്ട്, ഫോട്ടോയിൽ ആറ് കന്യാസ്ത്രീമാരുണ്ടല്ലോ എന്നായിരിക്കും ചിന്തിക്കുന്നത് അല്ലേ. അഞ്ച് കന്യാസ്ത്രീമാരുടെ പ്രചോദനത്താൽ സന്യാസം തിരഞ്ഞെടുത്ത മറ്റൊരു കന്യാസ്ത്രീകൂടിയുണ്ട് ചിത്രത്തിൽ. അഞ്ച് കന്യാസ്ത്രീമാർക്ക് രണ്ട് ജേഷ്ഠ സഹോദരന്മാരുണ്ട്. അവരുടെ മകളാണ് ആറാമത്തെ സമർപ്പിത! ചുരിക്കിപ്പറഞ്ഞാൽ, ബംഗ്ലാദേശീ കത്തോലിക്കാ സഭയിലെ ദൈവവിളി ഭവനമെന്ന് വിശേഷിപ്പിക്കാം പ്രസ്തുത കുടുംബത്തെ! തലസ്ഥാന നഗരിയായ ധാക്കയ്ക്ക് സമീപം ഗാസിപൂരിലെ ഡോറിപാര ഇടവകാംഗങ്ങളാണ് ഇവർ.
സിസ്റ്റർ ലിൻസ, സിസ്റ്റർ മേരി, സിസ്റ്റർ ഹെഡിഗ്, സിസ്റ്റർ ബീന, സിസ്റ്റർ ലിസ്സെത്ത് എന്നിവരാണ് ആ സഹോദരങ്ങൾ. സഹോദര പുത്രിയുടെ പേര് സിസ്റ്റർ ലോറെൻസോ റൊസാരിയോ. വിവിധ സന്യാസസഭാംഗങ്ങളുടെ ഭാഗമായാണ് ഇവർ ശുശ്രൂഷ ചെയ്യുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹാംഗമായ സിസ്റ്റർ ലിസ്സെത്ത് കോംഗോയിൽ മിഷനറിയാണിപ്പോൾ. മറ്റുള്ളവരെല്ലാം ബംഗ്ലാദേശിൽതന്നെയാണ് ശുശ്രൂഷചെയ്യുന്നത്. സിസ്റ്റർ മേരി സുപ്രിതി ധാക്ക ബോട്ടംലി ഹോം ഗേൾസ് ഹൈസ്‌കൂൾ പ്രിൻസിപ്പലാണ്. ധാക്ക ടുയിറ്റൽ ഗേൾസ് ഹെസ്‌ക്കൂളിലെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസാണ് സിസ്റ്റർ ലൊറെൻസോ.
മാതാപിതാക്കളുടെ വിശ്വാസജീവിതം മക്കളുടെ വിശ്വാസരൂപീകരണത്തിൽ എത്രമാത്രം നിർണായകമാണെന്ന് വ്യക്തമാക്കുന്നതാണ് ഇവരുടെ ജീവിതം. ഗ്രാമത്തലവനായിരുന്നു ഇവരുടെ പിതാവ്, മാതാവ് വീട്ടമ്മയും. ദൈവത്തിന് ഒന്നാം സ്ഥാനം നൽകുന്ന ഉത്തമ കത്തോലിക്കരായിരുന്നു ഇരുവരും. അവരുടെ ജീവിതസാക്ഷ്യമാണ് തങ്ങളുടെ ദൈവവിളി സ്വീകരണത്തിൽ നിർണായകമായതെന്ന് സാക്ഷിക്കുന്നു ഈ അഞ്ചു കന്യാസ്ത്രീകളും.
‘എല്ലായ്‌പ്പോഴും പ്രാർത്ഥനയുടെ അന്തരീക്ഷമായിരുന്നു കുടുംബത്തിൽ. എന്തിനും ഏതിനും ദൈവത്തിൽ ആശ്രയിക്കാൻ ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു അവർ. പ്രാർത്ഥനയുടെ കാര്യത്തിലുള്ള നിർബന്ധബുദ്ധി എടുത്തുപറയേണ്ട കാര്യമാണ്. വൈകുന്നേരങ്ങളിൽ ഞങ്ങൾ ഒരുമിച്ച് ജപമാല ചൊല്ലി പ്രാർത്ഥിച്ചു. സായാഹ്ന പ്രാർത്ഥനയില്ലാതെ ഞങ്ങൾക്ക് അത്താഴം കഴിക്കാൻ അനുവാദമുണ്ടായിരുന്നില്ല. പ്രാർത്ഥനയ്ക്കും ദൈവത്തിനും അത്രമാത്രം പ്രാധാന്യം നൽകണമെന്ന ബോധ്യം കുട്ടിക്കാലം മുതൽതന്നെ ഞങ്ങൾക്ക് ലഭിച്ചു,’ സഹോദരിമാരിൽ ഇളയവളായ സിസ്റ്റർ മേരി സുപ്രിതി പങ്കുവെച്ചു.
ഓരോ മക്കളും സന്യസത്തിലേക്ക് ഇറങ്ങിത്തിരിക്കുമ്പോൾ, കുടുംബത്തിന് നാണക്കേട് ഉണ്ടാക്കുന്നതൊന്നും ചെയ്യരുത് എന്ന ഓർമപ്പെടുത്തലാണ് തങ്ങൾക്ക് നൽകിയതെന്നും സിസ്റ്റർമാർ പറയുന്നു. ദൈവഹിതം തിരിച്ചറിഞ്ഞ് സന്യാസജീവിതം തിരഞ്ഞെടുത്ത് അവിടുന്ന് ഭരപ്പെടുത്തിയ ജനത്തിനുവേണ്ടി ശുശ്രൂഷ ചെയ്യുമ്പോൾ ഈ സഹോദരങ്ങൾ സന്തുഷ്ടരാണ്. മാതാപിതാക്കൾ പഠിപ്പിച്ച വിശ്വാസം ഇന്നും ഇവർ ഹൃദയത്തിൽ സൂക്ഷിക്കുന്നു എന്നുമാത്രമല്ല, ആ വിശ്വാസം സ്വജീവിതത്തിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നതിലും വ്യാപൃതരാണിവർ.
Leave a Comment
Your email address will not be published. Required fields are marked with *