Follow Us On

03

May

2024

Friday

”ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു!” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ പുറത്ത്

”ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു!” ബെനഡിക്ട് പതിനാറാമന്റെ അവസാന വാക്കുകൾ പുറത്ത്

വത്തിക്കാൻ സിറ്റി: ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു,”- അതായിരുന്നു അന്ത്യശ്വാസം വലിക്കുമുമ്പ്, ക്രിസ്തുവിന്റെ സഭയെ നയിച്ച ബെനഡിക്ട് 16-ാമൻ മൊഴിഞ്ഞ അവസാന വാക്കുകൾ. വത്തിക്കാൻ വൃത്തങ്ങളെ ഉദ്ധരിച്ച്, ‘ലാ നാസിയോൺ’ എന്ന അർജന്റീനിയൻ ദിനപത്രത്തിന്റെ റിപ്പോർട്ടർ എലിസബെറ്റ പിക്വെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ജർമൻ ഭാഷയിലായിരുന്നു ബെനഡിക്ട് 16-ാമന്റെ അവസാന വാക്കുകൾ- ”ജീസസ്, ഇച്ച് ലീബ് ഡിച്ച്”, ”ഈശോയെ, ഞാൻ നിന്നെ സ്‌നേഹിക്കുന്നു” എന്ന് അർത്ഥം.

ഡിസംബർ 31 വത്തിക്കാൻ സമയം രാവിലെ 9.34ന് ‘മാത്തർ എക്ലേസിയ’ ആശ്രമത്തിൽ വെച്ചായിരുന്നു ബെനഡിക്ട് 16-ാമന്റെ വിയോഗം. ബെനഡിക്ട് 16-ാമന്റെ വിയോഗവാർത്ത അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ആർച്ച്ബിഷപ്പ് ജോർജ് ഗാൻസ്വീനിൽ നിന്ന് അറിഞ്ഞയുടൻ ഫ്രാൻസിസ് പാപ്പ ‘മാത്തർ എക്ലേസിയ’ ആശ്രമത്തിൽ എത്തിയെന്നും ‘ലാ നാസിയോൺ’ വെളിപ്പെടുത്തുന്നു. ഡിസംബർ 28ന് ബെനഡിക്ട് 16-ാമൻ രോഗീലേപനം സ്വീകരിച്ചതും തന്റെ മുൻഗാമിക്കുവേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസീസമൂഹത്തോട് അഭ്യർത്ഥിച്ച പാപ്പ അന്നുതന്നെ ബെനഡിക്ട് 16-ാമനെ സന്ദർശിച്ചതും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബെനഡിക്ട് 16-ാമന്റെ മൃതസംസ്‌ക്കാര കർമം ജനുവരി അഞ്ച് വത്തിക്കാൻ സമയം രാവിലെ 9.30നാണ് (CET) നടക്കുക. വത്തിക്കാൻ ചത്വരത്തിൽ നടക്കുന്ന മൃതസംസ്‌ക്കാര ശുശ്രൂഷകൾക്ക് ഫ്രാൻസിസ് പാപ്പ മുഖ്യകാർമികത്വം വഹിക്കുംമെന്നും വത്തിക്കാൻ പ്രസ് അറിയിച്ചു. ജനുവരി രണ്ടു മുതൽ ബെനഡിക്ട് 16-ാമന്റെ ദൗതികദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വെക്കും. മൃതസംസ്‌ക്കാര കർമങ്ങൾ ബെനഡിക്ട് 16-ാമന്റെ ആഗ്രഹപ്രകാരം ലളിതമായിട്ടായിരിക്കുമെന്നും വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?