”ഒരിക്കൽകൂടി യൗസേപ്പ് പ്രധാന കഥാപാത്രമായി അരങ്ങിൽ നിറഞ്ഞാടുകയാണ്. അദ്ദേഹം സ്വപ്‌നങ്ങളിലൂടെ നിർദേശങ്ങൾ സ്വീകരിക്കുന്നു. അതിലൂടെ ദൈവത്തെ ശ്രവിക്കുന്നവനും തീരുമാനങ്ങൾ എടുക്കാൻ വകതിരിവുള്ളവനുമായി അവനെ അവതരിപ്പിക്കുന്നു. വളരെ നിർണായകമായ തീരുമാനങ്ങളെടുക്കുന്നവനും ജ്ഞാനിയുമായ അദ്ദേഹം ദൈവത്തിന് പൂർണമായും വിധേയപ്പെടുന്നവനും അവിടുത്തെ അനുസരിക്കുന്നവനുമാണ്.”
ബെനഡിക്ട് പതിനാറാമൻ പാപ്പ, നസ്രത്തിലെ യേശു, മൂന്നാം വാല്യം
അഞ്ചാം സന്താപം: ഈജിപ്തിലേക്കുള്ള പലായനം (മത്തായി 2:14)
അഞ്ചാം സന്തോഷം: ഈജിപ്തിലെ വിഗ്രഹങ്ങൾ ഉടയുന്നു (ഏശയ്യ 19:1)
പിശാചിന്റെ കണ്ണുകൾ ജെറുസലേമിലെ കന്യകകളിലായിരുന്നു. കാരണം, കന്യകയിൽനിന്നാണ് രക്ഷകൻ പിറക്കുമെന്നു പറഞ്ഞത്. മറിയം യൗസേപ്പിനെ വിവാഹാം കഴിച്ചതോടെ അവളെ ദുഷ്ടൻ ഒഴിവാക്കി. എന്നാൽ, കന്യാത്വത്തിന് ഭംഗം വരാത്തൊരു മാതൃത്വമാണ് അവളുടേതെന്ന് അറിയാൻ വൈകി. അങ്ങനെ പിശാച് വഞ്ചിതനായി (ഒരിജൻ).
രക്ഷകന്റെ ജനന വാർത്ത അറിഞ്ഞതോടെ ദുഷ്ട ശക്തികളുടെ ആക്രോശങ്ങൾ പ്രബലമായി. ഹേറോദേസാണ് കുഞ്ഞിനെ കൊല്ലാനുള്ള ഉത്തരവിടുന്നത്. സ്വന്തം മക്കൾ അധികാരത്തിനു ഭീഷണിയായേക്കുമെന്ന് ഭയന്ന് ഭാര്യയെയും കൊന്നു കളഞ്ഞ ദുഷ്ടനാണയാൾ. ഇസ്രായേലിനെ ഭരിക്കേണ്ടവൻ ജനിച്ചിരിക്കുന്നു എന്ന വാർത്ത അറിഞ്ഞതോടെ അയാൾ കുപിതനാകാൻ തുടങ്ങി. കുഞ്ഞുമായി ഈജിപ്തിലേക്കു പലായനം ചെയ്യാൻ ദൈവദൂതൻ യൗസേപ്പിന് സന്ദേശം നൽകി.
പറക്കമറ്റാത്ത കുഞ്ഞിനെയും അമ്മയെയും കൂട്ടി രായ്ക്കു രാമാനം ഈജിപ്തിലേക്കു പോവുക! ദിവസങ്ങൾ നീളുന്ന യാത്രയാണ്. പരിചിതരുടെ ഇടയിൽനിന്നും അപരിചിതരുടെ ഇടയിലേക്ക്. ദൈവനഗരത്തിൽനിന്നും അടിമത്തത്തിന്റെയും വിഗ്രഹാരാധനയുടെയും നാട്ടിലേക്ക്. ഊരും പേരുമില്ലാത്ത ആ നാട്ടിൽ തിരുകുടുംബം എന്തുചെയ്യും? രക്ഷകനെയും അവന്റെ അമ്മയെയും രക്ഷിക്കാൻ അഭയാർത്ഥികളെപ്പോലെ ഓടുകയാണിവർ.
‘ഈജിപ്തിൽനിന്നും ഞാനെന്റെ പുത്രനെ വിളിച്ചു,’ (ഹോസ 11:11) എന്ന പ്രവചനം പൂർത്തിയാകാൻ ഇതൊക്കെ സംഭവിച്ചേ മതിയാകൂ. എന്നു മടങ്ങിവരാൻ ആകുമെന്ന് ഒരു പിടിയുമില്ല. അടുത്ത നിർദേശം കിട്ടുന്നതുവരെ അവിടെ തങ്ങുക. പുതിയ നിയമത്തിലെ അബ്രാഹമാണ് യൗസേപ്പ്. തൊട്ടടുത്ത ചുവടിനുള്ള വെളിച്ചമേ പലപ്പോഴും ദൈവിക വഴികൾ താണ്ടാൻ അവിടുന്ന് അനുവദിക്കൂ. അവ ധീരമായി പിന്നിടുമ്പോൾ അടുത്ത വെളിച്ചം ലഭിക്കും.
ഒരർത്ഥത്തിൽ, അടിമത്തത്തിന്റെയും വിഗ്രഹാരാധനയുടെയും നാട്ടിലെ ആദ്യ ദിവ്യകാരുണ്യ പ്രദക്ഷിണമായിരുന്നു അത്. അതുകൊണ്ടു തന്നെ അവിടെയുള്ള വിഗ്രഹങ്ങൾ വിറകൊണ്ടു. ഈജിപ്തുകാരുടെ ഹൃദയം ഉരുകി. (ഏശ.19:1) ദൈവത്തിന്റെ വഴികൾ വിസ്മരകരമാണെന്ന ബോധ്യം നിങ്ങൾക്കു കൂടുതൽ കരുത്തു പകരും.
Leave a Comment
Your email address will not be published. Required fields are marked with *