‘പ്രലോഭകൻ സൂത്രശാലിയാണ്. അവൻ നമ്മെ തിന്മയിലേക്ക് നേരിട്ട് ക്ഷണിക്കാറില്ല, മറിച്ച് വ്യാജമായ നന്മയിലേക്ക് ക്ഷണിക്കും. നിങ്ങളുടെ ശക്തിയാൽ എല്ലാം നേടിയെടുക്കുക എന്നവൻ നിരന്തരം പറയും. അങ്ങനെ, ദൈവം അപ്രധാനമാകുന്നു. ചിലർക്കാകട്ടെ ചില ലക്ഷ്യങ്ങൾ നേടിയെടുക്കാനുള്ള വെറുമൊരു മാർഗം മാത്രമായി മാറുന്നു ദൈവം.’
(ബെനഡിക്ട് 16-ാമൻ പാപ്പ, 17ഫെബ്രുവരി 2013).
മരുഭൂമിയിലെ പരീക്ഷയിൽ നരകലോകത്തിന്റെ പരാജയം ദയനീയമായിരുന്നു. കാര്യങ്ങൾ അപഗ്രഥിക്കാൻ ലൂസിഫർ വളരെ പെട്ടെന്ന് ഒരടിയന്തര യോഗം വിളിച്ചുകൂട്ടി. ഇനിമുതൽ ഇത്തരം അബദ്ധങ്ങൾ പറ്റരുത്. എന്തായാലും ദൈവപുത്രനെ നേരിട്ടു പരീക്ഷിക്കില്ല എന്ന തീരുമാനമെടുത്തു. അതുകൊണ്ടുമാത്രം കാര്യമായില്ലല്ലോ. പരാജയ കാരണം എന്താണ്? തുടർ പദ്ധതികൾ എന്താണ്?
ചിലർ പറഞ്ഞു: ഉപയോഗിച്ച വചനങ്ങൾ ശരിയായില്ല. തിരിച്ചടി ഇത്രയും ശക്തമെന്നറിഞ്ഞെങ്കിൽ കുറെക്കൂടി ശക്തമായ വചനങ്ങൾ ഉപയോഗിക്കാമായിരുന്നു. മറ്റു കൂട്ടർ പറഞ്ഞു: അപ്പമുണ്ടാക്കുക, ദൈവാലയത്തിന്റെ മുകളിൽനിന്നു ചാടുക. ഇതൊന്നും ദൈവപുത്രനെതിരെ ഉപയോഗിക്കാവുന്ന പ്രലോഭനങ്ങൾ അല്ലേയല്ല.
ഇതിനിടെ പല ദൗത്യവും വിജയിപ്പിച്ചിട്ടുള്ള ന്യൂജെൻ പിശാച് പറഞ്ഞു: ‘എന്നെ ആരാധിക്കുക എന്ന പ്രലോഭനം നേരിട്ട് ഇനി ഒരിക്കലും പറയേണ്ട. മറിച്ച്, അപ്പം നേടാനും പെരുമ വർദ്ധിപ്പിക്കാനും പിശാചിന്റെ സഹായം തേടുക. ഈ പ്രലോഭനം മതി. ആദ്യം മനുഷ്യർ നമ്മുടെ ദാസരാകട്ടെ. പതുക്കെപ്പതുക്കെ അവർ നമ്മെ ആരാധിക്കാൻ തുടങ്ങും.’
എല്ലാവർക്കും ഇഷ്ടമായി ഈ നിർദേശം. ലൂസിഫർ തന്റെ നയംമാറ്റം പ്രഖ്യാപിച്ചു: അപ്പം നേടാനും പെരുമ വർദ്ധിപ്പിക്കാനും മാത്രമല്ല മറ്റ് എന്തു നേടാനും പിശാചിനെ ഉപയോഗിക്കൂ, അങ്ങനെ നമ്മുടെ ലോകം വിസ്തൃതമാക്കാം! സൂത്രശാലി!
Leave a Comment
Your email address will not be published. Required fields are marked with *