Follow Us On

23

January

2025

Thursday

ബെനഡിക്ട് 16-ാമന്റെ വാക്കുകൾ പ്രചോദനമായി,  പ്രതിശ്രുതവരന്റെ വിയോഗത്തിൽ വേദനിച്ചിരുന്ന വെറോനിക്ക ഇന്ന് സിസ്റ്റർ മരിയ വിറ്റ

ബെനഡിക്ട് 16-ാമന്റെ വാക്കുകൾ പ്രചോദനമായി,  പ്രതിശ്രുതവരന്റെ വിയോഗത്തിൽ  വേദനിച്ചിരുന്ന വെറോനിക്ക ഇന്ന് സിസ്റ്റർ മരിയ വിറ്റ

വിയന്ന: സാധാരണക്കാരിയായ ഒരു പെൺകുട്ടിയെ കുറിച്ചുള്ള ദൈവഹിതം സാധ്യമാകാൻ ആഗോള സഭയുടെ തലവനായിരുന്ന ബെനഡിക്ട് 16-ാമൻ പാപ്പയെ ദൈവം ഉപകരണമാക്കി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? വിശ്വസിച്ചേ പറ്റൂ, അതിന് തെളിവാണ് വെറോനിക്കയിൽനിന്ന് സിസ്റ്റർ മരിയ വിറ്റയായി തിരുസഭയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്ന ജർമൻ സ്വദേശിയായ ഈ യുവസന്യാസിനിയുടെ ജീവിതകഥ.

അത്ഭുതപ്പെടണ്ട, മനുഷ്യന്റെ പദ്ധതികൾ പോലെയല്ലല്ലോ ദൈവപദ്ധതികൾ. ദൈവം ആഗ്രഹിക്കുന്നതിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന വഴികൾ ചിലപ്പോൾ അത്ഭുതാവഹവുമായിരിക്കും. അപ്രകാരമൊരു വഴിയൊരുക്കലിന്റെ ഭാഗമായിരുന്നു ബെനഡിക്ട് 16-ാമനുമായുള്ള വേറോനിക്കയുടെ കൂടിക്കാഴ്ച. അവിചാരിതമായി സംഭവിച്ച ആ കൂടിക്കാഴ്ചയാണ് വെറോനിക്കയെ ‘ബെത്‌ലഹേം സിസ്റ്റേഴ്‌സ് ഇൻ സെന്റ് ജൊഹാൻ’ സഭാംഗമാക്കി മാറ്റിയത്.

ഒരിക്കൽ വിവാഹത്തിനുവേണ്ടി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ മണവാട്ടിയായിരുന്നു വെറോനിക്ക മാർട്ടൺ. 2016 ഓഗസ്റ്റ് 20 ആണ് വിവാഹദിനമായി നിശ്ചയിച്ചത്. കുടുംബജീവിതം സ്വപ്‌നംകണ്ട് കഴിഞ്ഞ ആ നാളുകളിലാണ് ഇടിത്തീപോലെയുണ്ടായ ഒരു കാർ അപകടം അവളുടെ ഭാവി വരന്റെ ജീവൻ അപഹരിച്ചത്, 2016 ജനുവരി 25ന്. സകല സ്വപ്‌നങ്ങളും പൊലിഞ്ഞ അവൾക്ക് ഭാവി ജീവിതത്തെ കുറിച്ചുള്ള ഓർമപോലും ദുസ്വപ്‌നമായി.

വിവാഹം ആശീർവദിക്കപ്പെടേണ്ടിയിരുന്ന ഓഗസ്റ്റ് 20 അടുത്തെത്തിയപ്പോഴാണ്, അന്നേ ദിനം പ്രാർത്ഥനാപൂർവം ചെലവിടാൻ റോമിലെത്തണമെന്ന ചിന്ത അവൾക്കുണ്ടായത്. അവളുടെ ആവശ്യപ്രകാരം സുഹൃത്തായ ഇൻഗ്രിഡ് വാഗ്‌നറും യാത്രയ്‌ക്കൊരുങ്ങി. ജീവിതത്തിലെ ഏറ്റവും ക്ലേശകരമായ ദിനങ്ങളിലൂടെ കടന്നുപോകുന്ന വെറോനിക്കയെ എങ്ങനെ ആശ്വസിപ്പിക്കാനാകും എന്നായിരുന്നു അവളുടെ ചിന്ത.

ആ ചിന്തയാണ്, ബെനഡിക്ട് 16-ാമനെ നേരിൽ കാണാനുള്ള ശ്രമങ്ങൾക്ക് കാരണമായത്. സാധാരണഗതിയിൽ അസാധ്യമെന്നുതന്നെ പറയാവുന്നതിനാൽ ഇക്കാര്യം വെറോനിക്കയോട് അവൾ പറഞ്ഞിരുന്നില്ല. പക്ഷേ, തന്റെ സുഹൃത്തായ വൈദീകൻ നൽകിയ പേപ്പൽ വസതിയുടെ വിലാസത്തിൽ അവൾ ഒരു കത്ത് അയച്ചു. വെറോനിക്കയുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു കത്ത്.

അധികനാൾ കഴിയുംമുമ്പേ വത്തിക്കാനിലേക്ക് ക്ഷണിച്ചുകൊണ്ട് ബെനഡിക്ട് 16-ാമന്റെ മറുപടി വന്നു. അങ്ങനെ ഇരുവരും 2016 ഓഗസ്റ്റ് 20ന് പേപ്പൽ വസതിയായ മാത്തർ എക്ലേസിയയിലെത്തി. പാപ്പയുടെ ദിവ്യബലിയിൽ പങ്കെടുക്കാനും ഒരുമിച്ച് പ്രാർത്ഥിക്കാനും ലഭിച്ച അവസരം വെറോനിക്കയ്ക്ക് വലിയ ആശ്വാസമാണ് നൽകിയത. കത്തോലിക്കാ സംഘടനയുടെ ഭാഗമായി വെറോനിക്ക നടത്തിയിരുന്ന ശുശ്രൂഷകളെ കുറിച്ച് അറിഞ്ഞത് പാപ്പയെയും സന്തോഷിപ്പിച്ചു.

സങ്കടങ്ങളുടെ നടുവിൽ കുരിശിലേക്ക് നോക്കി ആശ്വാസവും ശക്തിയും നേടണമെന്ന ബെനഡിക്ട് 16-ാമന്റെ വാക്കുകൾ അവളുടെ ഹൃദയം നിറയ്ക്കുന്നതായിരുന്നു. ‘വെറോനിക്ക, നിനക്ക് ഇന്ന് ക്ലേശകരമായ ദിവസമാണ്. ഒരോ വ്യക്തിയുടെയും ജീവിതത്തിൽ ദൈവസ്‌നേഹത്തിൽ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുള്ള സമയങ്ങളുണ്ട്,’ എന്ന വാക്കുകൾ പറഞ്ഞുകൊണ്ടാണ് തന്റെ സമീപമുണ്ടായിരുന്ന കുരിശിലേക്ക് ബെനഡിക്ട് 16-ാമൻ വിരൽ ചൂണ്ടിയത്.

പാപ്പയുടെ വാക്കുകൾ പകർന്ന പുതിയ പ്രത്യാശയുമായി നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് തന്നെക്കുറിച്ചുള്ള ദൈവഹിതത്തെ കുറിച്ച് വെറോനിക്ക സധൈര്യം ചിന്തിച്ചത്. അതിൽനിന്ന് ലഭിച്ച ബോധ്യങ്ങൾ അധികം താമസിയാതെ അവളെ സന്യാസജീവിതം തിരഞ്ഞെടുക്കാൻ പ്രചോദിപ്പിക്കുകയായിരുന്നു. ‘ബെത്‌ലഹേം സിസ്റ്റേഴ്‌സ് ഇൻ സെന്റ് ജൊഹാൻ’ സന്യാസിനീ സഭയിലെ ഭാംഗമായ സിസ്റ്റർ മരിയ വിറ്റ ഇപ്പോൾ ഓസ്ട്രിയയിലാണ് ശുശ്രൂഷ ചെയ്യുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?