Follow Us On

29

March

2024

Friday

ക്രിസ്തുവിന്റെ ഉത്ഥാനം പരമമായ സത്യമാണ്, എന്തുകൊണ്ടെന്നാൽ…

ക്രിസ്തുവിന്റെ ഉത്ഥാനം പരമമായ സത്യമാണ്, എന്തുകൊണ്ടെന്നാൽ…

യേശു ഉയിർത്തെഴുന്നേറ്റത് ഒരു സത്യമല്ലെങ്കിൽ, ക്രിസ്തുമതം എന്നത് കള്ളത്തരത്തിൽ പണിതുയർത്തിയ ചീട്ടുകൊട്ടാരമാകും. അങ്ങനെയെങ്കിൽ ഈ ചീട്ടുകൊട്ടാരം ഒരിക്കലും രണ്ടായിരം വർഷം പിന്നിട്ട് ഇന്നും നിലനിൽക്കുമായിരുന്നില്ല-  വായിക്കാം, കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ പങ്കുവെക്കുന്ന ഈസ്റ്റർ സന്ദേശം

അസത്യത്തിനും അന്ധകാരത്തിനും മരണത്തിനുമെതിരെയുള്ള വിജയമാണ് യേശുവിന്റെ ഉത്ഥാനം. യേശുനാഥൻ നേടിയെടുത്ത ഈ വിജയമാണ് ഉയിർപ്പ് തിരുനാളിലൂടെ നാം ആഘോഷിക്കുന്നത്. യേശുവിന്റെ ജനനവും ജീവിതവും പീഡാസഹനങ്ങളും കുരിശുമരണവുമൊക്കെ ചരിത്ര സംഭവങ്ങളായി ലോകമെമ്പാടും അംഗീകരിക്കുന്നുണ്ട്. എന്നാൽ യേശുവിന്റെ ഉത്ഥാനത്തെ ഒരു സത്യമായി അംഗീകരിക്കാൻ പലരും ബുദ്ധിമുട്ടുന്നു. യേശു ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നു എന്നത് ഒരു പരമാർത്ഥമാണ്.

ക്രിസ്തുമതം നിലകൊള്ളുന്നത് ഉത്ഥാനമെന്ന പരമസത്യമായ അടിസ്ഥാനത്തിലാണ്. യേശു ഉയിർത്തെഴുന്നേറ്റത് ഒരു സത്യമല്ലെങ്കിൽ, ക്രിസ്തുമതം എന്നത് കള്ളത്തരത്തിൽ പണിതുയർത്തിയ ചീട്ടുകൊട്ടാരമാകും. അങ്ങനെയെങ്കിൽ ഈ ചീട്ടുകൊട്ടാരം ഒരിക്കലും രണ്ടായിരം വർഷം പിന്നിട്ട് ഇന്നും നിലനിൽക്കുമായിരുന്നില്ല. യേശു ഉയിർത്തെഴുന്നേറ്റു എന്നതിന്റെ ഒരു തെളിവ് ഒഴിഞ്ഞ കല്ലറയാണ്. യേശുവിന്റെ ശിഷ്യന്മാർ വന്ന് യേശുവിന്റെ ശരീരം മോഷ്ടിച്ച് കൊണ്ടുപോയി എന്ന് പടയാളികളെകൊണ്ട് പറയിപ്പിച്ചവർക്ക് ആ കള്ളപ്രചാരണത്തിലെ മണ്ടത്തരം മനസ്സിലാക്കാൻ കഴിഞ്ഞില്ല.

യേശു ബന്ധിക്കപ്പെട്ടതോടെ ഓടിരക്ഷപ്പെട്ട് പടയാളികളെയും ജനങ്ങളെയും ഒരുപോലെ ഭയപ്പെട്ട് വാതിലുകളടച്ച് ഒളിച്ചിരുന്ന ശിഷ്യന്മാർ, ഒരു സൈന്യവ്യൂഹംതന്നെ കാവൽനിൽക്കുന്ന കല്ലറയിൽവന്ന് യേശുവിന്റെ ശരീരം മോഷ്ടിച്ചു എന്നത് ഒരിക്കലും സംഭവിക്കാത്ത കാര്യമാണ് എന്ന് സാമാന്യബുദ്ധിയുള്ള ആർക്കും ചിന്തിക്കാവുന്നതേയുള്ളൂ. മാത്രമല്ല ക്രിസ്തുവിന്റെ ശരീരം മോഷ്ടിച്ചതാണെങ്കിൽ ശിഷ്യന്മാർ അത് മോഷ്ടിക്കുന്നത് കണ്ടിട്ടും എന്തുകൊണ്ട് പടയാളികൾ അ വരെ പിടികൂടിയില്ല എന്ന ചോദ്യവും അവശേഷിക്കുന്നു.

ക്രിസ്തുവിന്റെ ഉത്ഥാനം സത്യമാണ് എന്നതിന്റെ മറ്റൊരു തെളിവ് അവിടുത്തെ ശിഷ്യന്മാരാണ്. തങ്ങളുടെ ഗുരുവിനെ കുരിശിൽ തറച്ച് കൊന്നവരെ പേടിച്ച് വിറച്ചിരുന്ന പത്രോസെന്ന അക്ഷരാഭ്യാസമില്ലാത്ത മുക്കുവനും കൂട്ടുകാരും ഒരു സുപ്രഭാതത്തിൽ ജനസഹസ്രങ്ങളുടെ മുമ്പിൽ ധൈര്യപൂർവം നെഞ്ചുംവിരിച്ച്‌നിന്ന് യേശുവിന്റെ ഉത്ഥാനത്തെപ്പറ്റി പ്രസംഗിച്ചെങ്കിൽ അതിനവരെ ശക്തരാക്കിയത് യേശു ഉയിർത്തെഴുന്നേറ്റു എന്ന സത്യംതന്നെയാണ്.

നാമിന്ന് ജീവിക്കുന്നത് ഒരു മരണസംസ്‌കാരത്തിലാണ്. ദിനംപ്രതി ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും അപകടമരണങ്ങളുടെയും എണ്ണം ഏറിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ സ്വാർത്ഥത ഇന്നിന്റെ ലോകത്തെ ഒരു മരണസംസ്‌കാരത്തിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്. എത്ര നിസാരകാര്യങ്ങൾക്കുവേണ്ടിയാണ് മനുഷ്യൻ മരണത്തെ സ്വയം സ്വീകരിക്കുകയും അപരന് മരണം സമ്മാനിക്കുകയും ചെയ്യുന്നത്. ഈയൊരു മരണസംസ്‌കാരത്തിൽ മരണത്തെ ജയിച്ച യേശുവിന്റെ ഉത്ഥാനത്തിന് പ്രസക്തിയേറുന്നു. എല്ലാവർക്കും ഉത്ഥാനതിരുനാൾ ആശംസകൾ നേരുന്നു.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?