Follow Us On

22

December

2024

Sunday

ചരിത്രത്തിൽ ഇടം നേടും ബെനഡിക്ട് 16-ാമന്റെ മൃതസംസ്‌ക്കാരം! അറിയണം ഇക്കാര്യങ്ങൾ

ചരിത്രത്തിൽ ഇടം നേടും ബെനഡിക്ട് 16-ാമന്റെ മൃതസംസ്‌ക്കാരം! അറിയണം ഇക്കാര്യങ്ങൾ

വത്തിക്കാൻ സിറ്റി: ‘വിശ്വാസസത്യങ്ങളുടെ ധീരനായ പോരാളി’ എന്ന് വിശേഷിപ്പിക്കപ്പെട്ട ബെനഡിക്ട് 16-ാമന്റെ മൃതസംസ്‌ക്കാര ശുശ്രൂഷകൾക്ക് സവിശേഷതകൾ നിരവധിയാണ്. ഒരു പാപ്പയുടെ മൃതസംസ്‌ക്കാര കർമത്തിന് മറ്റൊരു പാപ്പ കാർമികത്വം വഹിക്കുന്നു എന്നതുതന്നെ അതിൽ സുപ്രധാനം. ആധുനിക സഭയുടെ ചരിത്രത്തിൽ, കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ 600 വർഷത്തിനിടെ ആദ്യമായാണ് ഇപ്രകാരമൊരു സംഭവം. 1802ൽ പയസ് ആറാമൻ പാപ്പയുടെ മൃതസംസ്‌ക്കാരത്തിന് പയസ് ഏഴാമൻ പാപ്പ കാർമികത്വം വഹിച്ചതാണ് ഇതിനുമുമ്പത്തെ സമാന സംഭവം.

മൃതദേഹ പേടകം അടച്ചു, ആരംഭം ജപമാലയോടെ

ജനുവരി നാല് ബുധനാഴ്ച വൈകീട്ട് മൃതദേഹപേടകം അടയ്ക്കപ്പെട്ടു. ജനുവരി അഞ്ച് വത്തിക്കാൻ സമയം രാവിലെ 8.50ന് പേടകം സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽനിന്ന് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലേക്ക് കൊണ്ടുവരും. വത്തിക്കാൻ സമയം രാവിലെ 8.40ന് അർപ്പിക്കുന്ന ജപമാല പ്രാർത്ഥനയോടെയാണ് മൃതസംസ്‌ക്കാര ശുശ്രൂഷകൾ ആരംഭിക്കുക.

ഫ്രാൻസിസ് പാപ്പയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.00) അർപ്പിക്കുന്ന തിരുക്കർമങ്ങൾക്കുശേഷം പേടകം വത്തിക്കാൻ ബസിലിക്കയുടെ നിലവറയിലേക്ക് മാറ്റും. അവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. മറ്റ് തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുമെങ്കിലും കബറിടത്തിന് സമീപം നടക്കുന്ന അവസാനഘട്ട തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കില്ല.

അധികാരവടിയും കുരിശും അടക്കം ചെയ്യില്ല!

ഭരണത്തിലിരിക്കേ കാലം ചെയ്ത പാപ്പാമാരുടെ മൃതസംസ്‌ക്കാര തിരുക്കർമങ്ങൾക്ക് ഏതാണ്ട് സമാനമായിരിക്കും പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമന്റെയും മൃതസംസ്‌ക്കാരം. എന്നാൽ, ചില കാര്യങ്ങൾ ഉണ്ടാകില്ലെന്ന് വത്തിക്കാൻ വെളിപ്പെടുത്തി. സാധാരണപോലെ, അധികാരവടിയും കുരിശും മൃതദേഹ പേടകത്തിനുള്ളിൽ അടക്കം ചെയ്യില്ല എന്നതാണ് അതിൽ പ്രധാനം.

എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ നിർമിതമായ ചില മെഡലുകളും അദ്ദേഹത്തിന് ലഭിച്ച പാലിയങ്ങളും പേടകത്തിൽ അടക്കം ചെയ്യും. കൂടാതെ, ബെനഡിക്ട് 16-ാമന്റെ ഭരണകാലത്തെ കുറിച്ചുള്ള ലഘു വിവരണവും ഒരു ലോഹ സിലിണ്ടറിലാക്കി പേടകത്തിൽ നിക്ഷേപിക്കും.

തിരുക്കർമങ്ങളിൽ അഞ്ച് ഭാഷകൾ

മൃതസംസ്‌ക്കാര കർമത്തിനായുള്ള പ്രത്യേക പ്രാർത്ഥനാ പുസ്തകം വത്തിക്കാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൊതുവായ പ്രാർത്ഥനകൾ ലാറ്റിൻ ഭാഷയിലായിരിക്കും. എന്നാൽ ഒന്നാം വായന സ്പാനിഷിലും രണ്ടാം വായന ഇംഗ്ലീഷിലും സുവിശേഷ വായന ഇറ്റാലിയനിലുമായിരിക്കും. വിശ്വാസികളുടെ പ്രാർത്ഥനയ്ക്കുള്ള മറുപടികൾ ജർമൻ ഭാഷയിലാണ്.

അന്ത്യയാത്രയ്ക്ക് അതേ ചുവന്ന കുപ്പായം!

ഓസ്‌ട്രേലിയയിലെ ലോക യുവജന സംഗമവേദിയിൽ അണിഞ്ഞ അതേ ചുവന്ന കുർബാന കുപ്പായം അണിഞ്ഞുകൊണ്ടാണ് പാപ്പാ എമരിത്തൂസ് ബെനഡിക്ട് 16-ാമൻ അവസാന യാത്ര.

വിശുദ്ധ ജോൺപോൾ രണ്ടാമന്റെ കല്ലറയിൽ,  വിശുദ്ധ പത്രോസിന്റെ ചാരേ!

ജോൺ പോൾ രണ്ടാമൻ പാപ്പയെ ആദ്യം അടക്കം ചെയ്തിരുന്ന കല്ലറതന്നെയാണ് ബെനഡിക്ട് 16-ാമന് ഒരുക്കിയിരിക്കുന്നത്. തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിൽ തനിക്കും അന്ത്യവിശ്രമ സ്ഥാനം ഒരുക്കണമെന്ന ബെനഡിക്ട് 16-ാമന്റെ അന്ത്യാഭിലാഷം പരിഗണിച്ചാണ് ഈ നടപടി.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയുടെ ഭൗതികാവശിഷ്ടങ്ങൾ 2011 ഏപ്രിൽ 29വരെ ഇവിടെയാണ് ഉണ്ടായിരുന്നത്. പിന്നീട് തിരുശേഷിപ്പുകൾ ബസിലിക്കയുടെ മുകൾഭാഗത്തെ കല്ലറയിലേക്ക് മാറ്റുകയായിരുന്നു. ഈ കല്ലറയുടെ സമീപത്തു തന്നെയാണ് പ്രഥമ പാപ്പയും അപ്പസ്‌തോല പ്രമുഖനുമായ വിശുദ്ധ പത്രോസിന്റെ കല്ലറ.

ഔദ്യോഗിക ക്ഷണം രണ്ട് രാജ്യങ്ങൾക്ക്

ഇറ്റലി, ബെനഡിക്ട് 16-ാമന്റെ ജന്മദേശമായ ജർമനി എന്നീ രാജ്യങ്ങളെ മാത്രമേ മൃതസംക്കാര കർമത്തിലേക്ക് വത്തിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചിട്ടുള്ളൂ. ബെനഡിക്ട് 16-ാമന്റെ ആഗ്രഹപ്രകാരം മൃതസംസ്‌ക്കാര കർമം ലളിതമായിരിക്കുമെന്ന് വത്തിക്കാൻ മുമ്പേ വെളിപ്പെടുത്തിയിരുന്നു. ഇതു കണക്കിലെടുത്താവാം ഒരുപക്ഷേ, ബെനഡിക്ട് 16-ാമന്റെ ജീവിതവുമായി വളരെ അടുത്ത് ബന്ധമുള്ള ഈ രണ്ട് രാജ്യങ്ങളെ മാത്രം ക്ഷണിച്ചത്. എന്നാൽ, നിരവധി രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധി സംഘത്തിന്റെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?