വാഷിംഗ്ടൺ ഡി.സി: അബ്രാഹമിന്റെയും ഇസഹാക്കിന്റെയും ജീവിതം ഇതിവൃത്തമാക്കുന്ന ബൈബിൾ സിനിമ ‘ഹിസ് ഒൺലി സൺ’ തിയേറ്ററുകളിലേക്ക്. മാർച്ച് 31ന് റിലീസിനെത്തുന്ന സിനിമ ക്രൗഡ് ഫണ്ടിംഗിലൂടെയാണ് (പൊതുജനങ്ങളിൽനിന്ന് പണം സമാഹരിച്ച) നിർമിച്ചിരിക്കുന്നത്. വിഖ്യാത ബൈബിൾ പരമ്പരയായ ‘ദ ചോസണി’ന്റെ പിന്നിൽ പ്രവർത്തിക്കുന്ന എയ്ഞ്ചസ് സ്റ്റുഡിയോസിന്റെ ഈസ്റ്റർ സമ്മാനമായി വിശേഷിപ്പിക്കാം പുതിയ സിനിമയെ.
പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമിച്ച ഒരു സിനിമ യു.എസിലുടനീളം റിലീസ് ചെയ്യുന്നത് ഇത് ആദ്യമായിട്ടാകും. പ്രോജക്റ്റ് സ്പോൺസർ ചെയ്ത ആയിരക്കണക്കിന് ദാതാക്കൾ ഇതിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചതായി എയ്ഞ്ചൽ സ്റ്റുഡിയോസ് വെളിപ്പെടുത്തി. അറുപതിനായിരത്തോളം നിക്ഷേപകരിൽ നിന്ന് 12,35,000 ഡോളറാണ് ചിത്രത്തിനു വേണ്ടി സമാഹരിച്ചെന്ന് എയ്ഞ്ചൽ സ്റ്റുഡിയോസിന്റെ വക്താവ് ജാർഡ് ജീസി പറഞ്ഞു.
ഉൽപ്പത്തി പുസ്തകം 12മുതൽ 22വരെയുള്ള അധ്യായങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം, ഇറാഖിൽ സേവനം ചെയ്തിരുന്ന യു.എസ് മറൈൻ ആയിരുന്ന ഹെല്ലിംഗാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇറാഖിൽ സേവനം ചെയ്യുന്ന കാലത്താണ് മനസിൽ ഉദിച്ച ഈ ആശയം എതാണ്ട് അഞ്ച് വർഷത്തെ അധ്വാനത്തിലൂടെയാണ് പൂർത്തിയാക്കിയത്. ‘ദ ചോസൺ’ പരമ്പര ‘ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുമായി കണ്ടുമുട്ടുന്ന നിലവാരമാണ് ‘ഹിസ് ഒൺലി സണ്ണി’ന് ഉള്ളതെന്ന് ഹെല്ലിംഗ് അഭിപ്രായപ്പെട്ടു.
ലെബനീസ് സിനിമാ- ടെലിവിഷൻ താരം നിക്കോളാസ് മൗവാദാണ് അബ്രഹാമിനെ അവതരിപ്പിക്കുന്നത്. സാറാ സെയ്ദ്, സ്‌കോട്ട് കൂപ്പർ, ഡാനിയൽ ഡ സിൽവ, ഒട്ടാവിയോ തദ്ദേയ്, അലക്സാണ്ട്രിയ ലിയോർ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘ദ ചോസൺ’ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തീർച്ചയായും ‘ഹിസ് ഒൺലി സൺ’ എന്ന സിനിമയും ഇഷ്ടപ്പെടുമെന്ന് ജീസി കൂട്ടിച്ചേർത്തു.
Leave a Comment
Your email address will not be published. Required fields are marked with *