Follow Us On

23

January

2025

Thursday

ജാഗ്രത കൈവിടരുത്

ജാഗ്രത കൈവിടരുത്

”സഭയിലിന്ന് സമർപ്പിത ജീവിതത്തിന്റെ അന്ത്യമായെന്നോ, സമർപ്പിത ജീവിതം അസംബന്ധവും വിഡ്ഢിത്തരവുമാണെന്നോ പ്രഖ്യാപിക്കുന്ന വിനാശത്തിന്റെ പ്രവാചകന്മാരോടൊപ്പം കൂട്ടുചേരരുത്. പകരം, വിശുദ്ധ പൗലോസ് പറയുന്നതുപോലെ നിങ്ങൾ യേശുക്രിസ്തുവിനെ ധരിക്കുകയും പ്രകാശത്തിന്റെ കവചം അണിയുകയും ചെയ്യുക. ഉണർന്ന് ജാഗരൂകരായിരിക്കുക. ചില സമയങ്ങളിൽ പ്രത്യക്ഷമാവുകയും ചിലപ്പോൾ മറഞ്ഞിരിക്കുന്നതുമായ ഒരു ‘മുഖം’ തേടിയുള്ള തീർത്ഥാടനമാണ് വാസ്തവത്തിൽ സമർപ്പിതജീവിതം. ദൈനംദിനം ചെറുകാൽവയ്പ്പുകളിലൂടെയും ശ്രേഷ്ഠമായ തീരുമാനങ്ങളിലൂടെയും ഇത് നിങ്ങളുടെ ഹൃദയത്തിന്റെ നിരന്തരമായ അനുഗ്രഹമാകട്ടെ.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, പ്രസംഗം, 2 ഫെബ്രുവരി 2013)

രണ്ടിടങ്ങളിലാണ് ജാഗ്രതസൂക്ഷിക്കാൻ ക്രിസ്തു ശിഷ്യരോട് ആവശ്യപ്പെടുന്നത്: ഗെത്‌സെമനിലും മനുഷ്യപുത്രന്റെ ആഗമനവുമായി ബന്ധപ്പെട്ടും. ചിന്തകനായ ബ്ലെയ്സ് പയ്ക്കാൽ പറയുംപോലെ, ‘ക്രിസ്തു ലോകാവസാനംവരെ മരണയാതനയിലാണ്. അതിനാൽ, നാം ഇപ്പോൾ ഉറങ്ങി വിശ്രമിക്കരുത്.’

തന്റെ വിരുന്നിൽ പലവട്ടം പങ്കുപറ്റിയ ശിഷ്യരോടാണ് ഉണർന്നിരിക്കാൻ ഈശോ ആവശ്യപ്പെടുന്നത്. അവരാകട്ടെ, കാര്യമായ മയക്കത്തിലായിരുന്നു. ഗെത്‌സെമനിൽ രക്തം വിയർത്തു രക്ഷകൻ നിലവിളിക്കുമ്പോഴും ശിഷ്യർ ഉറങ്ങി. ശിഷ്യർ ഉറങ്ങുന്ന നേരത്തും അന്ധകാരത്തിന്റെ ദൂതൻ രക്ഷകനെ വധിക്കാനുള്ള പദ്ധതികളുമായി ഉണർന്നിരുന്നു.

കൂടെനിൽക്കാനും കൂട്ടിനുണ്ടാകാനും വിളിക്കപ്പെട്ടവർ സുഖനിദ്രയിൽ ആകുമ്പോഴാണ് തിന്മയുടെ ശക്തികൾ പ്രബലമാകുന്നത്. ജാഗ്രതയെന്ന ബോർഡ് തെളിയുന്നത് അപകട സൂചനയെ കാണിക്കുന്നതാണ്. എന്നാൽ, യാതൊരു ജാഗ്രതയുമില്ലാതെ ആ വഴിയിൽ സഞ്ചരിച്ചാലോ. വീഴ്ച നിശ്ചയം. അതാണ്, അന്ന് ഗെത്‌സെമനിൽ സംഭവിച്ചത്. ഇന്ന് ലോകത്തിൽ സംഭവിക്കുന്നതും.

ജാഗ്രത പാലിക്കാൻ വിളിക്കപ്പെട്ടവർ സ്വയം മറന്നു സ്വന്തം സ്വകാര്യ സന്തോഷങ്ങളിലേക്ക് പ്രവേശിച്ചപ്പോൾ തിന്മയുടെ ശക്തികൾ പ്രബലമായി. മനുഷ്യപുത്രന്റെ ആഗമനവുമായി ബന്ധപ്പെട്ടും ജാഗ്രത സൂക്ഷിക്കാൻ ക്രിസ്തു പറയുന്നുണ്ട്. ‘ശ്രദ്ധാപൂർവ്വം ഉണർന്നിരിക്കുവിൻ’ (മർക്കോ.13:33).

മണവാളൻ വരാൻ വൈകിയപ്പോൾ ഉറങ്ങിപ്പോയ കന്യകമാരാകരുത് നാം. വിളക്കുമാത്രം കരുതിയവർ വിവേകശൂന്യരായിരുന്നു. വിവേകമതികളാകട്ടെ വിളക്കിനൊപ്പം എണ്ണയും കരുതി. സ്നേഹത്തിന്റെ എണ്ണ കൈവശം കരുതാതെ ഉണർന്നിരിക്കാൻ നിങ്ങൾക്കാവില്ല. ലോകത്തിനു വിളക്കാകാൻ ഇന്ധനം വേണം. ഇന്ധനം തീരുമ്പോൾ കരിന്തിരി കത്തും. ആ കരിന്തിരിയുടെ വെളിച്ചത്തിൽ നിങ്ങൾ മയങ്ങിയേക്കും.

നിങ്ങളുടെ ജീവിതവിളക്കു തെളിയിക്കാൻ ആവശ്യമായ സ്നേഹത്തിന്റെയും പ്രത്യാശയുടെയും എണ്ണയുണ്ടോ എന്നു പരിശോധിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?