”വിശുദ്ധ യൗസേപ്പിനെയാണ് തിരുസഭയുടെ സംരക്ഷകനായി നാം ഭരമേൽപ്പിച്ചിരിക്കുന്നത്. കുടുംബത്തെയും യേശുവിന്റെ ബാല്യകാല ജീവിതത്തെയും സംരക്ഷിച്ച ജോസഫിന്റെ സഹായം തിരുസഭയെന്ന കുടുംബത്തെ പരിപാലിക്കാനും തേടുന്നു. ഏറ്റം അമ്പരമ്പിക്കുന്ന വാർത്തകൾ അറിയുമ്പോഴും ജോസഫ് ദൈവത്തിൽ പൂർണമായി ശരണപ്പെട്ടു. ദൈവശക്തിയില്ലാതെ ധൈര്യപൂർവം ദൈവം പറയുന്ന നിർദേശങ്ങൾ അനുസരിക്കാൻ ജോസഫിന് കഴിയുമായിരുന്നില്ല. വിഷാദം നിങ്ങളെ ഭരിക്കുന്നുണ്ടെങ്കിൽ ജോസഫിന്റെ വിശ്വാസത്തെ ധ്യാനിക്കുക. ഉത്കണ്ഠ നിങ്ങളെ ഗ്രസിക്കുന്നെങ്കിൽ, ജോസഫിന്റെ പ്രത്യാശയെ ധ്യാനിക്കുക. ഉഗ്രകോപവും വെറുപ്പും നിങ്ങളെ പിടികൂടിയിട്ടുണ്ടെങ്കിൽ ജോസഫിന്റെ സ്‌നേഹത്തെ ധ്യാനിക്കുക.”
ബെനഡിക്ട് പതിനാറാമൻ പാപ്പ കാമറൂണിൽ നടത്തിയ പ്രഭാഷണം, 19 മാർച്ച് 2009
ആറാം സന്താപം: ഈജിപ്തിൽനിന്നുള്ള മടക്കയാത്ര (മത്തായി 2:22)
ആറാം സന്തോഷം: ഈശോയും മറിയവുമൊത്തുള്ള നസ്രത്തിലെ വാസം. (ലൂക്കാ 2:39)
ചോദ്യം ചെയ്യാതെ യൗസേപ്പിനെപ്പോലെ അനുസരിക്കാൻ പഠിക്കണമെങ്കിൽ അത്രകണ്ട് വിശ്വാസം നമുക്കും വേണം. ആർക്കും ആരെയും അനുസരിക്കാൻ ഇഷ്ടമില്ലാത്ത കാലമല്ലേ നമ്മുടേത്. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠമാണെന്ന് യൗസേപ്പും നമുക്കു പറഞ്ഞു തരും. ഈജിപ്തിൽനിന്ന് മടക്കയാത്രയ്ക്കുള്ള നിർദേശം ദൈവം നൽകി. അപരിചിതമായ ആ നാട്ടിൽ പതുക്കെപ്പതുക്കെ ജീവിതം പണിതുയർത്തുന്നതിനിടയിലാണ് ഈ നിർദേശമെത്തുന്നത്. രണ്ടു വർഷത്തിലധികം ഈജിപ്തിൽ തങ്ങിയതായാണ് പൊതുവെ പണ്ഡിതമതം. എന്തായാലും, അടുത്ത യാത്രയ്ക്കുള്ള പുറപ്പാടായി.
ഈജിപ്തിൽനിന്ന് ഇസ്രായേലിക്കുള്ള ഈ യാത്രയെ പുതിയ നിയമത്തിലെ പുറപ്പാടായാണ് ബെനഡിക്ട് പാപ്പ വ്യാഖ്യാനിക്കുന്നത്. ബെത്ലേഹം ലക്ഷ്യമാക്കി യാത്ര തിരിക്കുന്നതിനിടയിലാണ് അടുത്ത നിർദേശം: ഹെറോദേസിന്റെ സ്ഥാനത്ത് മകൻ അർക്കലേവോസാണ് ജെറുസലേമിൽ ഭരണം നടത്തുന്നത്. അതുകൊണ്ട്, ഗലീലി ഭാഗത്തേക്ക് പോയി, നസ്രത്തിൽ ചെന്നു പാർക്കുക. നാലാം ഘട്ടമാണ് സ്വപ്നത്തിലൂടെ നിർദേശം ലഭിക്കുന്നത്. ആ യാത്ര നസ്രത്തിലേക്കു തിരിച്ചു. അവിടെ വസിച്ചപ്പോൾ നസ്രായൻ എന്ന പേരും രക്ഷകന് ലഭിച്ചു.
രണ്ടു കാര്യങ്ങൾ വ്യക്തം: എല്ലാ കാര്യത്തിലും വ്യക്തത തരുന്ന ഒരു ആത്മീയ പാതയല്ല യൗസേപ്പ് നമുക്കായി അവതരിപ്പിക്കുന്നത്. മറിച്ച്, പൂർണമായും മനസിലായില്ലെങ്കിലും ദൈവനിർദേശങ്ങളെ സ്വീകരിക്കാൻ പഠിപ്പിക്കുന്ന ആത്മീയതയാണിത് (ഫ്രാൻസിസ് പാപ്പ, പിതൃഹൃദയത്തോടെ, 4). പരീക്ഷ തന്നവൻ പരിഹാസവും തരും! ദൈവമേ, എനിക്കു പലതും മനസിലാകുന്നില്ല; എങ്കിലും, ഞാനങ്ങയെ അനുസരിക്കുന്നു എന്നു പറയുന്ന ആത്മീയതയാണിത്.
രണ്ടാമതായി, ഈശോ കൂടെയുണ്ടിങ്കിൽ വേറെ നാവിഗേഷന്റെ ആവശ്യമില്ല, വഴിതെറ്റില്ല. തെന്നി മാറിയാലും യാഥാസ്ഥാനത്തേക്ക് അവിടുന്ന് നമ്മെ എത്തിക്കും, തീർച്ച. പക്ഷേ, ഇതു വിശ്വസിക്കാൻ ‘സർഗാത്മക ധൈര്യം’ വേണം (ഫ്രാൻസിസ് പാപ്പ). ദൈവസുതനെയും ദൈവമാതാവിനെയും രക്ഷിക്കുന്ന അത്ഭുതമായി യൗസേപ്പ് മാറുന്നത് ആരെയാണ് അത്ഭുതപ്പെടുത്താത്തത്!
Leave a Comment
Your email address will not be published. Required fields are marked with *