വത്തിക്കാൻ സിറ്റി: പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന് അന്തിമോപചാരം അർപ്പിക്കാൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് ജനപ്രവാഹം. പൊതുദർശനത്തിന്റെ ആദ്യ ദിനമായ ഇന്നലെ (ജനുവരി രണ്ട്) മാത്രം തങ്ങളുടെ പ്രിയപ്പെട്ട വലിയ ഇടയനെ ഒരുനോക്കു കാണാനും അദ്ദേഹത്തിനുവേണ്ടി പ്രാർത്ഥിക്കാനുമായി ഏതാണ്ട് 65,000 പേർ വത്തിക്കാൻ ബസിലിക്കയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ.
വത്തിക്കാൻ സമയം രാവിലെ 9.00മുതൽ രാത്രി 7.00വരെയായിരുന്നു ആദ്യ ദിനത്തിലെ പൊതുദർശനം. ഇന്നും നാളെയും (ജനുവരി മൂന്ന്, നാല്) രാവിലെ 7.00മുതൽ രാത്രി 7.00വരെയാണ് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 11.30) പൊതുദർശനം.
വത്തിക്കാൻ പ്രസ് ഓഫീസിനെ ഉദ്ധരിച്ച് ‘കാത്തലിക് ന്യൂസ് എജൻസി’യാണ് ആദ്യ ദിനത്തിലെ സന്ദർശകരുടെ എണ്ണം വെളിപ്പെടുത്തിയത്. വിശ്വാസസത്യങ്ങളുടെ ധീരനായ പോരാളിയായി വിശേഷിപ്പിക്കപ്പെടുന്ന ബെനഡിക്ട് 16-ാമന് പ്രണാമം അർപ്പിക്കാൻ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികളുടെ പ്രയാണം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയാ മെലോനി എന്നിവർ ആദ്യ ദിനത്തിൽതന്നെ ബസിലിക്കയിലെത്തി പാപ്പാ എമരിത്തൂസിന് അന്തിമോപചാരം അർപ്പിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വാതിലുകൾ പൊതുദർശനത്തിനായി തുറക്കുന്നതിനും മണിക്കൂറുകൾക്കു മുമ്പേ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആയിരങ്ങൾ വരിയായി കാത്തുനിന്നിരുന്നു.
പാപ്പാ എമരിത്തൂസ് വിശ്രമജീവിതം നയിച്ചിരുന്ന മാത്തർ എക്ലേസിയ മൊണാസ്ട്രിയിൽനിന്ന് ഇന്നലെ രാവിലെ 7.15നാണ് ബസിലിക്കയിലേക്ക് കൊണ്ടുവന്നത്. 2005ൽ ബെനഡിക്ട് 16-ാമൻ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതുമുതൽ മരണംവരെ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറിയായി സേവനം ചെയ്ത ആർച്ച്ബിഷപ്പ് ജോർജ് ഗാൻസ്വന്റെ കാർമികത്വത്തിലായിരുന്നു മൊണാസ്ട്രിയിലെ ശുശ്രൂഷകൾ.
വിലാപയാത്രയായി കൊണ്ടുവന്ന ഭൗതീക ദേഹം സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പ്രധാന അൾത്താരയ്ക്ക് മുന്നിൽ പ്രത്യേകം തയാറാക്കിയ പീഠത്തിലാണ് വെച്ചിരിക്കുന്നത്. ഡിസംബർ 31വത്തിക്കാൻ സമയം രാവിലെ 9.34നായിരുന്നു ബെനഡിക്ട് 16-ാമന്റെ വിയോഗം. മൃതസംസ്‌ക്കാര കർമം ജനുവരി അഞ്ച് രാവിലെ 9.30നു നടക്കും.
Leave a Comment
Your email address will not be published. Required fields are marked with *