”ക്രിസ്ത്യാനി ആയിരിക്കുക എന്നാല്‍ ഒരു ധാര്‍മിക തത്വത്തില്‍ പങ്കുചേരുന്നതോ, കുലീനമായൊരു ആശയം സ്വീകരിക്കുന്നതോ അല്ല, മറിച്ച് ഒരു വ്യക്തിയും ‘സംഭവു’മായി കണ്ടുമുട്ടുന്നതാണ്. ഇത്, ജീവിതത്തിന് പുതിയ ചക്രവാളം നല്‍കുന്നതും നിര്‍ണായകമായ ദിശാബോധം നല്‍കുന്നതുമാണ്. വിശ്വാസം എല്ലാത്തിലുമുപരി ഒരു ബന്ധമാണ്, ദൈവവുമായുള്ള ചങ്ങാത്തം.”
(ബെനഡിക്ട് പതിനാറാമന്‍ പാപ്പ, ദൈവം സ്‌നേഹമാകുന്നു. 2005)
ദൈവത്തിന്റെ ചങ്ങാതിയായിരിക്കുക ഭാഗ്യമാണ്. നിങ്ങളെ ഞാന്‍ ദാസരെന്നു വിളിക്കില്ല, സ്‌നേഹിതരെന്നേ വിളിക്കൂ എന്നു ക്രിസ്തു പറഞ്ഞതോര്‍ക്കുക. കടന്നുപോയ ബെനഡിക്ട് പാപ്പ ദൈവത്തിന്റെ നല്ലൊരു സുഹൃത്തായിരുന്നു. അതുകൊണ്ടാണല്ലോ, ഏറ്റവുമൊടുക്കവും ആദ്ദേഹത്തിനു പറയാനായത്, ”ഈശോ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു” എന്ന്.
ദൈവവുമായി ചങ്ങാത്തം സ്ഥാപിക്കാന്‍ പാപ്പ നിര്‍ദ്ദേശിക്കുന്ന ഒന്‍പതു ശീലങ്ങളാകട്ടെ ഇന്നത്തെ നമ്മുടെ ധ്യാനം:
ഒന്ന്: നല്ല ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ നിരന്തമായ കോണ്‍ടാക്ട് വേണം. അതുകൊണ്ട്, ദിവസത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും ദൈവവുമായി സംസാരിക്കണം. ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ ചങ്ങാതിയുമായി സംസാരിച്ചിട്ടാകട്ടെ.
രണ്ട്: എല്ലാ പ്രഭാതത്തിലും വിശ്വാസമെന്ന ദാനം ലഭിച്ചതിനായി നന്ദി പറയുക. ”ഞാന്‍ അങ്ങയെ ആരാധിക്കുന്നു, ദൈവമേ മുഴുവന്‍ ഹൃദയത്തോടെ ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എന്നെ സൃഷ്ടിച്ചതിനും ഒരു ക്രിസ്ത്യാനിയായി ജീവിക്കാന്‍ അനുവദിക്കുന്നതിനും നന്ദി പറയുന്നു.” ബെനഡിക്ട് പാപ്പ നല്‍കിയ പ്രഭാത പ്രാര്‍ത്ഥനയാണിത്.
മൂന്ന്: എല്ലാ ദിവസവും ആനന്ദിക്കാന്‍ സമയം കണ്ടെത്തുക. ആനന്ദത്തിനായുള്ള ആഗ്രഹം സകലരിലുമുണ്ട്. കടന്നു പോകുന്ന സന്തോഷങ്ങളിലല്ല, നിതാന്തമായ ആനന്ദമാണ് നാം ലക്ഷ്യമിടുന്നത്. എങ്കിലും ഈ ജീവിതത്തെക്കുറിച്ചും പ്രകൃതിയുടെ ഭംഗിയെക്കുറിച്ചും നല്‍കിയ ജോലിയെക്കുറിച്ചും എല്ലാം പറഞ്ഞ് ആനന്ദിക്കുക. നിങ്ങള്‍ക്ക് ഓരോ ദിവസവും ആനന്ദിക്കാനുള്ള വക ദൈവം തരുന്നുണ്ട്.
നാല്: എല്ലാ ഞായറാഴ്ചകളിലും ദിവ്യകാരുണ്യ ഈശോയെ കണ്ടുമുട്ടാന്‍ സമയം കണ്ടെത്തുക. ഇതൊരിക്കലും ഒരു ഭാരമാകരുത്. ആഴ്ച മുഴുവന്‍ സഞ്ചരിക്കാന്‍ സ്വീകരിക്കുന്ന ഊര്‍ജ്ജത്തിന്റെ സമയമാണിത്.
അഞ്ച്: ദൈവസ്‌നേഹം അനുഭവിക്കുന്ന നിമിഷങ്ങളെ ഓരോ ദിവസവും രേഖപ്പെടുത്തുക. ദൈവം പ്രത്യേകം കരുതുന്ന നിമിഷങ്ങളെ നോട്ടുബുക്കിലോ മറ്റോ രേഖപ്പെടുത്തുക. ആന്തരികമായി ഹൃദയത്തില്‍ ഇവ പ്രത്യേകം അടയാളപ്പെടുത്താന്‍ മറക്കരുത്.
ആറ്: കലാസൃഷ്ടികളെ ധ്യാനിക്കുക. ദൈവത്തിലേക്കുള്ള മനോഹര വഴികളാണ് കലാസൃഷ്ടികള്‍. നല്ല മ്യൂസിക് ശ്രവിക്കുമ്പോഴും കലാസൃഷ്ടികളുടെ ഭംഗി ആസ്വദിക്കുമ്പോഴും അനന്തസൗന്ദര്യമായ ദൈവത്തെ നിങ്ങള്‍ക്കു ധ്യാനിക്കാനാകും.
ഏഴ്: ജിവിതത്തിലെ രസകരമായ സംഭവങ്ങളെ ആസ്വദിക്കാന്‍ പഠിക്കുക. അതിതീവ്ര ശ്രദ്ധകൊണ്ട് ജീവിതം കടുപ്പിക്കരുത്. കൊച്ചു കൊച്ചു തമാശകള്‍ ആസ്വദിക്കുക. മാലാഖമാരെ ശ്രദ്ധിക്കുക. അവയ്ക്കു പറക്കാം. കാരണം അവ അവരെത്തന്നെ കൂടുതല്‍ കടുപ്പിച്ച് ശ്രദ്ധിക്കുന്നില്ല!
എട്ട്: വിശുദ്ധരെ വിളിക്കുക, തുടരെത്തുടരെ. വിശുദ്ധരുമായുള്ള ബന്ധം നമ്മെയും വിശുദ്ധരാക്കും.
ഒന്‍പത്: നിശബ്ദമായിരിക്കുവാന്‍ സമയം കണ്ടെത്തുക. എത്ര തിരക്കുണ്ടെങ്കിലും അല്‍പസമയം നിശബ്ദരായിരിക്കുക. ആ ദിവസത്തെ ആകുലതകളും ആനന്ദങ്ങളും പരിദേവനങ്ങളും നിങ്ങള്‍ക്ക് ദൈവത്തിലര്‍പ്പിക്കാനും അവയിലെ ദൈവസ്വരം തിരിച്ചറിയാനുമുള്ള സമയമാകും അത്. ഈ ഒന്‍പത് ചട്ടങ്ങള്‍ നമ്മെയും ദൈവത്തിന്റെ ചങ്ങാതിയാകും.
Leave a Comment
Your email address will not be published. Required fields are marked with *