Follow Us On

23

January

2025

Thursday

പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!

'വിവിധ തത്വചിന്തകളും ദർശനങ്ങളും ലോകത്തിൽ ഉണ്ടാകും. അവയുടെ വളർച്ച ചിലപ്പോൾ ഭീഷണിയായും തോന്നാം. എന്നാൽ, ഭയം വേണ്ട. കാരണം, ദൈവം നടാത്ത ഒരു മുന്തിരിച്ചെടിയും ഈ മണ്ണിൽ നിതാന്തമായി വാഴില്ല, വളരില്ല.'- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 20

പുരോഹിതാ, നിനക്കൊരു ഭാവിയുണ്ട്!

‘സഹോദരങ്ങളേ, രക്ഷയുടെ പാനപാത്രമെടുത്തുയർത്താനും ദൈവജനത്തിനായി കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കാനും ഒരു പുരോഹിതനല്ലേ കഴിയൂ. അതിനാൽ, പൗരോഹിത്യ ജീവിതത്തെയും സന്യാസ ജീവിതത്തെയും കുറിച്ച് ചിന്തിക്കുന്ന യുവജനങ്ങളെ, കേൾക്കുക: നിങ്ങൾ ഭയപ്പെടരുത്! നിങ്ങളുടെ ജീവിതം ക്രിസ്തുവിനു നൽകാൻ ഭയപ്പെടേണ്ട! സഭയുടെ ഹൃദയത്തിൽ പൗരോഹിത്യ ശുശ്രൂഷയ്ക്കു പകരം വയ്ക്കാൻ മറ്റൊന്നിനുമാകില്ല. ലോകരക്ഷയ്ക്കായി അർപ്പിക്കുന്ന ബലിക്കു പകരം വയ്ക്കാൻ ഒന്നിനും കഴിയില്ല. ക്രിസ്തുവിന്റെ വിളിക്ക് നിങ്ങൾ ഉത്തരം നൽകാതിരിക്കരുത്.’

(ബെനഡിക്ട് പതിനാറാമൻ പാപ്പ, പാരീസിൽ നടത്തിയ പ്രഭാഷണം, 13 സെപ്റ്റംബർ 2005)

നാസി പട്ടാളത്തിന്റെ ഭരണത്തിൻ കീഴിലുള്ള ജർമനിയിലായിരുന്നു യുവാവായ റാറ്റ്സിങ്ങർ വളർന്നത്. മിലിറ്ററി സർവീസിൽ ആയിരിക്കേ കമാൻഡർ ചോദിച്ചു: എന്താണ് റാറ്റ്സിങ്ങറുടെ ഭാവി പദ്ധതികൾ? തനിക്കൊരു പുരോഹിതനാകണം എന്നായിരുന്നു റാറ്റ്‌സിങ്ങറുടെ മറുപടി.

എന്നാൽ, ‘ഇവിടെ ഇനി പുരോഹിതരുടെ ആവശ്യം വരില്ല. ഇത് പുതിയ ജർമനിയാണ്. വൈദിക ശുശ്രൂഷയ്ക്ക് ഒരു പ്രാധാന്യവും ഇവിടെ ഇല്ല,’ കമാൻഡറുടെ ഈ വാക്കുകൾ കേട്ടാണ് റാറ്റ്സിങ്ങർ വർഷങ്ങൾ ചെലവഴിച്ചത്. കാലം പലതും കഴിഞ്ഞപ്പോൾ സഭയുടെ പ്രധാന കപ്പിത്താനായപ്പോഴും റാറ്റ്സിങ്ങർ പറഞ്ഞു കൊണ്ടിരുന്നു. It does make sense to become a priest. അതെ പുരോഹിതൻ ആവുക കൃപയാണ്, അത് ആവശ്യവുമാണ്.

നാസി പട്ടാളം ജർമനി വിട്ടു. അവർ പറഞ്ഞ പുതിയ ലോകവും അസ്തമിച്ചു. എന്നിട്ടും ഇന്നും പൗരോഹിത്യമുണ്ട്. കലാകാലങ്ങളായി വിവിധ തത്വചിന്തകളും ദർശനങ്ങളും ലോകത്തിൽ ഉണ്ടാകും. അവയുടെ വളർച്ച ചിലപ്പോൾ ഭീഷണിയായും തോന്നാം. എന്നാൽ, ഭയം വേണ്ട. കാരണം, ദൈവം നടാത്ത ഒരു മുന്തിരിച്ചെടിയും ഈ മണ്ണിൽ നിതാന്തമായി വാഴില്ല, വളരില്ല.

പൗരോഹിത്യം ശുശ്രൂഷയാണ്, രക്ഷകൻ ചെയ്ത ശുശ്രൂഷയുടെ പിൻതുടർച്ച. അതുകൊണ്ട്, പൗരോഹിത്യത്തിന് ഭാവിയുണ്ട്. യുഗങ്ങളുടെ അവസാനംവരെ നിലനിൽക്കുന്ന ഈ ശുശ്രൂഷയിൽ പങ്കുചേരുന്ന പുരോഹിതാ, നിന്റെ ദൈവവിളിയിൽ അനുഭവപ്പെട്ട ഭീഷണികളെ ഇന്നു കണ്ടെത്തുക. തുടർന്ന്, അത് രക്ഷകനിൽ ഭരമേൽപ്പിക്കുക. എന്നിട്ടു പറയുക: ‘ലോകവും അതിന്റെ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവർത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനിൽക്കുന്നു,’ (1 യോഹന്നാൻ 2:17).

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?