നിങ്ങളുടെ ജീവിതയാത്രയുടെ ദിശതന്നെ മാറ്റുന്നതാണ് മാനസാന്തരം. ജീവിതത്തിൽ ചെറിയൊരു അഡ്ജസ്റ്റ്മെന്റ് നടത്തുന്നതോ ധാർമിക മേഖലയിൽ ചില കാര്യങ്ങൾ തിരുത്തുന്നതോ അല്ല ഇത്. ക്രിസ്തുവിന് അനുരൂപപ്പെടുക. അവിടുന്ന് പറയുന്ന വഴിയേ യാത്രയാവുക. ഓരോ ചുവടിലും ആ നിതാന്ത പ്രകാശത്തിന്റെ വെളിച്ചത്തിൽ യാത്രചെയ്യുക.’
(ബെനഡിക്ട് 16-ാമൻ പാപ്പ, 17 ഫെബ്രുവരി 2010)
എത്രയോ വലിയ നിയോഗം കിട്ടിയവനായിരുന്നു യോന. എന്നിട്ടും അവൻ തിരഞ്ഞെടുത്തത് താർഷീഷിലേക്കുള്ള കപ്പലായിരുന്നു. നിയോഗം മറന്ന് യാത്ര ചെയ്തവന്റെ വഴിയിൽ സംഭവിച്ചതോ തീർത്തും ദൗർഭാഗ്യകരവും. തിരമാലകൾ ആഞ്ഞടിക്കുന്നു, കപ്പൽ ആടിയുലയുന്നു, നാവികർ ഭയപ്പെടുന്നു. ഒരർത്ഥത്തിൽ സമുദ്രത്തിലെ തിരമാലകളെക്കാൾ ശക്തമായിരുന്നു യോനായുടെ നെഞ്ചിലും ചങ്കിലും ആഞ്ഞടിച്ച തിരമാലകൾ! ദൈവത്തെ അനുസരിക്കാതെ യാത്ര ചെയ്യുന്ന ആർക്കാണ് ഇന്നോളം സമാധാനം കിട്ടിയിട്ടുള്ളത്.
കപ്പലിന്റെ ഭാരം കുറയ്ക്കാൻ നാവികർ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. സകലതും അവർ വലിച്ചെറിയുകയാണ്. ‘യോനായുടെ അനുസരണക്കേടിന്റെ ഭാഗമായിരുന്നു അതിഭയങ്കരം’ (വിശുദ്ധ ക്രിസോസ്റ്റം). അതു വലിച്ചെറിയാതെ ഗതിപിടിക്കില്ല. ഒടുക്കമതു ചെയ്തു. ദൈവമൊരു മനോഹര റെസ്‌ക്യൂ ഓപ്പറേഷനിലൂടെ ആളെ നിനവയിലെത്തിച്ചു. ഫലമോ, ഒരു ദേശത്തിന്റെ മുഴുവൻ മാനസാന്തരവും.
മൂന്നു കാര്യങ്ങൾ ഇവിടെ ധ്യാനിക്കണം: ഒന്ന്, ദൈവത്തിന്റെ പദ്ധതിയെക്കാൾ നമ്മുടെ പദ്ധതികളാണ് നല്ലതെന്ന് തോന്നുമ്പോൾ നിങ്ങളുടെ വിനാശവഴി ആരംഭിക്കും. രണ്ട്, ദൈവത്തെ സകലരും അനുസരിച്ചു- മത്സ്യവും കാറ്റും കടലും നാവികരുമെല്ലാം! പക്ഷേ, ദൈവത്തിന്റെ സ്വന്തം പ്രവാചകൻ മാത്രം അനുസരിച്ചില്ല. അവിശ്വാസികളല്ല, വിശ്വാസികളാണ് സഭാനൗകയുടെ സന്തുലിതാവസ്ഥ ഇന്ന് തകർത്തുകളയുന്നത്.
മൂന്ന്, ആരോടെല്ലാം, എപ്പോഴെല്ലാം നിനവെയിലേക്കു പോകാൻ കൽപ്പിക്കുന്നുണ്ടോ, ആ സമയം തന്നെ പ്രലോഭകൻ താർഷീഷിലേക്കുള്ള വണ്ടി നിങ്ങളുടെ മുമ്പിൽ എത്തിക്കും. ദൈവത്തെ അനുസരിക്കുന്ന ചിലരുണ്ടാകുമ്പോൾ ഏതു നിനവെയും മാനസാന്തരത്തിനു വഴിമാറും.
Leave a Comment
Your email address will not be published. Required fields are marked with *