വത്തിക്കാൻ സിറ്റി: തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിൽ തനിക്കും അന്ത്യവിശ്രമ സ്ഥാനം ഒരുക്കണമെന്ന പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന്റെ അന്ത്യാഭിലാഷം സഫലമാകുന്നു. ജോൺ പോൾ രണ്ടാമൻ പാപ്പയെ ആദ്യം അടക്കം ചെയ്തിരുന്ന കല്ലറതന്നെയാണ് ബെനഡിക്ട് 16-ാമന് ഒരുക്കിയിരിക്കുന്നതെന്ന് വത്തിക്കാൻ സ്ഥിരീകരിച്ചു. വത്തിക്കാൻ വക്താവ് മത്തിയോ ബ്രൂണി ഇന്നലെയാണ് (ജനുവരി രണ്ട്) ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ നിലവറയിലാണ് കല്ലറയുടെ സ്ഥാനം. 2005 ഏപ്രിൽ എട്ടിന് കാലം ചെയ്ത ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഭൗതികാവശിഷ്ടങ്ങൾ 2011 ഏപ്രിൽ 29വരെ ഇവിടെയാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടുന്നതിനോട് അനുബന്ധിച്ച് തിരുശേഷിപ്പുകൾ 2011 ഏപ്രിൽ 29ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുകൾഭാഗത്തെ കല്ലറയിലേക്ക് മാറ്റുകയായിരുന്നു.
2014ൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടജോൺ 23-ാമനെയും ആദ്യം അടക്കിയിരുന്നത് ഇതേ കല്ലറയിൽതന്നെയാണ്. ഈ കല്ലറയുടെ സമീപത്തു തന്നെയാണ് കത്തോലിക്കാ സഭയുടെ പ്രഥമ പാപ്പയും അപ്പസ്‌തോല പ്രമുഖനുമായ വിശുദ്ധ പത്രോസിന്റെ കല്ലറ സ്ഥിതി ചെയ്യുന്നത്. 2022 ഡിസംബർ 31ന് കാലം ചെയ്ത ബെനഡിക്ട് 16-ാമന്റെ മൃതസംസ്‌ക്കാര കർമം ജനുവരി അഞ്ച് രാവിലെ 9.00നാണ് നടക്കുക. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടക്കുന്ന മൃതസംസ്‌ക്കാര കർമങ്ങളിൽ ഫ്രാൻസിസ് പാപ്പയായിരിക്കും മുഖ്യകാർമികൻ.
Leave a Comment
Your email address will not be published. Required fields are marked with *