”ഞാൻ മരണത്തോടു അടുക്കുകയാണ്. ദൈവത്തിലും അവിടുത്തെ കരുണയിലും സമ്പൂർണവിശ്വാസം എനിക്കുണ്ടെങ്കിലും, അവിടുത്തെ മുഖാമുഖം കാണുന്ന സമയത്തോടടുക്കുമ്പോൾ എത്രയോ വീഴ്ചകളുള്ള മനുഷ്യനാണു ഞാനെന്നു തിരിച്ചറിയുന്നു. സ്നേഹനിധിയായ ദൈവം എന്നെ കൈവിടില്ലെന്ന് എനിക്കറിയാം. പാപബോധത്തിന്റെ ഭാരം ഒരാളിൽ വർദ്ധിക്കുമ്പോഴും അടിസ്ഥാനപരമായ ദൈവാശ്രയം അയാളെ ശക്തനാക്കുന്നു. കുറേക്കൂടി സ്നേഹിക്കാമായിരുന്നു, ജനത്തെ ശുശ്രൂഷിക്കാമായിരുന്നു എന്നു തുടങ്ങി പലതും ഞാനും ആത്മശോധനയ്ക്കു വിഷയമായി എടുക്കാറുണ്ട്. ഒടുക്കം ഒരു കാര്യം എനിക്കറിയാം. ഞാൻ ദൈവഭവനത്തിലേക്കുള്ള യാത്രയിലാണ്. ഭൂമിയിൽ എനിക്കൊപ്പം ഉണ്ടായിരുന്നവരെയും സ്വർഗഭവനത്തിൽ എനിക്കു കണ്ടുമുട്ടണം.”
(ബെനഡിക്ട് പതിനാറാമൻ പാപ്പ, Last Testament in His Own Words, 2016).
ആത്മീയയാത്ര നാമെങ്ങനെ തുടങ്ങി എന്നതല്ല, എങ്ങനെ പൂർത്തിയാക്കി എന്നതാണ് പ്രധാനം. മരണം നമ്മെ കൂടുതൽ സത്യസന്ധരാക്കുന്നു. ആ സമയത്തോടടുക്കുമ്പോൾ നാമാരെന്ന് ഒരുപക്ഷേ കൂടുതൽ വെളിവായേക്കും. ഒരു വൃക്ഷം എവിടേയ്ക്കു ചാഞ്ഞിരിക്കുന്നുവോ, അതു ഒടുക്കം മറിഞ്ഞു വീഴുന്നതും ആ ദിശയിലേക്കു തന്നെയാകും. ക്രൂശിതനിലേക്കു ചാഞ്ഞിരിക്കുന്ന മരമാകണം ഞാൻ.
തിമോത്തിക്ക് നല്ലൊരു ഗുരുവായിരുന്നു പൗലോസ്. നല്ല വെളിച്ചവും കൃപയുമുള്ള ഗുരു. എഫേസൂസിലെ ബിഷപ്പായി നിയോഗിക്കപ്പെടുന്നുണ്ട് പിന്നീട് തിമോത്തി. അദ്ദേഹത്തിന്റെ ശുശ്രൂഷയുടെ ആരംഭത്തിലും ഒടുക്കത്തിലും ഗുരുവായ പൗലോസ് രണ്ടു കത്തുകൾ എഴുതുന്നുണ്ട്. മൂന്നു കാര്യങ്ങൾ ആത്മീയ ശുശ്രൂഷയിൽ നീ കാത്തുവയ്ക്കണം: ഒന്ന്, നല്ല പടയാളിയാവുക, ധീരതയോടെയും ഏകാഗ്രമായും ചെയ്യേണ്ട പ്രവൃത്തിയാണല്ലോ പടയാളിയുടേത്. അനേകം കാര്യങ്ങൾക്കായി വിഭജിക്കപ്പെട്ടുപോകുന്ന മനസിന് പടയാളിയാകാൻ കഴിയില്ല.
രണ്ട്, നല്ലൊരു കായികാഭ്യാസിയാവുക. എത്രയോ അച്ചടക്കവും നിരന്തര പരിശീലനവും ആവശ്യമായിവരുന്ന ദൗത്യമാണിത്. മറ്റുള്ള പലരും കഴിക്കുന്ന വിഭവങ്ങൾ കായികാഭ്യാസിക്ക് നിഷിദ്ധമാണ്. ലക്ഷ്യം കൃത്യമായി അറിയാവുന്നതിനാൽ ഇതൊന്നും അയാൾക്ക് ക്ലേശകരവുമല്ല. മൂന്ന്, നല്ലൊരു കൃഷിക്കാരനാവുക. വിത്തു വിതയ്ക്കുമ്പോൾ കാറ്റിനെ തടഞ്ഞു പിടിക്കാനും അതിനുശേഷം ഭൂമിയെ നന്നായി തണുപ്പിക്കാനും ദൈവം കൂടെയുണ്ട് എന്നൊരു വിശ്വാസത്തിലാണ് കൃഷിക്കാരൻ. അധ്വാനവും വിശ്വാസവും അയാളുടെ വിളഭൂമിയെ സമൃദ്ധമാക്കുന്നു.
തന്റെ ജീവിതത്തിൽ എങ്ങനെ ഇതെല്ലാം നിറവേറ്റിയെന്ന് റോമിലെ ജയിലിൽ മരണം കാത്തു കിടക്കുമ്പോൾ ശിഷ്യന് പൗലോസ് എഴുതുന്നുണ്ട്. ഞാൻ നന്നായി യുദ്ധം ചെയ്തു പടയാളിയെപോലെ എന്റെ ഓട്ടം പൂർത്തിയാക്കി (കായികാഭ്യാസിയെപോലെ) വിശ്വാസം കാത്തു (കർഷകനെപോലെ). ‘നമ്മുടെ ആദ്യവിശ്വാസത്തെ അവസാനം വരെ മുറുകെപിടിക്കുമെങ്കിൽ മാത്രമേ നാം ക്രിസ്തുവിൽ പങ്കുകാരാവുകയുള്ളൂ,’ (ഹെബ്രാ. 3:14).
Leave a Comment
Your email address will not be published. Required fields are marked with *