Follow Us On

02

May

2024

Thursday

നാസ്തികന്റെ വിലാപം

'നാം അവിടുന്നിൽനിന്ന് അകന്നുപോയാലും ജീവിതം കൈമോശം വരുംവിധം അകന്നുജീവിച്ചാലും അവിടുന്നു പൊറുക്കുന്നു. അവനിലേക്ക് തിരിച്ചുവരാൻ മനസാക്ഷിയിൽ നിരന്തരം സംസാരിക്കുന്നു.'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 19

നാസ്തികന്റെ വിലാപം

‘ദൈവവുമായുള്ള ഒരാളുടെ ബന്ധം ഓരോ സമയവും വ്യത്യസ്തമാകാം. മതവിശ്വാസം ഒരു കുഞ്ഞിന്റെ വളർച്ചപോലെയത്രേ. കുഞ്ഞായിരിക്കുമ്പോൾ നമ്മുടെ പൂർണ ആശ്രയത്വംവഴി മതവിശ്വാസം ഒരാവശ്യമായി വരുന്നു. എന്നാൽ, ആ കുഞ്ഞ് വളർന്ന് പ്രായപൂർത്തിയാകുമ്പോൾ കൂടുതൽ സ്വാതന്ത്ര്യവും സ്വന്തം തീരുമാനമെടുക്കാനുള്ള താൽപ്പര്യവും വളരുന്നു. വിധേയത്വം ഇഷ്ടമില്ലാതാകുന്നു. ഈ സമയത്താണ് നിരീശ്വരത്വത്തിലേക്കും മറ്റും ഒരാൾ വീഴുന്നത്. അപ്പോഴും ദൈവത്തിന്റെ യഥാർത്ഥ മുഖം കാണാൻ അയാൾ കൊതിക്കും. നാം ഭാഗ്യപ്പെട്ടവരാണ്, കാരണം ദൈവത്തിന്റെ വിശ്വസ്തതയ്ക്ക് ഒരു കുറവുമില്ല. നാം അവിടുന്നിൽനിന്ന് അകന്നുപോയാലും ജീവിതം കൈമോശം വരുംവിധം അകന്നുജീവിച്ചാലും അവിടുന്നു പൊറുക്കുന്നു. അവനിലേക്ക് തിരിച്ചുവരാൻ മനസാക്ഷിയിൽ നിരന്തരം സംസാരിക്കുന്നു.’

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 14 മാർച്ച് 2010)

വീടുവിട്ടിറങ്ങിയ ധൂർത്തപുത്രൻ ദാഹിച്ചതും മോഹിച്ചതും പലതും രുചിച്ചുനോക്കി. ഒടുക്കമവൻ പന്നിക്കൂട്ടിലെത്തി. ദൈവഭവനം വിട്ടിറങ്ങുന്നവർ ചെന്നുപതിക്കാനിടയുള്ള സ്ഥലമാണത്. ശൂന്യത, ദാരിദ്ര്യം, അസംതൃപ്തി എല്ലാമവനെ വേട്ടയാടി. ലോകമായകൾ ചുണ്ടിന് മധുരകരവും ആത്മാവിന് കയ്പും. ആദ്യമത് ആസ്വാദ്യകരം, പിന്നെയത് ദുരിതം.

ധൂർത്തപുത്രന്റെ കഥയുടെ രണ്ടാം ഭാഗം കുറച്ചുകൂടി ധ്യാനിക്കണം. പന്നിക്കുഴിൽനിന്ന് തിരിച്ചെത്തുമ്പോൾ കുളിക്കാൻ സോപ്പും തോർത്തുമല്ലേ കൊടുക്കേണ്ടത് എന്നു തോന്നാം. പക്ഷേ, ഈ അബ്ബാ കൊടുക്കുന്നത് മേൽത്തരം വസ്ത്രം, കൈയിൽ മോതിരം, കാലിൽ ചെരുപ്പ് ഇവയാണ്. മേൽത്തരം മേലങ്കി സൂചിപ്പിക്കുന്നത് അവന്റെ അനന്യതയാണ്. മകനായാണ് സ്വീകരിക്കുന്നത്. അവന് വീട്ടിൽ ഒരു വ്യക്തിത്വമുണ്ട്, വേറുമൊരു ദാസനല്ല. അബ്ബായുടെ എല്ലാ അവകാശങ്ങളിലും പങ്കുചേരാൻ കഴിയുന്ന മകൻ.

മോതിരം അവന്റെ മേന്മയേയും അധികാരത്തെയും സൂചിപ്പിക്കുന്നതാണ്. ഫറവോ രാജ്യത്തിന്റെ പ്രധാന മന്ത്രിയായി ജോസഫിനെ നിയോഗിച്ചപ്പോൾ മോതിരം ധരിപ്പിച്ചത് ഓർക്കുക. (ഉൽപ്പത്തി 41:42). അബ്ബായുടെ വലിയ സ്നേഹത്തിന്റെ അടയാളമാണത്. ധൂർത്തന്റെ കുലീനത വീണ്ടെടുക്കുന്നു ആ പിതാവ്. കാലിൽ ധരിപ്പിക്കുന്ന ഷൂ അവനുള്ള അവകാശങ്ങളെ മാത്രമല്ല, ധർമത്തെയും സൂചിപ്പിക്കുന്നു. ദാസ്യവേല ചെയ്യുന്നവർ ഷൂ ധരിക്കാറില്ല. മടങ്ങിയെത്തുന്നവരാരും ദാസരല്ല, മക്കളാണ്. സ്വന്തം സ്വത്വം വീണ്ടെടുത്തവൻ അത് നഷ്ടമായവരെ സഹായിക്കണം.

അടുത്ത ദിവസം നല്ല വസ്ത്രവും മോതിരവും ചെരുപ്പുമണിഞ്ഞ് അവൻ ഒരിക്കൽ കൂടി പന്നിക്കൂട്ടിലേക്കു പോയി. തന്റെ മടക്കയാത്രയും പിതാവിന്റെ ഭവനത്തിൽ നൽകിയ സ്വീകരണവും പങ്കുവയ്ക്കാൻ. വീടുവിട്ടിറങ്ങിയ ഒട്ടേറെ ധൂർത്തരെ സുവിശേഷകനായി മാറിയ ധൂർത്തൻ മാനസാന്തരത്തിലേക്ക് വഴി നടത്തി. ധൂർത്തപുത്രൻ നയിച്ച വചനപ്രഘോഷണം! ദൈവത്തെ കണ്ടുമുട്ടുന്ന ഒരാളും അയയ്ക്കപ്പെടാതിരുന്നില്ല. അതുകൊണ്ടാണ്, വിശുദ്ധ ആംബ്രോസ് പറഞ്ഞത്, ധൂർത്തന്റെ കാലിൽ ധരിപ്പിച്ച ചെരുപ്പ് അവന്റെ നിയോഗത്തെ സൂചിപ്പിക്കുന്നതാണ് എന്ന്. അബ്ബാ നൽകുന്ന ക്ഷമയുടെയും സൗഖ്യത്തിന്റെയും കഥകൾ പങ്കുവയ്ക്കാൻ. നിങ്ങൾക്കുമില്ലേ അത്തരം ചിലതു പങ്കുവയ്ക്കാൻ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?