Follow Us On

24

December

2024

Tuesday

ഉറക്കത്തിലെ ശല്യക്കാരി!

ഉറക്കത്തിലെ ശല്യക്കാരി!

‘സഭയിലെ ആലസ്യം വലിയൊരു പ്രതിസന്ധിയാണ്. മന്ദതയും ജഡത്വവും കാര്യമായുണ്ട്. ഉണർന്നിരിക്കാൻ പ്രയാസം. അതുകൊണ്ടുതന്നെ, എന്തെങ്കിലും സ്ഥാനമോ സാധനമോ കിട്ടിയാൽ പിന്നെ അവിടെനിന്നും ഒരടി മുന്നോട്ടുവയ്ക്കില്ല. നന്മയ്ക്കുവേണ്ടിയുള്ള വിശ്രമരഹിതമായ അധ്വാനം അവൾ നടത്തണം. അങ്ങനെ, രക്ഷകന്റെ സഹനങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങാൻ തയാറാകണം. സഭ സുഖകരമായി വിശ്രമിക്കുമ്പോൾ അവളുടെ വിശ്വാസ്യത നഷ്ടമാകുന്നു.’

(ബെനഡിക്ട് 16-ാമൻ പാപ്പ, ഭൂമിയുടെ ഉപ്പ്, 2012)

ആദിപാപം മനുഷ്യനിൽ ഏൽപ്പിച്ച ആഘാതങ്ങളിലൊന്നാണ് മയക്കം, പാപത്തിലുള്ള മയക്കം. ഈ മയക്കത്തിൽനിന്ന് മാനവരാശിയെ എഴുന്നേൽപ്പിക്കാനാണ് ദൈവപുത്രന്റെ ആഗമനം. പൗലോസ് ശ്ലീഹായുടെ വാക്കുകളെ ഉച്ചരിച്ച് വിശുദ്ധ എഫ്രേം ഇപ്രകാരം ധ്യാനിക്കാറുണ്ടായിരുന്നു: ‘ഉറങ്ങുന്നവനേ ഉണരുക, മരിച്ചവരിൽനിന്ന് എഴുന്നേൽക്കുക, ക്രിസ്തു നിന്റെമേൽ പ്രകാശിക്കും,’ (എഫേ. 5:14).

ഒരുതരം മയക്കത്തിലാണ് മനുഷ്യനിന്ന്. ആത്മീയ മന്ദതയുടെയും ആലസ്യത്തിന്റെയും ഉറക്കം. മനുഷ്യന്റെ ഇത്തരം ഉറക്കത്തിൽനിന്നും ഉണർത്താനുള്ള ദൗത്യമാണ് സഭയുടേത്. ഈ ദൗത്യത്തെ വിശുദ്ധ അഗസ്റ്റിൻ അവതരിപ്പിക്കുന്നതിങ്ങനെയാണ്: ‘നിനക്കു മോശമായി ജീവിച്ചു നശിക്കണം. അതനുവദിക്കാൻ എനിക്കനുവാദമില്ല. അതിനാൽ, നിന്റെ രക്ഷയ്ക്കായി നിന്നെ ശാസിക്കേണ്ടതായുണ്ട്. നിനക്കതു ഇഷ്ടമാകില്ലെന്നറിയാം. എങ്കിലും എനിക്കതു ചെയ്തേ തീരൂ.’

ഇക്കാര്യം വിശദമാക്കാൻ ഉറക്കത്തിന്റെ അസുഖമുള്ള ഒരു അപ്പന്റെ കഥ പറയുന്നുണ്ട് അഗസ്റ്റിൻ. അപ്പന് എപ്പോഴും ഉറങ്ങണം. അതയാളെ കൂടുതൽ രോഗിയാക്കും. മകൻ അപ്പനെ ഉണർത്തുന്നതു അപ്പനിഷ്ടമല്ല. പക്ഷേ, അപ്പന്റെ രോഗം മാറാൻ മകന് അപ്പനെ ഉണർത്താതിരിക്കാനാവില്ല. അപ്പൻ മകനോട് പറയും, ഞാൻ ഉറങ്ങട്ടെ. എന്നെ വെറുതെ വിട്, എനിക്കു നല്ല ക്ഷീണമുണ്ട്. മകൻ പറയും, പറ്റില്ല അപ്പാ. അപ്പനിനിയും ഉറങ്ങിയാൽ രോഗം കൂടും, മരിക്കും. മെത്രാന്മാരുടെ ദൗത്യത്തെ ഈ മകന്റെ ചുമതലയോട് ഉപമിക്കുന്നുണ്ട് അഗസ്റ്റിൻ.

സഭയുടെ ദൗത്യമാണിത്, ഉണർത്തൽ. ഉറങ്ങാൻ വിടാൻ സഭയ്ക്ക് അനുവാദമില്ല. ചിലപ്പോൾ അവൾ ഉറക്കംകൊല്ലിയായി തോന്നുന്നത് അതുകൊണ്ടാണ്. പക്ഷേ, ഉണർത്തേണ്ട സഭതന്നെ ഉറങ്ങിപ്പോയാലോ? നമ്മളൊരു ശല്യത്തിനുമില്ലെന്നു പറഞ്ഞു അവളും ഉറങ്ങാൻ തുടങ്ങുമ്പോൾ മാരക ഉറക്കത്തിൽ മനുഷ്യൻ മരിക്കും. ശിഷ്യർ ഉറങ്ങിയ രാത്രിയിലും ഹേറോദേസിന്റെ കൊട്ടാരം ഉണർവിലായിരുന്നു എന്നോർക്കുക. ലോകം കീഴ്മേൽ മറയുമ്പോൾ കപ്പലിന്റെ ഉള്ളറയിൽ കയറി ഉറങ്ങിയ യോനായെപ്പോലെ ആകുന്നുണ്ടോ, സഭയിന്ന്. സഭയിൽ ഉത്തരങ്ങൾ തേടുന്ന ലോകത്തെ നാം നിരാശപ്പെടുത്തുന്നു.’

(പ്രമുഖ ക്രിസ്ത്യൻ എഴുത്തുകാരനും വാഗ്മിയുമായ ആർ.ടി.കെൻഡാൾ)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?