Follow Us On

23

November

2024

Saturday

ഫ്രാൻസിസ് പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും;  കാത്തിരിപ്പുകൾ സാഫല്യത്തിലേക്ക്…

ഫ്രാൻസിസ് പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും;  കാത്തിരിപ്പുകൾ സാഫല്യത്തിലേക്ക്…

ജൂബ: അടുത്ത വർഷം ഭാരതം സന്ദർശിക്കാനുള്ള പദ്ധതി വെളിപ്പെടുത്തി ഫ്രാൻസിസ് പാപ്പ. സൗത്ത് സുഡാനിലെ പേപ്പൽ പര്യടനം പൂർത്തിയാക്കി വത്തിക്കാനിലേക്ക് മടങ്ങവേ പേപ്പൽ ഫ്‌ളൈറ്റിൽവെച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. കാര്യങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ മുന്നോട്ടുപോയാൽ, ഭാരതത്തിൽ പര്യടനത്തിന് എത്തുന്ന മൂന്നാമത്തെ കത്തോലിക്കാ സഭാ അധ്യക്ഷനാകും ഫ്രാൻസിസ് പാപ്പ.

‘അടുത്ത വർഷം ഇന്ത്യയിൽ പര്യടനം നടത്താനാകുമെന്നാണ് കരുതുന്നത്. സെപ്റ്റംബർ 29ന് ഞാൻ മാർസെയിലിലേക്ക് പോകും, അവിടെനിന്ന് മംഗോളിയയിലേക്ക് പോകണമെന്നാണ് ആഗ്രഹം. ഇതുവരെ തീരുമാനമായിട്ടില്ല, പക്ഷേ, അത് സാധ്യമാണ്,’ തന്റെ ഭാവി യാത്രാ പദ്ധതികളെക്കുറിച്ച് പാപ്പ പങ്കുവെച്ചു. ഈ വർഷം ലോക യുവജന ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബൺ സന്ദർശിക്കാനുള്ള ആഗ്രഹവും പാപ്പ വെളിപ്പെടുത്തി.

2021 ഒക്ടോബറിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാൻ സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് ഔദ്യോഗിക ക്ഷണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാരതസഭ കാത്തുകാത്തിരിക്കുന്ന പേപ്പൽ പര്യടനം അധികം വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ വിശ്വാസീസമൂഹം. പാപ്പയെ സന്ദർശിച്ചശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

‘ഫ്രാൻസിസ് പാപ്പയുമായി വളരെ ഊഷ്മളമായ കൂടിക്കാഴ്ച നടത്തി. അദ്ദേഹവുമായി നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാൻ അവസരം ലഭിച്ചു, കൂടാതെ ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചിട്ടുമുണ്ട്,’ സന്ദർശനത്തിനുശേഷം പ്രധാനമന്ത്രി ചിത്രങ്ങൾ സഹിതം ഇക്കാര്യം ട്വീറ്റ് ചെയ്തതും ശ്രദ്ധേയമായിരുന്നു. പോൾ ആറാമൻ പാപ്പയും (1964) വിശുദ്ധ ജോൺ പോൾ രണ്ടാമനുമാണ് (1986ലും 1999ലും) ഭാരതത്തിൽ പര്യടനം നടത്തിയിട്ടുള്ള കത്തോലിക്കാ സഭാ തലവന്മാർ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?