വത്തിക്കാൻ സിറ്റി: ഭൂകമ്പം കശക്കിയെറിഞ്ഞ തുർക്കിയിലെയും സിറിയയിലെയും ജനങ്ങളെപ്രതി അതീവ ദുഃഖിതനായി, ദുരന്തബാധിതരെ തന്റെ ആത്മീയ സാന്നിധ്യം അറിയിച്ച് ഫ്രാൻസിസ് പാപ്പ. ദുരന്തത്തിന് ഇരയായവർക്ക് തന്റെ പ്രാർത്ഥനയും സാമീപ്യവും ഉറപ്പുനൽകി ഇരുരാജ്യങ്ങളിലെയും അപ്പോസ്തോലിക ന്യൂൺഷ്യോമാർക്ക് ടെലഗ്രാം സന്ദേശം അയക്കുകയായിരുന്നു പാപ്പ. ശക്തമായ ഭൂകമ്പത്തിൽ അനവധി ജീവനുകൾ നഷ്ടപ്പെട്ടതിനെപ്രതിയുള്ള സങ്കടവും പാപ്പ ടെലഗ്രാമിലൂടെ പങ്കുവെച്ചു.
ദുരന്തത്തിൽ മരിച്ചവരെ സർവശക്തന്റെ സ്നേഹനിർഭരമായ കാരുണ്യത്തിന് ഭരമേൽപ്പിച്ച പാപ്പ, അവരുടെ നഷ്ടത്തിൽ വിലപിക്കുന്നവരെ അനുശോചനം അറിയിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടിയും പാപ്പ പ്രാർത്ഥിച്ചു: ‘പരിക്കേറ്റവരെ പരിചരിക്കുന്നതിലും തുടർന്നുവരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ദൈവികമായ ധൈര്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ദാനങ്ങളാൽ അവർ പ്രചോദിതരാകട്ടെ.’
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ മുഖേനയാണ് പാപ്പ ഇരുരാജ്യങ്ങളിലെയും ന്യൂൺഷ്യോമാർക്ക് ടെലിഗ്രാം അയച്ചത്. ഫെബ്രുവരി ആറിന് പുലർച്ചെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണസംഖ്യ കുതിച്ചുയരുകയാണ്. സിറിയയിലും തുർക്കിയിലുമായി മരണപ്പെട്ടവരുടെ എണ്ണം 4800 പിന്നിട്ടു. 15,000ൽപ്പരം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് 5000ൽപ്പരം കെട്ടിടങ്ങൾ നിലംപൊത്തി.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നൂറുകണക്കിനാളുകൾ കുടുങ്ങികിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്തുടനീളം രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരും എന്നാണ് റിപ്പോർട്ടുകൾ. ഫാ. ഇമാദ് ദാഹർ എന്ന കത്തോലിക്കാ വൈദീകനും സിറിയയിൽ മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് സന്നദ്ധ സംഘടനയായ ‘എയിഡ് ടു ദ ചർച്ച് ഇൻ നീഡ്’ അറിയിച്ചു.
ലോകമെമ്പാടുനിന്നും രക്ഷാപ്രവർത്തകർ ദുരിതമേഖലയിലേക്ക് പ്രവഹിക്കുകയാണ്. നിരവധി രാജ്യങ്ങളും ഇതിനകംതന്നെ സഹായങ്ങളും വാഗ്ദാനം ചെയ്തുകഴിഞ്ഞു. യു.എസ്, ബ്രിട്ടൻ, ഇസ്രായേൽ, സ്വീഡൻ, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ നിന്ന് വാഗ്ദാനം ചെയ്ത സഹായത്തോടൊപ്പം യൂറോപ്യൻ യൂണിയൻ ഈ മേഖലയിലേക്ക് രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. അയൽരാജ്യമായ ഗ്രീസും തങ്ങളുടെ വിഭവശേഷിക്കനുസരിച്ച് സഹായങ്ങൾ ഒരുക്കുന്നുണ്ട്.
1939ൽ ഉണ്ടായ ഭൂചലനത്തിനുശേഷം രാജ്യത്തെ ബാധിച്ച ഏറ്റവും വലിയ ദുരന്തമാണിതെന്ന് തുർക്കി പ്രസിഡന്റ് തയീപ് ഏർദോഗൻ പറഞ്ഞു. അന്ന് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 32,000ൽപ്പേരാണ് മരണപ്പെട്ടത്, 100,000ത്തിൽപ്പരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *