Follow Us On

23

January

2025

Thursday

വെറും പച്ചപ്പല്ല, പച്ചയായ മനുഷ്യരുണ്ടാകണം!

'ഉണക്ക മരത്തിൽ തൂക്കുമ്പോഴും മനുഷ്യപുത്രന്റെ പച്ചപ്പ് ഒടുക്കാൻ ആർക്കുമായില്ല. ആ വിടർന്ന കരവും തുറന്ന ഹൃദയവും ഏറെ ഊഷരമാകുന്ന നമ്മുടെ മാനസങ്ങളെ തണുപ്പിക്കാതിരിക്കുമോ?'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 9

വെറും പച്ചപ്പല്ല, പച്ചയായ മനുഷ്യരുണ്ടാകണം!

‘ജെറുസലെം പുത്രിമാരെ, എന്നെപ്രതി നിങ്ങൾ കരയേണ്ട. നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിൻ- കാൽവരിയിലേക്കുള്ള കുരിശുയാത്രയിൽ തന്നെ അനുഗമിക്കുകയും തന്നെപ്രതി കരയുകയും ചെയ്ത ജെറുസലെമിലെ സ്ത്രീകളോട് ഈശോ പറഞ്ഞ വാക്കുകൾ ധ്യാനിക്കേണ്ടതുണ്ട്. വെറുമൊരു വൈകാരിക പ്രകടനം മാത്രമായിരുന്നു അത്? തീർത്തും വൈകാരികമായ ഒരു വിലാപംകൊണ്ട് പ്രയോജനമൊന്നുമില്ല. ലോകത്തിന്റെ ക്ലേശങ്ങളിൽ പരിതപിക്കുകയും എന്നാൽ സ്വന്തം ജീവിതം പതിവുപോലെ പോവുകയും ചെയ്യുന്നതിന്റെ അപകടം നാം തിരിച്ചറിയണം. രക്ഷകന്റെ അരികുപിടിച്ച് ഭയം നിറഞ്ഞ വാക്കും ചൊല്ലി നടക്കുകയും തന്നെത്തന്നെ നൽകാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് ഭീകരമാണ്. രക്ഷകന്റെ വാക്ക് കേൾക്കുക: എന്നെപ്രതി കരയേണ്ട, നിങ്ങളെപ്രതി കരയുക.’

(ബെനഡിക്ട് 16-ാമൻ പാപ്പ, 2005ൽ കുരിശിന്റെ വഴി നയിക്കവേ നൽകിയ സന്ദേശം)

തന്റെ പരമയാതനയുടെ മധ്യത്തിലും രക്ഷകൻ കരയുന്ന സ്ത്രീകളെ ആശ്വസിപ്പിക്കുന്നു. കണ്ണുണ്ടായിട്ടും കാണാത്തവർ, കാതുണ്ടായിട്ടും കേൾക്കാത്തവർ- ഇതായിരുന്നു മനുഷ്യരെ കുറിച്ചുള്ള എക്കാലത്തെയും ആരോപണങ്ങളിൽ ഒന്ന്. തന്നെത്തന്നെ പച്ചമരത്തോടാണ് ഈശോ ഉപമിക്കുന്നത്. പച്ചമരത്തോട് ഇതു ചെയ്തെങ്കിൽ ഉണങ്ങിയതിന്റെ ഗതി എന്താകും? (ലൂക്കാ 23:31) പച്ചമരം പച്ചമനുഷ്യനല്ലേ. എന്താണതിന്റെ പ്രത്യേകത? അയാൾ അപരനെ കേൾക്കും, കാണും, ദുഃഖത്തിൽ കരയും, ക്ലേശത്തിൽ ദേഷ്യപ്പെടും, നന്മയിൽ ആനന്ദിക്കും. ഈ പച്ചപ്പിന്റെ ലക്ഷണങ്ങൾ നഷ്ടമായാൽ പിന്നെ അയാൾ ഉണങ്ങിയ ചുള്ളിക്കമ്പാണ്. മനസ്സ് ഊഷരമാകുന്നത് പച്ചപ്പ് നഷ്ടമാകുമ്പോഴല്ലേ.

ഗ്രീൻ കാമ്പസുണ്ടാക്കാൻ ചെടിയും വൃക്ഷവും എല്ലാം നടുന്ന തിരക്കിലാണ് നാം. ഇതുകൊണ്ടുമാത്രം ഗ്രീൻ കാമ്പസും വീടും ഉണ്ടാകില്ലെന്ന് ആർക്കാണ് അറിയാത്തത്? പച്ച മനുഷ്യരും ഉണ്ടാകണം എല്ലായിടത്തും, ജൈവമനുഷ്യൻ. അവനാകട്ടെ, ഒരു കൈകൊണ്ട് സ്വന്തം കണ്ണീർ തുടച്ച് മറുകൈകൊണ്ട് അപരനെ ആശ്വസിപ്പിക്കും. തുറന്നുപിടിച്ച കണ്ണും കാതും അവനെ ശരിക്കും പച്ചപ്പുള്ളവനാക്കും. ഉണക്ക മരത്തിൽ തൂക്കുമ്പോഴും മനുഷ്യപുത്രന്റെ പച്ചപ്പ് ഒടുക്കാൻ ആർക്കുമായില്ല. ആ വിടർന്ന കരവും തുറന്ന ഹൃദയവും ഏറെ ഊഷരമാകുന്ന നമ്മുടെ മാനസങ്ങളെ തണുപ്പിക്കാതിരിക്കുമോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?