Follow Us On

23

January

2025

Thursday

ബാബിലോണും ജെറുസലെമും

'എത്തിപ്പെടാനുള്ള ദേശത്തെക്കുറിച്ചുള്ള ബോധ്യം നടവഴികളിലെ പരുപരുത്ത നിലങ്ങളെ മയപ്പെടുത്തും, തീർച്ച.'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 11

ബാബിലോണും ജെറുസലെമും

”ചരിത്രത്തിന്റെ വിധിയാളൻ ദൈവമാണ്. ബലിയാടുകളുടെ നിലവിളിയും കയ്പുകലർന്ന അവരുടെ വിലാപങ്ങളും എങ്ങനെ മനസിലാക്കണമെന്നും സ്വീകരിക്കണമെന്നും അവിടുത്തെ നീതിയിൽ ദൈവത്തിനറിയാം. ദൈവത്തോടു തുറവിയുള്ള ഏതൊരാളേയും, ക്രിസ്തുവിനെ അറിയാത്തവരെപ്പോലും തന്റെ സ്നേഹം അനുഭവിക്കാൻ അവിടുന്ന് ഇടവരുത്തും. നാമങ്ങനെ നിത്യനഗരത്തിലേക്കു ഒരുമിച്ചു യാത്രചെയ്യും.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ജനറൽ ഓഡിയൻസ്, 30 നവംബർ 2005)

ബാബിലോൺ ജെറുസലേമിന് എതിരാണ്, മനുഷ്യനഗരം ദൈവനഗരത്തിനും. ഒന്നിൽ അടിമത്തം, മറ്റൊന്നിൽ സ്വാതന്ത്ര്യം. ഏതാണ്ട് ഏഴ് പതിറ്റാണ്ടു കാലമാണ് ദൈവജനം ബാബിലോൺ അടിമത്തത്തിൽ കഴിഞ്ഞത്. ദുഃഖവും വേദനയും നീരസവും അനുഭവിച്ച പ്രവാസികൾ വിലാപഗാനങ്ങൾ പാടിയ കാലം. ‘ബാബിലോൺ നദിയുടെ തീരത്തിരുന്നു സീയോനെ ഓർത്തു ഞങ്ങൾ കരഞ്ഞു,’ (സങ്കീ. 137:1). ജെറുസലേമിന്റെ മറ്റൊരു നാമമായി സീയോനെ കാണുക.

അടിമത്തം വെടിഞ്ഞ് സ്വാതന്ത്ര്യം പുൽകാൻ ജെറുസലെമിനെ സ്വപ്നം കണ്ട് പ്രത്യാശയിൽ കഴിഞ്ഞ ജനത്തിനാണ് ഒരു മടക്കയാത്ര സാധ്യമായത്. ബാബിലോണിൽ കഴിയുമ്പോഴും ജെറുസലേം ആയിരുന്നു അവരുടെ മനസിൽ. തിന്മയുടെയും ദൈവനിരാസത്തിന്റെയും നഗരമെങ്കിലും, ബാബിലോണിൽ അവർ ദൈവത്തെയും അവിടുത്തെ വാസഗൃഹത്തെയും ധ്യാനിച്ചുപോന്നു. പന്നിക്കുഴിയിൽ കിടക്കുമ്പോഴും പിതാവിന്റെ ഭവനത്തെ സ്വപ്നം കാണുന്നതിന് തടസമില്ലല്ലോ.

ശരിയാണ്, നന്ദികേടും പിറുപിറുപ്പും വിഗ്രഹാരാധനയുമാണ് ദൈവനഗരത്തിൽനിന്നും മനുഷ്യനഗരത്തിലേക്ക് അവരെ അടർത്തിമാറ്റിയത്. അവിടെയും അവർ നിലവിളിച്ചു: ‘ജെറുസലെമേ, നിന്നെ ഞാൻ മറക്കുന്നുവെങ്കിൽ’ (സങ്കീ. 137:5). എത്തിപ്പെടാനുള്ള ദേശത്തെക്കുറിച്ചുള്ള ബോധ്യം നടവഴികളിലെ പരുപരുത്ത നിലങ്ങളെ മയപ്പെടുത്തും, തീർച്ച.

വിശുദ്ധ അഗസ്റ്റിന്റെ ഒരു ധ്യാനം കാണുക: ‘ബാബിലോണിൽ കഴിഞ്ഞിരുന്ന പലരും ദൈവീകസത്യത്തിന്റെ വെളിച്ചമുണ്ടായിരുന്നവരല്ല. എങ്കിലും, വിമോചനം അവർ കാംക്ഷിച്ചിരുന്നു. നിത്യനഗരത്തെക്കുറിച്ചു പിടിയില്ല. പക്ഷേ, അടിമത്തത്തിന്റെ നാടുവിടാൻ കൊതിച്ചു. ബോധപൂർവമല്ലെങ്കിലും സ്വാതന്ത്ര്യത്തിന്റെ ജെറുസലേം അവർ ആഗ്രഹിച്ചു. ദൈവനിഷേധകരും വേട്ടയാടുന്നവർപോലും അവർക്കു കഴിയും വിധം പ്രത്യാശയുടെ തീപ്പൊരി സൂക്ഷിച്ചു. അവരും രക്ഷകനിലേക്കുള്ള യാത്രയിൽ സഹയാത്രികരായി.

‘ഒരുകാര്യം നമുക്ക് മറക്കാതിരിക്കാം. സത്യം നമ്മുടെ കൈകളിലല്ല, നാം സത്യത്തിന്റെ കൈകളിലാണ്. നാം അന്വേഷിച്ച് സത്യത്തെ വശത്താക്കുകയല്ല സത്യം നമ്മെ അന്വേഷിച്ച് വശത്താക്കുകയാണ് ചെയ്യുന്നത്.’ (വിശുദ്ധ അഗസ്റ്റിൻ). സത്യത്തിന്റെ ശുശ്രൂഷകരാണ് വിശ്വാസികൾ, മേധാവികളല്ല! ആരെയും നോക്കി നാം കൊഞ്ഞനം കുത്തരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?