Follow Us On

22

January

2025

Wednesday

മാനോപ്പെലോയിലെ തിരുക്കച്ചയിൽ കാണാം ഉത്ഥിതന്റെ തിരുമുഖം!

മാത്യു ജോസഫ് കുര്യംപറമ്പിൽ

ടൂറിനിലെ തിരുക്കച്ചയിൽ കാണുന്നത് യേശുവിന്റെ മൃതശരീരത്തിന്റെ പ്രതിഫലനമാണെങ്കിൽ മാനോപ്പെലോയിലേത് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മുഖതേജസിന്റെ ആവിഷ്‌ക്കാരമാണ്. ഇറ്റലിയിലെ മാനോപ്പെലോയിൽ സൂക്ഷിച്ചിരിക്കുന്ന, ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ പട്ടുതൂവാലയുടെ ചരിത്രവഴികളിലൂടെ യാത്രചെയ്യാം, ഉയിർപ്പിന് തിരുനാളിന് ഒരുങ്ങുന്ന ഈ ദിനങ്ങളിൽ.

ഇറ്റലിയിലെ മാനോപ്പെലോ എന്നഗ്രാമത്തിൽ ക്രിസ്തുവിന്റെ തിരുമുഖം പതിഞ്ഞ ഒരു പട്ടുതൂവാല അതിപൂജ്യമായി സംരക്ഷിച്ചിട്ടുണ്ട്. ടൂറിനിലെ കച്ചയിൽ കാണുന്നത് യേശുവിന്റെ മൃതശരീരത്തിന്റെ പ്രതിഫലനമാണെങ്കിൽ മാനോപ്പെലോയിലേത് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ മുഖതേജസിന്റെ ആവിഷ്‌ക്കാരമാണ്. പുരാതന പൗരസ്ത്യ ക്രൈസ്തവ കേന്ദ്രമായിരുന്ന എദ്ദേസയിലെ കുമീലിയയിൽനിന്ന് ഇറ്റലിയിലെ മാനോപ്പെലോയിലെത്തിയ ‘ക്രിസ്തുമുഖ’ത്തിന്റെ അത്ഭുതങ്ങൾ പങ്കുവെക്കുന്ന പരമാർത്ഥങ്ങൾ വിശ്വാസതലത്തിൽ ചിന്തോദ്ദീപകങ്ങളാണ്. പ്രശസ്ത ജർമൻ പത്രപ്രവർത്തകൻ പോൾ ബെയ്ഡിന്റെ ‘തിരുമുഖവും മാനോപ്പെലോയിലെ തിരുശീലയും’ എന്ന പുസ്തകത്തിൽ ഈ ചരിത്ര യാഥാർത്ഥ്യങ്ങൾ വിവരിക്കുന്നുണ്ട്.

ചരിത്രത്തിൽ മൂന്ന് വഴികൾ!

എദ്ദേസിലെ (പൗരസ്ത്യ സഭാ കേന്ദ്രമായിരുന്ന എദ്ദേസ ഇന്ന് ആധുനിക ടർക്കിയുടെ ഭാഗമാണ്) ഭരണാധികാരിയായിരുന്ന അബ്ഗാർ രാജാവിന് കു്ഷ്ഠരോഗം പിടിപെട്ടപ്പോൾ, കൊട്ടാരത്തിലെത്തി തന്നെ സുഖപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ച് യേശുവിന്റെ പക്കലേക്ക് ദൂതനെ അയച്ചു. എന്നാൽ കൊട്ടാരത്തിലേക്ക് പോകാൻ സാധിക്കാതിരുന്ന ക്രിസ്തു, തന്റെ മുഖം പതിഞ്ഞ ഒരു തൂവാല രാജാവിന് കൊടുത്തയച്ചു. തൂവാലയിൽ ക്രിസ്തുമുഖം കണ്ട നിമിഷം തന്നെ രാജാവിന്റെ കു്ഷ്ഠരോഗം ഭേദമായി.

തിബിലീസിൽനിന്ന് കണ്ടെടുത്ത ഒരു കൈയെഴുത്ത് പ്രതിയുമായി ബന്ധപ്പെടുത്തിയാണ് മറ്റൊരു പാരമ്പര്യം. യേശുവിന്റെ സ്വർഗാരോഹണശേഷം, പരിശുദ്ധ അമ്മയുടെ കൈവശം ക്രിസ്തുവിന്റെ മുഖം മുദ്രിതമായ ഒരു തൂവാലയുണ്ടായിരുന്നു. പ്രിയ മകന്റെ മുഖം കണ്ട് പ്രാർത്ഥിക്കുന്നതിന് പിതാവായ ദൈവം പരിശുദ്ധ അമ്മയ്ക്ക് നൽകിയതാണത്രേ! യേശുവിന്റെ കുരിശുയാത്രയുമായി ബന്ധപ്പെടുത്തിയാണ് മൂന്നാമത്തെ പാരമ്പര്യം. പീഡനങ്ങളേറ്റ് തളർന്ന യേശു കാൽവരിയിലേക്ക് പോകുന്ന വഴിയിൽ വേറോനിക്ക എന്ന ഭക്തസ്ത്രീ പട്ടാളക്കാരുടെ നടുവിലൂടെ കടന്നുചെന്ന് യേശുവിന്റെ തിരുമുഖം തുടച്ചപ്പോൾ, മുദ്രിതമായ രക്തക്കറയുള്ള തൂവാലയാണിതെന്നാണ് മറ്റൊരു പ്രചരണം.

ജറുസലേം ടു റോം

ആദ്യത്തെ രണ്ട് കഥകളും ആറാം നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്നതും മൂന്നാമത്തെ കഥ മധ്യകാലഘട്ടത്തിൽ പ്രചരിച്ചതുമാണ്. തൂവാലയിൽ രക്തക്കറയുടെ അംശങ്ങൾ ശാസ്ത്രീയ പരീക്ഷണങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്തതിനാൽ മൂന്നാമത്തെ കഥയ്ക്ക് ബൈബിൾ പണ്ഡിതന്മാരൊന്നും സാംഗത്യം കൽപ്പിക്കുന്നില്ല. ചരിത്രവഴികൾ എന്തുതന്നെയായാലും എല്ലാ കഥകളും ഒരേ ലക്ഷ്യത്തിലേക്ക് എത്തുന്നു. ക്രിസ്തുവിന്റെ ദിവ്യമുഖം മുദ്രിതമായിരിക്കുന്ന ഈ അത്ഭുത തിരുശീലയുടെ ഉത്ഭവം ജറുസലേമിൽനിന്നുതന്നെ.

പന്ത്രണ്ട് ശ്ലീഹന്മാരിലൊരുവനായ വിശുദ്ധ യോഹന്നാൻ എഫേസൂസിൽ എത്തിയപ്പോൾ, ഈ തിരുമുഖ തൂവാല കൂടെ കൊണ്ടുവന്നുവെന്നു വേണം കരുതാൻ. എദ്ദേസയിലെ കപ്പദോക്കിയൻ പ്രവിശ്യയിലുള്ള കുമീലിയ എന്ന പട്ടണത്തിൽ തിരുമുഖത്തിന്റെ ഈ പട്ടുശീല സൂക്ഷിച്ചിരുന്നു. ദീർഘകാലം ഈ തിരുശീല കുമീലിയയിൽ സൂക്ഷിച്ചിരുന്നതുകൊണ്ട് കുമീലിയയിലെ പട്ടുതുവാല, കുമീലിയയിലെ തിരുമുഖചിത്രം എന്നുള്ള പേരുകളിലും പിൽക്കാലത്ത് ഈ തിരുശേഷിപ്പ് അറിയപ്പെട്ടു തുടങ്ങി.

എ.ഡി 574ൽ കുമീലിയ പട്ടണത്തിൽനിന്ന് ക്രിസ്തുമുഖം പതിഞ്ഞ പട്ടുതിരുശീല പൗരസ്ത്യ റോമൻ തലസ്ഥാനമായ കോൺസ്റ്റാന്റിനോപ്പിളിൽ എത്തിയതിന് ചരിത്രരേഖകളുണ്ട്. ശത്രുക്കളിൽനിന്നുമുള്ള സംരക്ഷണത്തിനും സമ്പൽസമൃദ്ധിക്കും യുദ്ധങ്ങളുടെ വിജയത്തിനുമായി ഈ തിരുമുഖത്തിന് മുന്നിൽ ജനങ്ങൾ പ്രാർത്ഥിച്ചുവന്നിരുന്നു. ബൈസന്റിയൻ സാമ്രാജ്യത്തിലും കോൺസ്റ്റാന്റിനോപ്പിൾ സഭയിലും യേശുവിന്റെ ചിത്രങ്ങളും ബിംബങ്ങളും നിരോധിക്കാൻ തീരുമാനമായപ്പോൾ ഈ തിരുശേഷിപ്പ് രഹസ്യമായി റോമിലേക്ക് മാറ്റപ്പെട്ടതാകാം.

‘വേറോനിക്ക’ എന്നാൽ?

കോൺസ്റ്റാന്റിനോപ്പിളിൽനിന്ന് റോമിലെത്തിയ ഈ പട്ടുതുവാല എട്ടാം നൂറ്റാണ്ടു മുതലാണ് ‘വേറോനിക്ക’ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്. ഗ്രീക്ക്, ലത്തീൻ സങ്കരപദമായ ‘വേറോനിക്ക’ എന്നതിന്റെ അർത്ഥം തന്നെ യഥാർത്ഥ സാദൃശ്യം, പ്രതിബിംബം എന്നൊക്കെയാണ്. യേശുവിന്റെ മൃതസംസ്കാരത്തിനായി ഉപയോഗിച്ച വസ്ത്രത്തിന് നൽകിയ വിവരണാത്മകമായ പേരാണ് ‘വേറോനിക്ക’എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതരുമുണ്ട്.

എ.ഡി 753ൽ സ്റ്റീഫൻ രണ്ടാമൻ പാപ്പയുടെ കൽപ്പനപ്രകാരം യേശുവിന്റെ തിരുമുഖചിത്രമുള്ള തിരുശീലയും വഹിച്ച് നഗ്‌നപാദരായി വിശ്വാസികൾ ആഘോഷമായ പ്രദക്ഷിണം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ദനഹ തിരുനാൾ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച യേശുവിന്റെ തിരുമുഖ ചിത്രവുമായി ആഘോഷമായ പ്രദക്ഷിണം എന്ന പതിവ് 1208ൽ ഇന്നസന്റ് മൂന്നാമൻ പാപ്പയാണ് തുടങ്ങിയത്.

മാനോപ്പെലോയിൽ എത്തി

പതിനഞ്ചാം നൂറ്റാണ്ടിൽ റോമിൽനിന്ന് അപ്രത്യക്ഷമായ ‘തിരുമുഖഛായ’ ചിത്രം മാനോപ്പെലോയിൽ എത്തിയതിനെക്കുറിച്ച് വ്യക്തമായ ചരിത്രരേഖകളൊന്നുമില്ല. റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ സൂക്ഷിച്ചിരുന്ന ഈ തിരുശേഷിപ്പ് ബസിലിക്കയുടെ പുനർനിർമാണകാലത്ത് നഷ്ടപ്പെട്ടതോ 1507ൽ ചാൾസ് അഞ്ചാമൻ റോമാനഗരം ആക്രമിച്ച് കീഴ്‌പ്പെടുത്തിയപ്പോൾ കടത്തിക്കൊണ്ട് പോയതോ ആകാമെന്ന രണ്ട് അഭിപ്രായമുണ്ട് ചരിത്രകാരന്മാർക്കിടയിൽ.

അക്വീലായിലെ കൈയെഴുത്ത് പ്രതിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രകാരം 1507ൽ അന്റോണിയോ ഡിയോനെല്ലി എന്ന ഡോക്ടറുടെ കൈവശമാണ് യേശുവിന്റെ തിരുമുഖം പതിഞ്ഞ ഈ പട്ടുതൂവാല ആദ്യമായി എത്തിച്ചേർന്നത്. ചിത്രത്തിന്റെ അത്ഭുതശക്തി തിരിച്ചറിഞ്ഞ അന്റോണിയോ സ്വന്തം വീട്ടിൽ ഈ തിരുശീല പ്രതിഷ്~ിച്ച് പ്രാർത്ഥിച്ചുപോന്നു. ലിയോ നെല്ലിയുടെ മരണശേഷം ഈ തിരുശീലയുടെ ഉടമസ്ഥതയെ ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ അവകാശത്തർക്കം രൂക്ഷമാകുകയും ഒടുവിൽ പാൽക്രേസിയോ പെട്രൂച്ചി എന്ന പട്ടാളക്കാരൻ ഇത് സ്വന്തമാക്കുകയും ചെയ്തു.

എന്നാൽ, സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനുവേണ്ടി പെട്രൂച്ചി ഏറെ കലാമൂല്യമുള്ള ഈ ചിത്രം വിൽക്കാൻ തയാറായപ്പോൾ അന്റോണിയോ ഫാബിറ്റസ് എന്നയാൾ ഇത് വാങ്ങി സൂക്ഷിച്ചു. 1638 ലാണ് ഫാബിറ്റസ് ഇത് മാനോപ്പെലോയിലെ കപ്പൂച്ചിൻ ആശ്രമത്തിന് സമ്മാനിക്കുന്നത്. 1750 മുതൽ എല്ലാ മെയ് മാസത്തിലും തിരുമുഖത്തിന്റെ തിരുനാൾ ആഘോഷിക്കാൻ കപ്പൂച്ചിൻ സന്യാസികൾ തീരുമാനിക്കുകയും ചെയ്തു.

സവിശേഷതകൾ അനവധി

ക്രിസ്തുവിന്റെ കാലത്ത് ലഭ്യമായിരുന്ന വളരെ വിലപിടിപ്പുള്ള പ്രകൃതിദത്തമായ ഒരിനം പട്ടുൽപ്പന്നമാണ് ‘വൈസിഡ്‌സിൽക്ക്’. പിനോനോ ബിലസ് എന്ന പ്രത്യേക തരം കടൽകക്കയിൽനിന്നുണ്ടാകുന്ന ഫൈബർനാരുകൾകൊണ്ട് നിർമിച്ചിരുന്നതിനാൽ ഇത്തരം പട്ടുൽപ്പന്നങ്ങൾ ‘കടൽസിൽക്ക്’ എന്നുകൂടി അറിയപ്പെട്ടിരുന്നു. നേർത്ത പട്ടുനൂലുകൾകൊണ്ട് സൂക്ഷ്മതയോടെ നെയ്‌തെടുക്കുന്ന ഇത്തരം തുണികളിൽ നിറക്കൂട്ടുകളോ എണ്ണച്ചായങ്ങളോ ആഗീരണം ചെയ്യപ്പെടാത്തതിനാൽ പെയിന്റിംഗ് അസാധ്യമാണ്. ഇതിനാൽ പട്ടുതൂവാലയിൽ തെളിയുന്ന ക്രിസ്തുമുഖം ഏതെങ്കിലുമൊരു പ്രതിഭാധനനായ മനുഷ്യന്റെ കലാസൃഷ്ടിയാണെന്ന വാദം സംശയാതീതമായി ശാസ്ത്രസാങ്കേതിക വിദഗ്ധർ തള്ളിക്കളയുന്നു.

ഹൈഡെഫനിഷൻ സ്‌കാനർ ഉപയോഗിച്ച് ഈ പട്ടുതുവാല പരിശോധിച്ച ഡോ. ഡൊണേറ്റോ വിത്തോർ പ്രസ്താവിക്കുന്നത്, ഈ പട്ടുതുവാലയിൽ നിറക്കൂട്ടുകളുടെയോ എണ്ണച്ചായങ്ങളുടെയോ നേരിയ അംശംപോലും കണ്ടെത്താനായില്ലെന്നതാണ്. പുരാതന വസ്ത്രനിർമാണ സാങ്കേതിക വിദ്യകളിൽ വിദഗ്ധനായ പ്രൊഫ. എൽ. പൊർട്ടേഗയുടെ അഭിപ്രായത്തിൽ എ.ഡി. നാലാം നൂറ്റാണ്ടുവരെ ഉപയോഗത്തിലുണ്ടായിരുന്ന’ബൈസിഡ്’ ഇനത്തിൽപ്പെട്ട മറൈൻ സിൽക്കിലാണ് ക്രിസ്തുമുഖം പ്രകാശിക്കുന്നത്. മറൈൻ സിൽക്കുകളെക്കുറിച്ച് ഏറെ പ~നങ്ങൾ നടത്തിയിട്ടുള്ള ഡോ. ഷിവോറവീഗോയും വീത്തോറിന്റെയും പൊർത്തേഗയുടെയും കണ്ടെത്തലുകളോട് യോജിക്കുന്നു. മാനോപ്പെലോയിലെ തിരുശീലയിൽ പ്രകാശിതമാകുന്ന ക്രിസ്തുമുഖത്തിന്റെ പ്രതിബിംബത്തെ മാതൃകാരൂപമാക്കിയാണ് ക്രിസ്തുമതത്തിന്റെആദ്യനൂറ്റാണ്ടുകളിലെ എല്ലാ ക്രൈസ്തവ കലാസൃഷ്ടികളും രൂപംകൊണ്ടത്.

‘മനുഷ്യനിർമിതമല്ല’ എന്നർത്ഥം വരുന്ന ‘എക്കയോപോയിറ്റഡ്’ എന്ന ഗ്രീക്ക് പദമാണ് മാനോപ്പെലോയിലെ തിരുമുഖഛായയെ വിശേഷിപ്പിക്കാൻ ആദിമ ക്രൈസ്തവ സമൂഹങ്ങൾ ഉപയോഗിച്ചത്. അനേകായിരം പ്രകാശരശ്മികൾകൊണ്ട് എഴുതപ്പെട്ട ക്രിസ്തുമുഖത്തിന്റെ അനുഭൂതിയാണ് മാനോപ്പെലോയിലെ പട്ടുതുവാലയിൽ നാം ദർശിക്കുക. സൂര്യപ്രകാശത്തിൽ മാത്രമാണ് ഛായാചിത്രം അതിന്റെ പൂർണ സൗന്ദര്യത്തിൽ പ്രത്യക്ഷപ്പെടുക. പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് ചിത്രത്തിന്റെ സൗന്ദര്യത്തിനും പ്രസന്നതയ്ക്കും വ്യതിയാനം സംഭവിക്കുന്നു. ഇരുവശങ്ങളിൽനിന്നും (മുന്നിൽനിന്നും പുറകിൽനിന്നും) ചിത്രം കൃത്യമായി പ്രത്യക്ഷമാകുന്നുണ്ട്. മനുഷ്യനിർമിതമല്ലാത്ത ഈ അത്ഭുത കലാസൃഷ്ടി ദൈവത്തിന്റെ കരവേലയെന്ന് വ്യക്തം.

തിരുക്കച്ചയും തിരുമുഖവും തമ്മിൽ രൂപസാദൃശ്യം!

പ്രസിദ്ധ ഐക്കണോഗ്രാഫർ സിസ്റ്റർ ബ്ലെൻഡിയ പാസ്‌ക്കലസ് ഷേണറുടെ 20 വർഷം നീണ്ട ശാസ്ത്രീയ പ~നനിരീക്ഷണങ്ങളാണ് ടൂറിനിലെ തിരുക്കച്ചയും മാനോപ്പെലോയിലെ തിരുമുഖവും തമ്മിലുള്ള രൂപസാദൃശ്യങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവന്നത്. പ്രത്യേകമായി വികസിപ്പിച്ചെടുത്ത നൂതന ഗ്രാഫിക് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രണ്ട് മുഖചിത്രങ്ങളും സൂപ്പർ ഇമ്പോസ് ചെയ്‌തെടുത്ത താരതമ്യ പ~നങ്ങളാണ് ശാസ്ത്രലോകത്തിന് നിഷേധിക്കാനാവാത്തവിധം സിസ്റ്റർ ബ്ലെൻഡിയ വെളിപ്പെടുത്തിയത്.

രണ്ട് ഇമേജുകളും പരസ്പരം അമർത്തിവെച്ച് തയാറാക്കിയ അനാട്ടമിക്കൽ സ്‌കെച്ചുകളും മുഖാകൃതി, വലിപ്പം, താടിയെല്ലിന്റെ സാദൃശ്യം എന്നിവ പൂർണമായി പൊരുത്തപ്പെടുന്നവയാണെന്ന് കണ്ടെത്തി. ഒരേ മുഖത്തിന്റെ രണ്ട് ഭാവങ്ങളാണ് ഈ ഇമേജുകളിൽ പ്രകടമാകുന്നത്. ടൂറിനിലെ തിരുക്കച്ചയിലെ മുഖത്തിൽ ക്ഷതമേൽപ്പിക്കപ്പെട്ട്, ദു$ഖമനുഭവിച്ച് മരണത്തിലേക്ക് കടന്നുപോകുന്ന യേശുവിന്റെ മുഖഭാവം. മാനോപ്പെലോ ചിത്രത്തിൽ ജീവനിലേക്ക് കടന്നുവരുന്ന യേശുവിന്റെ മുഖഭാവം. ഒന്ന് മരണത്തിന്റെ അടയാളങ്ങളും രണ്ടാമത്തേത് ജീവന്റെ അടയാളങ്ങളും. ടൂറിൻ കർത്താവിന്റെ പീഡാസഹനവും കുരിശുമരണവും വെളിപ്പെടുത്തുമ്പോൾമാനോപ്പെലോ യേശുവിന്റെ തിരുവുത്ഥാനത്തിന്റെ മഹത്വം വെളിപ്പെടുത്തുന്ന തെളിവുകളാണ്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?