വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യൻ രാജ്യമായ മംഗോളിയയിലെ ചെറിയ ദൈവജനത്തിന് പ്രത്യാശയുടെ ദൂതുമായി ഫ്രാൻസിസ് പാപ്പ ആഗതനാകാൻ ഇനി മണിക്കൂറുകൾ മാത്രം. ‘ഒരുമിച്ച് പ്രത്യാശിക്കുക’ എന്നതാണ് ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ മംഗോളിയയിൽ ഫ്രാൻസിസ് പാപ്പ നടത്തുന്ന പര്യടനത്തിന്റെ ആപ്തവാക്യം. ഏതാണ്ട് 1400 കത്തോലിക്കരും ആറ് ദൈവാലയങ്ങളും മാത്രമുള്ള ഏഷ്യൻ രാജ്യമായ മംഗോളിയയിലേക്ക് ഇതാദ്യമായാണ് ഒരു പാപ്പ ആഗതനാകുന്നത്. ഈ ചരിത്രനിമിഷങ്ങൾ ശാലോം വേൾഡ് തത്‌സമയം സംപ്രേഷണം ചെയ്യും.
ഓഗസ്റ്റ് 31വൈകിട്ട് 6.30ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽനിന്ന് യാത്രതിരിക്കുന്ന പാപ്പ സെപ്തംബർ ഒന്ന് പ്രാദേശിക സമയം രാവിലെ 10.00ന് തലസ്ഥാന നഗരിയായ ഉലാൻബത്താറിലെ ചെങ്കിസ് ഖാൻ വിമാനത്താവളത്തിൽ എത്തിച്ചേരും. ഉലാൻബത്താറിലെ സുക്ബത്താൻ ചത്വരത്തിൽ സെപ്തംബർ രണ്ടിനാണ് ഔദ്യോഗിക സ്വീകരണം. തുടർന്ന് പ്രസിഡൻഷ്യൽ പാലസിൽ എത്തുന്ന പാപ്പ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും.
ഭരണാധിപന്മാരെ അഭിസംബോധന ചെയ്തശേഷം പ്രധാനമന്ത്രി, ചെയർമാൻ എന്നിവരെ സന്ദർശിക്കും. അന്ന് ഉച്ചതിരിഞ്ഞ് സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രലിൽവെച്ച് ബിഷപ്പുമാർ, വൈദീകർ, സന്യസ്തർ, മിഷണറിമാർ എന്നിവരുമായി പാപ്പ കൂടിക്കാഴ്ച നടത്തും. സെപ്തംബർ മൂന്നിന് തലസ്ഥാന നഗരിയിൽ ക്രമീകരിക്കുന്ന മതാന്തര സംവാദത്തിൽ പങ്കെടുക്കുന്ന പാപ്പ, ഉച്ചയ്ക്കുശേഷം വിന്റർ സ്പോർട് സ്റ്റേഡിയത്തിൽ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിക്കും.
സെപ്തംബർ നാലിന് ഹൗസ് ഓഫ് മേഴ്സി എന്ന നാമധേയത്തിലുള്ള ജീവകാരുണ്യ കേന്ദ്രം ഉദ്ഘാടനം ചെയ്യും. തുടർന്ന് അവിടത്തെ സന്നദ്ധ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പ വൈകീട്ട് റോമിലേക്ക് യാത്രതിരിക്കും.
വാർത്താ ഏജൻസിയായ ‘ഫീദെസി’ന്റെ റിപ്പോർട്ട് പ്രകാരം 3.3 ദശലക്ഷം വരുന്ന ജനസംഖ്യയിൽ 1,400 മാത്രമാണ് കത്തോലിക്കർ. ജനസംഖ്യയുടെ 87.1%വും ബുദ്ധമത വിശ്വാസികളാണ്. 2017ലെ കണക്കുകൾ പ്രകാരം രാജ്യത്ത് 33 വൈദികരും 44 കന്യാസ്ത്രീകളുമുണ്ട്. റഷ്യയും ചൈനയും അതിർത്തി പങ്കിടുന്ന രാജ്യമായ മംഗോളിയയിലെ ഉലാൻബത്താറിലെ അപ്പസ്‌തോലിക് പ്രിഫെക്ടിന് കീഴിലാണ് രാജ്യത്തെ കത്തോലിക്കർ ഉൾപ്പെടുന്നത്.
ഇറ്റലിയിൽ നിന്നുള്ള കർദിനാൾ ജോർജിയോ മാരെങ്കോയാണ് രാജ്യത്തെ അപ്പസ്‌തോലിക് പ്രീഫെക്ട്. കർദിനാൾമാരിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗവുമാണ് അദ്ദേഹം. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ കർദിനാൾ സംഘത്തിൽ ഉൾപ്പെടുത്തിയത്. ഡാർഖാൻ, അർവൈഖീർ, എർഡെനെറ്റ് എന്നിവിടങ്ങളിൽ ഉൾപ്പെടെ ആറ് കത്തോലിക്കാ ദൈവാലയങ്ങളാണ് രാജ്യത്തുള്ളത്.
മംഗോളിയയിലെ ക്രൈസ്തവ ചരിത്രം 13-ാം നൂറ്റാണ്ടിൽ ആരംഭിച്ചെങ്കിലും രാജഭരണങ്ങൾ മാറിമാറി വന്നതോടെ വിശ്വാസം ക്ഷയിച്ചു. 19-ാം നൂറ്റാണ്ടിൽ മംഗോളിയയിൽ കത്തോലിക്കാ മിഷൻ ആരംഭിച്ചെങ്കിലും കമ്മ്യൂണിസ്റ്റ് പീഡനങ്ങളെ തുടർന്ന് അതും നാമാവശേഷമായി. പിന്നീട് 1991ൽ ജനാധിപത്യം നിലവിൽ വന്നതോടെ അവിടേക്ക് മടങ്ങിയെത്തിയ മിഷണറിമാരിലൂടെയാണ് കത്തോലിക്കാ വിശ്വാസത്തിന്റെ വളർച്ച ആരംഭിച്ചത്.
***********
പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ‘ശാലോം വേൾഡ്’ ലഭ്യമാണ്. കൂടാതെ ശാലോം വേൾഡിന്റെ വെബ്‌സൈറ്റിലും (shalomworld.org) ശാലോം വേൾഡിന്റെ യൂ ടൂബ്, ഫേസ്ബുക്ക് പേജുകളിലും തത്സമയ സംപ്രേഷണം ലഭ്യമാക്കിയിട്ടുണ്ട്. വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon
Leave a Comment
Your email address will not be published. Required fields are marked with *