Follow Us On

24

January

2025

Friday

നാം രാജകീയ പുരോഹിതർ!

'വിശ്വാസി ആത്മീയപാതയിൽ ആർജിച്ചെടുക്കേണ്ടതാണ് മാമ്മോദീസയിൽ ലഭിച്ച രാജകീയ പൗരോഹിത്യം. ഇത് നിന്റെ ഉള്ളിലുണ്ട്, ചാരം മൂടിക്കിടക്കുന്ന കനലുപോലെ.'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 10

നാം രാജകീയ പുരോഹിതർ!

”പഴയനിയമ പശ്ചാത്തലത്തിൽ പുരോഹിതരെയും രാജാക്കന്മാരെയുമാണ് തൈലാഭിഷേകം ചെയ്തിരുന്നത്. ദൈവത്തിന്റെ സാന്നിധ്യം ലോകത്തിൽ ജനിപ്പിക്കുന്നവരാണ് പുരോഹിതർ. ഇസ്രായേലിനെ സീനായ് മലയിൽവെച്ച് ദൈവം വിളിച്ചതോർക്കുക: നിങ്ങൾ എനിക്ക് പുരോഹിത രാജ്യവും വിശുദ്ധ ജനവുമായിരിക്കും (പുറ. 19:6) ദൈവത്തെ അറിയാത്ത ഭൂരിപക്ഷം മനുഷ്യർക്കിടയിൽ അവർ ദൈവത്തിന്റെ ഒരു കൂടാരമാകണം. മാമ്മോദീസയിലൂടെ ഒരു വിശ്വാസി സ്വീകരിക്കുന്നത് രാജകീയ പൗരോഹിത്യമാണ്. ജീവിക്കുന്ന ദൈവത്തെ ലോകത്തിനു വെളിവാക്കേണ്ടവരാണ് അവർ. ക്രിസ്തുവിന്റെ സാക്ഷിയാകാനും ക്രിസ്തുവിലേക്കു നയിക്കാനും വിളിക്കപ്പെട്ടവർ. ഒരേ സമയം ആനന്ദത്തിനും ആകുലതയ്ക്കും വക നൽകുന്നുണ്ട് ഇത്. ലോകത്തിൽ ദൈവത്തിന്റെ കൂടാരമാണോ നാം? ദൈവത്തിലേക്കു വഴിവെട്ടുന്നവരാണോ അതോ, വഴി തടയുന്നവരാണോ നാം?”

(ബെനഡിക്ട് 16-ാമൻ പാപ്പ, 2011ലെ പെസഹാ ശുശ്രൂഷാ സന്ദേശത്തിൽ പറഞ്ഞത്)

നാം രാജകീയ പുരോഹിതർ (1 പത്രോസ് 2:9) എന്തൊരു വിശേഷണമാണിത്! രാജാവും പുരോഹിതനും ഒന്നാവുക എളുപ്പമല്ല. രാജാവിന് നയിക്കാനും പുരോഹിതന് വെളിച്ചം നൽകാനുമല്ലേ വിളി. പുരോഹിതൻ നൽകുന്ന വെളിച്ചത്തിൽ രാജാവ് നയിക്കുമ്പോൾ രാജ്യം മനോഹരമാകുന്നു. പഴയ നിയമത്തിൽ മെൽക്കിസെദെക്കും ദാവീദുമൊഴികെ രാജാവും പുരോഹിതനും ഒരുമിക്കുന്നത് നാം അധികം കാണില്ല. എന്നാൽ, പുതിയ നിയമത്തിൽ വിശ്വാസികളെ വിശേഷിപ്പിക്കുന്ന വാക്കാണ് രാജകീയ പുരോഹിതർ.

ആദിമ ക്രിസ്ത്യാനികൾ ആരായിരുന്നു എന്നു നാം ഓർക്കണം. സമൂഹത്തിന്റെ വെളുമ്പിൽ കഴിഞ്ഞിരുന്നവർ. ഒന്നുമില്ലാത്തവരും ഒന്നുമല്ലാത്തവരും. എന്നിട്ടും വേദഗ്രന്ഥം അവരെ രാജകീയ പുരോഹിതർ എന്നു വിളിച്ചു. പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഓർക്കുക: ‘ഞങ്ങൾ ദുഃഖിതരാണെങ്കിലും സദാ സന്തോഷിക്കുന്നു; ദരിദ്രരെപ്പോലെയാണെങ്കിലും അനേകരെ സമ്പന്നരാക്കുന്നു; ഒന്നുമില്ലാത്തവരെപ്പോലെയാണെങ്കിലും എല്ലാം ആർജിച്ചിരിക്കുന്നു,’ (2 കോറിന്തോസ് 6:10).

അതെ, വിശ്വാസി ആത്മീയപാതയിൽ ആർജിച്ചെടുക്കേണ്ടതാണ് മാമ്മോദീസയിൽ ലഭിച്ച രാജകീയ പൗരോഹിത്യം. ഇത് നിന്റെ ഉള്ളിലുണ്ട്, ചാരം മൂടിക്കിടക്കുന്ന കനലുപോലെ. ഒരു പക്ഷേ, എന്നും അവസാനം ഓടിയെത്തുന്ന പരാജിതനാകാം. നഷ്ടധൈര്യനാകം, ഒന്നുമില്ലാത്തവനാകാം നീ. പക്ഷേ, കുലീനത കൈവെടിയരുത്. ‘കഠിന ദാരിദ്ര്യത്തിലും കുലീനത പുലർത്തുന്ന ഒരാളെ മാത്രമേ ഞാൻ നമസ്‌ക്കിരിക്കൂ,’ (ആൽബർട്ട് കാമ്യു). നിലയും വിലയും സമൂഹം തരുന്നതല്ല, നമ്മിൽ തന്നെ കണ്ടെത്തുന്നതാണ്. മീൻ പിടുത്തക്കാരനായ പത്രോസല്ലേ പറഞ്ഞത്, നാം രാജകീയ പുരോഹിതരാണെന്ന്. മേൽപ്പറഞ്ഞ പലതും ഇല്ലായിരുന്നു എന്നിട്ടും ക്രിസ്തുവിൽ എല്ലാം ആർജിച്ചെടുത്തു.

ഒരു കാര്യം കൂടി: രാജകീയ പൗരോഹിത്യമെന്ന അടിത്തറയിലാണ് ശുശ്രൂഷാ പൗരോഹിത്യം പണിയപ്പെട്ടിരിക്കുന്നത്. വിളിയുടെ കുലീനത സമൂഹം തരുന്നതല്ല, അവരിൽനിന്നും പിടിച്ചെടുക്കുന്നതുമല്ല. ഉള്ളിലെ തീ ജ്വലിപ്പിച്ച് ആർജിച്ചെടുക്കുന്നതാണ്. പൗരോഹിത്യത്തിന്റെ തകർച്ചയുടെ കാരണം തേടാൻ, രാജകീയ പുരോഹിതനാകാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നു തിരിച്ചറിഞ്ഞാൽ മതിയാകും. അതെ, നീ രാജകീയപുരോഹിതൻ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?