Follow Us On

23

December

2024

Monday

കിനാവുകളെ ശുദ്ധിചെയ്യുക

''നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മുഴുവൻ അവിടുത്തെ ഹിതപ്രകാരമാവുക. ആന്തരികമായ ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്.''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ 31

കിനാവുകളെ ശുദ്ധിചെയ്യുക

”ക്രിസ്തുവിനെ അനുഗമിക്കുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ആദ്യശിഷ്യരെ സംബന്ധിച്ചിടത്തോളം ഈശോയോടൊപ്പം യാത്ര ചെയ്യുക. സ്വന്തം തൊഴിലും ലക്ഷ്യങ്ങളും ജീവിതം തന്നെയും ക്രിസ്തുവിനു നൽകി അവിടുത്തോടൊപ്പം സഞ്ചരിക്കുക. ഇത് ബാഹ്യമായ ഒരു പ്രവൃത്തി മാത്രമല്ല, ആന്തരികവുമാണ്. നമ്മുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും മുഴുവൻ അവിടുത്തെ ഹിതപ്രകാരമാവുക. ഇവിടെ ആന്തരികമായ ഈ മാറ്റം വളരെ പ്രധാനപ്പെട്ടതാണ്. എന്നിലേക്കു ചുരുങ്ങാനോ എന്റെ സംതൃപ്തി മാത്രം ലക്ഷ്യം വച്ചു ജീവിക്കാനോ അല്ല അവിടുത്തെ അനുഗമിക്കുന്നത്. ഇത് പ്രധാനമായും എന്നെത്തന്നെ അവിടുത്തേക്ക് നൽകുന്നതാണ്. സ്വന്തം വിജയവും പരാജയവുമല്ല ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം മറിച്ച്, സത്യവും സ്നേഹവും ഒന്നിക്കുന്ന ഈശോയുടെ കൈകളിലേക്ക് നൽകുക എന്നതാണ് അത്.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രഭാഷണം, 1 ഏപ്രിൽ 2007).

നമ്മെത്തന്നെ ക്രിസ്തുവിനു നൽകണമെങ്കിൽ നമ്മുടെ സ്വകാര്യ കിനാവുകളും അവിടുത്തേക്കു നൽകണം. മറ്റു പതിനൊന്നു ശിഷ്യരെപ്പോലെയും തിരഞ്ഞെടുക്കപ്പെട്ടവനായിരുന്നു യൂദാസ്. ഈശോ ഏറെ പ്രതീക്ഷ കൽപ്പിച്ചിരുന്ന ശിഷ്യൻ. മിനിസ്ട്രിയുടെ മുഴുവൻ സാമ്പത്തിക ചുമതല വഹിച്ചിരുന്നവൻ. ആരും ചതിയന്മാരായി ജനിക്കുന്നില്ല. അങ്ങനെ ആയിത്തീരുന്നു ചിലർ. ദാരുണമായിരുന്നു അവന്റെ അവസാനം. എന്താണ് അവന് പറ്റിയത്?

യൂദാസ് കിനാവുകണ്ട മിശിഹാ ആയിരുന്നില്ല യേശു. അതവനെ കുറച്ചൊന്നുമല്ല നിരാശനാക്കിയത്. റോമൻ ആധിപത്യത്തിൽനിന്നും ഇസ്രായേലിനെ വിടുവിക്കുന്ന ഒരു പൊളിറ്റിക്കൽ മിശിഹായെ അവൻ സ്വപ്നം കണ്ടു. ഭൂമിയിലെ ദൈവരാജ്യം. അതായിരുന്നു യൂദാസിന്റെ ചിന്തകളെ മതിച്ചത്. സമ്പത്തിന്റെ ക്രയവിക്രയത്തിലെല്ലാം ഇക്കാര്യം കൃത്യമായി സൂക്ഷിക്കാൻ ശ്രമിച്ചു. രക്ഷകന്റെ കാലിൽ ഒരു പാവം പെൺകുട്ടി സുഗന്ധ തൈലം പൂശുന്നത് കണ്ടപ്പോൾ ക്ഷുഭിതനായതും ഇതുകൊണ്ടുതന്നെ. പണം, അതവന്റെ സിരകളിൽ കാര്യമായി സ്വാധീനം ചെലുത്തി.

ഏതൊരാളുടെയും കരങ്ങളിൽ ദൈവം ഏൽപ്പിക്കുന്ന കൃപാവരങ്ങളുമായി ബന്ധപ്പെട്ടതാണ് അവരുടെ പ്രലോഭനങ്ങളും. നിങ്ങളുടെ ജീവിതത്തിന്റെ ഏറ്റം ദുർബലമായ കണ്ണി ഏതെന്നു നിങ്ങളേക്കാളധികം അറിയാവുന്നത് പിശാചിനാണ്. ക്രിസ്തു പലവട്ടം ഇതുമായി ബന്ധപ്പെട്ട് അവന് മുന്നറിയിപ്പ് നൽകിയിട്ടും അവൻ ആ കല്ലിൽതന്നെ തട്ടിത്തകർന്നു. ‘ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം’ (1തിമോ. 6:10). ധനമോഹമെന്ന പ്രലോഭനവും പൊളിറ്റിക്കൽ മിശിഹായെന്ന കിനാവിനുമിടയിൽ ഏറ്റം ഹീനനായ ശിഷ്യനായി അവൻ മാറുന്നത് കാണുക: ‘ഞാൻ അവനെ നിങ്ങൾക്കു ഏൽപ്പിച്ചു തന്നാൽ നിങ്ങൾ എനിക്കു എന്തു തരും?,’ (മത്തായ 26:15).

അവൻ വിറ്റുതുലച്ച യേശുവിനെ തിരിച്ചു വാങ്ങാൻ 30 വെള്ളിനാണയങ്ങളുമായി അവൻ ഓടുന്നുണ്ട്. പക്ഷേ അവനു കഴിഞ്ഞില്ല. കാരണം, നാണയം നൽകി തിരിച്ചെടുക്കാവുന്നതല്ല യേശുവിനെ. കൃപാവരങ്ങളുടെ നാഥനെ തള്ളിക്കളയാനും നിഷേധിക്കാനും എളുപ്പമാണ്. തിരിച്ചുകിട്ടുക ക്ലേശകരവും. യൂദാസ് നന്നായി അനുതപിച്ച് ഒന്നു കരഞ്ഞിരുന്നെങ്കിൽ! അതെ, കരയണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?