അത്ഭുതത്തോടെയല്ലാതെ വായിച്ചു തീർക്കാനാവില്ല ജോഷ്വാ സുബി എന്ന 13 വയസുകാരന്റെ ജീവിതം. കാൻസർ രോഗത്തിന്റെ കഠിന യാതനകളെ ദിവ്യകാരുണ്യ ഈശോയിൽ ആശ്രയംവെച്ച് പുഞ്ചിരിയോടെ സ്വീകരിച്ച ജോഷ്വാ (2019- 2022) ഈ ലോകത്തുനിന്ന് യാത്രയായെങ്കിലും, ആ അത്ഭുത ബാലനും അവന്റെ മാതാപിതാക്കളും പങ്കുവെച്ച ജീവിതസാക്ഷ്യം ദിനങ്ങൾ പിന്നിടുന്തോറും അനേകർക്ക് പ്രചോദനമാകുകയാണ്.
ഓസ്‌ട്രേലിയയിലെ മലയാളികൾക്കിടയിൽ വിശിഷ്യാ, പ്രവാസി കത്തോലിക്കർക്കിടയിൽ ഇന്ന് സുപരിചിത നാമമാണ് ജോഷ്വാ സുബി. കോളജ് പഠനകാലത്ത് ക്രിസ്തുവിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞ് ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രിസ്തീയ വിശ്വാസം സ്വീകരിച്ച ജയശ്രീ- സുബി ദമ്പതികളുടെ മകനായി ഓസ്‌ട്രേലിയയിലാണ് ജോഷ്വാ ജനിച്ചത്, 2009ൽ. മാതാപിതാക്കളുടെ അനുകരണീയ മാതൃകയാൽ കുട്ടിക്കാലത്തുതന്നെ ഈശോയെയും ദൈവമാതാവിനെയും ജോഷ്വാ ജീവന്റെ ജീവനാക്കി.
2018ൽ ഒമ്പത് വയസുള്ളപ്പോഴാണ് ജോഷ്വാ കാൻസർ ബാധിതനാണെന്ന നടുക്കുന്ന വിവരം മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. എന്നും ദൈവഹിതത്തിന് വിധേയപ്പെട്ടിട്ടുള്ള ആ ദമ്പതികൾ അധൈര്യരായില്ല, എത്രയും പെട്ടെന്ന് ജോഷ്വായെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുക്കുകയായിരുന്നു അവർ. ദിവസങ്ങൾക്കകം പരിശീലനം പൂർത്തിയാക്കി അവൻ ആദ്യമായി ഈശോയെ നാവിൽ രുചിച്ചറിഞ്ഞു! അവരുടെ കുടുംബത്തിലെ ഏറ്റവും സന്തോഷകരമായ ദിനമായിരുന്നു അന്ന്.
ദിനങ്ങൾക്കകം താൻ കാൻസർ ബാധിതനാണെന്ന് തിരിച്ചറിഞ്ഞ ജോഷ്വാ മാതാപിതാക്കളോട് പറഞ്ഞ വാക്കുകൾ ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു: ‘ഇത് എന്നിൽ നിന്ന് മറച്ചുവെക്കേണ്ട, ദൈവം നമ്മോടൊപ്പമുണ്ട്, അവിടുന്ന് എല്ലാം നോക്കിക്കൊള്ളും.’ തന്റെ ചികിത്സാകാലം ക്ലേശകരമായിരിക്കുമെന്ന് ജോഷ്വായ്ക്ക് അറിയാമായിരുന്നു. എന്നാൽ ദൈവത്തിൽനിന്ന് അണുവിട വ്യതിചലിച്ചില്ല അവൻ. കീമോതെറാപ്പിയുടെ പാർശ്വഫലങ്ങളാൽ അസ്വസ്ഥനായപ്പോളും ഈശോ കൂടെയുണ്ടെന്ന വിശ്വാസം അവനെ ശക്തനാക്കി.
എല്ലാ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കാൻ ജോഷ്വാ ഉത്സുകനായിരുന്നു. ആശുപത്രിയിൽ ആയിരിക്കുമ്പോഴും അതിൽ മാറ്റമുണ്ടായില്ല. ജോഷ്വായുടെ ആഗ്രഹം മനസിലാക്കി ഫാ. തോമസ് മങ്കുത്തേൽ വി.സി എല്ലാ ദിവസവും ദിവ്യകാരുണ്യവുമായി ആശുപത്രിയിൽ എത്തുമായിരുന്നു. ‘ദിവ്യകാരുണ്യത്തോട് ജോഷ്വാ പ്രകടിപ്പിച്ച സ്‌നേഹം അത്ഭുതകരമാണ്. ദിവ്യകാരുണ്യ സ്വീകരണം ശാരീരിക തളർച്ചകളെ അതിജീവിക്കാൻ അവനെ സഹായിച്ചു എന്നാണ് എന്റെ വിശ്വാസം. എപ്പോഴും ഈശോയോടൊപ്പം ആയിരിക്കാനുള്ള അവന്റെ ആഗ്രഹം അത്ഭുതാവഹമായിരുന്നു,’ ഫാ. തോമസ് വെളിപ്പെടുത്തി.
കീമോതെറാപ്പിയിലൂടെ കടന്നുപോകുമ്പോഴും ജോഷ്വാ സന്തോഷവാനായിരുന്നു. രോഗം തന്റെ ശുദ്ധീകരണത്തിന്റെ സമയമാണെന്നായിരുന്നു അവന്റെ വിശ്വാസം. വൈദ്യശാസ്ത്രം കൈയൊഴിഞ്ഞതോടെ 2021 മേയിൽ അവനെ വീട്ടിലേക്ക് കൊണ്ടുവന്നു. ഏതാണ്ട്, ഒരു മാസം കഴിഞ്ഞപ്പോഴേക്കും അരക്കെട്ടിന് താഴേക്ക് തളർന്ന അവസ്ഥയിലായി ജോഷ്വാ. മകന്റെ വേദനയിൽ കണ്ണീരൊഴുക്കിയ മാതാപിതാക്കളെ ധൈര്യപ്പെടുത്തിയതു ജോഷ്വാതന്നെയാണെന്നതും ആരെയും അത്ഭുതപ്പെടുത്തും.
‘സാരമില്ല, ദൈവം നമ്മോടൊപ്പമുണ്ട്. അവിടുന്ന് നമ്മെ കാത്തുകൊള്ളും,’ മാതാപിതാക്കൾ സങ്കടപ്പെടുമ്പോഴെല്ലാം ജോഷ്വാ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞിരുന്ന വാക്കുകളാണിത്. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കാൻ സാധിച്ചിരുന്നെങ്കിലും ദിവ്യബലിയിൽ പങ്കെടുക്കാൻ സാധിക്കാത്തത് അവനെ ദുഃഖിതനാക്കി. ഇത് മനസിലാക്കി, മാതാപിതാക്കൾ നടത്തിയ അഭ്യർത്ഥന പ്രകാരം പെർത്ത് സെന്റ് മേരീസ് കത്തീഡ്രൽ വികാരി ഫാ. സീൻ അവരുടെ വീട്ടിൽ ദിവ്യബലി അർപ്പിച്ചു.
ആ കുഞ്ഞിന്റെ വിശ്വാസതീക്ഷ്ണതയെ കുറിച്ച് അറിഞ്ഞ പെർത്ത് ആർച്ച്ബിഷപ്പ് തിമോത്തി കോസ്റ്റലോ, ജോഷ്വയുടെ ജന്മദിനമായ 2022 ഡിസംബർ ആറിന് ദിവ്യബലി അർപ്പിക്കാൻ വീട്ടിലെത്താമെന്ന് അറിയിച്ചു. എന്നാൽ 13-ാം ജന്മദിനത്തിന്റെ തലേദിനം രാത്രി അവന്റെ ആരോഗ്യസ്ഥിതി വഷളായി, പുലർച്ചെ 5.00ന് ജോഷ്വാ നിത്യസമ്മാനിതനായി. ജന്മദിനത്തിന് ഒരാഴ്ച മുമ്പ്, ‘എന്റെ ജന്മദിനത്തിൽ ദൈവം എന്നെ സുഖപ്പെടുത്തും,’ എന്ന് ജോഷ്വ പറഞ്ഞിരുന്നു. അതുപോലെതന്നെ, സ്വർഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ദൈവം അവന് ശാശ്വത സൗഖ്യമേകി!
ജോഷ്വയുടെ മൃതസംസ്‌കാരവും വിശ്വാസപ്രഘോഷണ വേദിയായി എന്നതും മറ്റൊരു അത്ഭുതം. ജോഷ്വായുടെ ജീവിതത്തിന്റെയും ആഴമായ വിശ്വാസത്തിന്റെയും മാത്രമല്ല അവനിലൂടെ അനേകർക്ക് ലഭിച്ച അനുഗ്രഹങ്ങളുടെയും ആഘോഷമായിരുന്നു ആ മൃതസംസ്‌ക്കാര കർമം. യുവജനങ്ങൾക്ക് എങ്ങനെ വിശുദ്ധരാകാൻ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ജോഷ്വയുടെ ജീവിതം. പരീക്ഷണങ്ങളിലും കഷ്ടപ്പാടുകളിലും ദിവ്യകാരുണ്യ ഈശോയോട് ചേർന്നുനിന്നാൽ അവിടുന്ന് എപ്രകാരം ശക്തിപകരുമെന്ന് സാധാരണക്കാരനായ ഈ അസാധാരണ ബാലൻ തെളിയിച്ചിരിക്കുന്നു!
Leave a Comment
Your email address will not be published. Required fields are marked with *