Follow Us On

23

December

2024

Monday

ദൃക്സാക്ഷിയുടെ സാക്ഷ്യം

''ഒരു മനുഷ്യായുസ് മുഴുവൻ സമർപ്പിക്കാനാകുംവിധം ക്രിസ്തു എന്റെ ജീവിതത്തിന്റെ ആകർഷണ വിഷയമായിട്ടുണ്ടോ?''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ- 33

ദൃക്സാക്ഷിയുടെ സാക്ഷ്യം

”സ്നേഹിക്കാൻ നിങ്ങൾ ധൈര്യം കാണിക്കുക. സ്നേഹത്തിൽ കുറഞ്ഞ മറ്റൊന്നിനും വേണ്ടി ഈ ജീവിതം നൽകരുത്. കാരണം, സ്നേഹം ശക്തമാണ്, ഒപ്പം മനോഹരവും. നിങ്ങളുടെ മുഴുവൻ ആയുസും ജീവിതവും ആനന്ദമാക്കാൻ സ്നേഹിക്കുക. നിങ്ങളെത്തന്നെ ദൈവകരങ്ങളിലും നിങ്ങളുടെ സഹോദരങ്ങൾക്കുമായും നൽകുക. വെറുപ്പിനെയും മരണത്തെയും സ്നേഹത്തിലൂടെ പരാജയപ്പെടുത്തിയ അവിടുത്തെ അനുകരിക്കുക.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ലോകയുവജന സംഗമം, 2007)

ലോക ചരിത്രം രണ്ടായി പകുത്തു കിടക്കുന്നു: സ്നേഹമായി അവതരിച്ച മനുഷ്യപുത്രന് മുൻപും പിൻപും എന്നവിധം. ചരിത്രത്തിൽ മാത്രമല്ല, രക്ഷകന്റെ സ്നേഹം അനുഭവിക്കുന്ന ഏതൊരാളുടെ ജീവിതവും മുൻപും പിൻപും എന്നിങ്ങനെ രണ്ടു കാലഘട്ടങ്ങൾ ഉണ്ടാകും. വ്യക്തിപരമായ ഒരു ക്രിസ്താനുഭവം ഒരാളുടെ ജീവിതയാത്രയുടെ ദിശയും ദർശനവും ആപ്പാടെ മാറ്റിയേക്കും.

സ്നാപകന്റെ ശിഷ്യനായിരിക്കെയാണ് ചെറുപ്പക്കാരനായ യോഹന്നാൻ യേശുവിനെ കണ്ടുമുട്ടുന്നത്. കൃത്യമായ സമയം പോലും അവൻ രേഖപ്പെടുത്തുന്നുണ്ട്, വൈകിട്ട് നാലു മണി (യോഹ. 1:35-39). ആ സമയം മുതൽ കുരിശോളവും യോഹന്നാനുണ്ട്. പിന്നീട് കുരിശുയാത്രയുടെ നേർസാക്ഷ്യം അവതരിപ്പിക്കുന്നതും ഈ ശിഷ്യൻ തന്നെ. ‘പടയാളികളിൽ ഒരുവൻ അവന്റെ പാർശ്വത്തിൽ കുന്തംകൊണ്ടു കുത്തി. ഉടനെ അതിൽനിന്ന് രക്തവും വെള്ളവും പുറപ്പെട്ടു. അതു കണ്ടയാൾ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്,’ (യോഹ. 19:34-35).

അനുഭവിച്ച സ്നേഹവും ആസ്വദിച്ച സാന്നിധ്യവും കറപുരളാതെ സാക്ഷ്യപ്പെടുത്താൻ യോഹന്നാൻ ശ്രമിക്കുന്നുണ്ട്. വിശുദ്ധ പൗലോസിനും സമാന അനുഭവമാണുള്ളത്. എന്നാൽ, യേശുവിന്റെ പ്രവൃത്തിയാണ് മുഖ്യ ധ്യാനവിഷയം. സകല നിയമങ്ങളും പ്രവചനങ്ങളും ക്രിസ്തുവിൽ പൂർത്തിയാക്കുന്നതിന്റെ ചരിത്രമാണ് വിശദീകരിക്കുന്നത്. യോഹന്നാനാകട്ടെ, യേശുവെന്ന വ്യക്തിയാണ് പ്രധാനം. അതുകൊണ്ടുതന്നെ യോഹന്നാന്റെ സുവിശേഷത്തിലുടനീളം ‘ഞാൻ ‘ എന്നു തുടങ്ങുന്ന പ്രസ്താവനകൾ പലതും കാണാം. ‘ഞാനാണ് ജീവന്റെ അപ്പം’ (യോഹ. 6:35), ‘ഞാൻ ലോകത്തിന്റെ പ്രകാശമാണ്’ (8:12), ഞാനാണ് ആടുകളുടെ വാതിൽ’ (10:7), ‘ഞാൻ നല്ല ഇടയനാണ്’ (10:11), ‘വഴിയും സത്യവും ജീവനും ഞാനാണ്’ (14:6).

യേശുവുമായുള്ള വ്യക്തിബന്ധം യോഹന്നാനെ സ്നേഹത്തിന്റെ സുവിശേഷകനാക്കി. മറ്റൊന്നിനുംവേണ്ടി വിഭജിക്കപ്പെടാത്തവിധം ആ ബന്ധം ആഴപ്പെട്ടിരിക്കുന്നു. ഏറെകാര്യങ്ങൾക്കായി വിഭജിക്കപ്പെട്ടുപോകുന്ന നമ്മുടെ ജീവിതം ഇനിയും ഒരു എ.ഡിയും ബി.സിയുമായി തിരിക്കാൻ ഇടവന്നിട്ടില്ലെന്നത് ദുരന്തമാണ്. ഒരു മനുഷ്യായുസ് മുഴുവൻ സമർപ്പിക്കാനാകുംവിധം ക്രിസ്തു എന്റെ ജീവിതത്തിന്റെ ആകർഷണ വിഷയമായിട്ടുണ്ടോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?