വത്തിക്കാൻ സിറ്റി: ക്രിസ്തുവിശ്വാസത്തെപ്രതി ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് ഓർത്തഡോക്‌സ് രക്തസാക്ഷികളെ കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിൽ ഉൾപ്പെടുത്തി ഫ്രാൻസിസ് പാപ്പ. കോപ്റ്റിക് ഓർത്തഡോക്‌സ് സഭയുടെയും കത്തോലിക്കാ സഭയുടെയും ആത്മീയ കൂട്ടായ്മയുടെ അടയാളമായാണ് ഈ നടപടി. കോപ്റ്റിക് ഓർത്തഡോക്‌സ് സഭാ തലവൻ പാത്രിയാർക്കീസ് തവാദ്രോസ് രണ്ടാമനുമായി വേദി പങ്കിട്ടുകൊണ്ടായിരുന്നു പാപ്പയുടെ പ്രഖ്യാപനം.
റഷ്യൻ, ജോർജിയ, ഗ്രീക്ക്, അർമേനിയൻ ഓർത്തഡോക്‌സ് സഭകളിൽനിന്നുള്ള ചില രക്തസാക്ഷികളെ കത്തോലിക്കാ സഭയുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയേറെ രക്തസാക്ഷികളെ ഒരുമിച്ച് കത്തോലിക്കാ സഭയുടെ വിശുദ്ധഗണത്തിൽ ഉൾപ്പെടുത്തിയത് അസാധാരണ നടപടിയാണ്. ഒരുമിച്ച് ഒരേ അൾത്താരയിൽ ബലിയർപ്പിച്ച് രക്ഷകന്റെ ശരീരവും രക്തവും സ്വീകരിക്കാൻ വളരുംവിധം ഇരുസഭകളെയും സൗഹൃദത്തിൽ നിലനിർത്താനും ഈ രക്തസാക്ഷികളുടെ പ്രാർത്ഥനകൾ സഹായകമാകട്ടെയെന്നും പാപ്പ കൂട്ടിച്ചേർത്തു.
‘ഈ രക്തസാക്ഷികൾ ജലത്താലും ആത്മാവിനാലും മാത്രമല്ല, ക്രിസ്തുശിഷ്യരുടെ ഐക്യത്തിന്റെ വിത്തായ രക്തത്താലും സ്‌നാനം ചെയ്യപ്പെട്ടവരാണ്. അവരുടെ രക്തം ക്രൈസ്തവ ഐക്യത്തിന് സമൃദ്ധമായ ഫലം പുറപ്പെടുവിക്കുന്ന വിത്തുമാണ്. അവരുടെ ശക്തമായ സാക്ഷ്യത്തിന് ഇക്കാലഘട്ടത്തിൽ വലിയ പ്രസക്തിയുണ്ട്,’ പാപ്പ വ്യക്തമാക്കി. കത്തോലിക്കരായ വിശ്വാസികളും കോപ്റ്റിക് രക്തസാക്ഷികളായ വിശുദ്ധരുടെ അനുഗ്രഹം ലഭിക്കുന്നതിന് അവരോട് മാധ്യസ്ഥം തേടി പ്രാർത്ഥിക്കണമെന്ന് വത്തിക്കാനിൽ നടത്തിയ പത്രസമ്മേളനത്തിൽ കോപ്റ്റിക് പാത്രിയാർക്കീസും ആഹ്വാനം ചെയ്തു.
2015 ഫെബ്രുവരി 15നാണ് ലിബിയയിലെ തീരനഗരമായ സിർട്ടെയിലെ കടൽക്കരയിൽവെച്ച് 20 കോപ്റ്റിക് സഭാംഗങ്ങളും ഒരു ഘാനാ വംശജനും ഉൾപ്പെടെ 21 പേരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കഴുത്തറുത്ത് കൊലപ്പെട്ടത്. ഇവരെ വധിക്കുംമുമ്പ്, ഓറഞ്ച് വസ്ത്രങ്ങൾ അണിയിച്ച് കൈകൾ പുറകിൽ കെട്ടി മുട്ടുകുത്തി നിർത്തിയിരിക്കുന്ന ദൃശ്യങ്ങൾ തീവ്രവാദികൾ പുറത്തുവിട്ടിരുന്നു. എന്നാൽ, ഇവരുടെ മൃതദേഹം എവിടെയാണ് അടക്കം ചെയ്തതെന്ന വിവരം ഏറെനാൾ അജ്ഞാതമായിരുന്നു. 2018 ഒക്ടോബറിൽ സിർട്ടെയുടെ സമീപപ്രദേശത്തുനിന്നാണ് മൃതദേഹങ്ങൾ ശിരസറ്റ നിലയിൽ കണ്ടെത്തിയത്.
ഇവരെ കോപ്റ്റിക്ക് ഓർത്തഡോക്‌സ് സഭ രക്തസാക്ഷി വിശുദ്ധരായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട്, അവരുടെ ഭൗതീകദേഹം ഈജിപ്തിൽ എത്തിച്ച് അവരുടെ നാമധേയത്തിൽ നിർമിതമായ ദൈവാലയത്തിൽ പുനസംസ്‌ക്കരിക്കുകയായിരുന്നു.ഇവരുടെ ആറാം ചരമവാർഷികത്തോട് അനുബന്ധിച്ച് 2021ൽ ലണ്ടനിലെ കോപ്റ്റിക് ഓർത്തഡോക്‌സ് അതിരൂപത സംഘടിപ്പിച്ച വെബ്ബിനാറിന് അയച്ച വീഡിയോ സന്ദേശത്തിൽ, പ്രസ്തുത രക്തസാക്ഷികളെ സഭാ ദേദമെന്യേയുള്ള സകല ക്രൈസ്തവരുടെയും വിശുദ്ധരെന്ന് പാപ്പ വിശേഷിപ്പിച്ചത് അന്ന് വലിയ വാർത്തയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *