ലോസ് ആഞ്ചലസ്: പരിശുദ്ധ ദൈവമാതാവിന്റെ മംഗളവാർത്താ തിരുനാൾ ദിനമായ മാർച്ച് 25ന് ആറ് മൈൽ ദൈർഘ്യമുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി അമേരിക്കൻ നഗരം. ലോസ് ആഞ്ചലസ് ആർച്ച്ബിഷപ്പ് ഹൊസെ ഗോമസ് നേതൃത്വം നൽകുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ അനേകായിരങ്ങൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ദിവ്യകാരുണ്യ ഭക്തി നവീകരിക്കാൻ അമേരിക്കൻ കത്തോലിക്കാ മെത്രാൻ സമതി നടപ്പാക്കുന്ന ‘നാഷണൽ യൂക്കറിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായാണ് ലോസ് ആഞ്ചലസിന്റെ നഗരവീഥികളിലൂടെ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുക. ഓൺലൈനിലൂടെ സൈൻ അപ്പ് ചെയ്തതിനുശേഷം പ്രദക്ഷിണത്തിൽ പങ്കെടുക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുമുണ്ട്.
ലോസ് ആഞ്ചലസിലെ വിഖ്യാതമായ മിഷൻ സാൻ ഗബ്രിയേൽ ദൈവാലയത്തിൽ 8.30ന് അർപ്പിക്കുന്ന ദിവ്യബലിയെ തുടർന്നാണ് പ്രദക്ഷിണം ആരംഭിക്കുക. 2020ലെ അഗ്‌നിബാധയിൽ തകർക്കപ്പെട്ടതിനെ തുടർന്ന് പുനർനിർമിച്ച ദൈവാലയത്തിൽ നടത്തുന്ന പ്രഥമ ദിവ്യബലികൂടിയായിരിക്കും ഇത്. ഇവിടെനിന്ന് മൂന്ന് മൈൽ അകലെയുള്ള സെന്റ് ലൂക്ക് ഇവാഞ്ചലിസ്റ്റ് ദൈവാലയത്തിലെത്തി അവിടെനിന്ന് പ്രദക്ഷിണം സാൻ ഗബ്രിയേൽ മിഷൻ ദൈവാലയത്തിൽ തിരിച്ചെത്തും. അവിടെയാണ് സമാപന ദിവ്യകാരുണ്യ ആശീർവാദം ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ കുർബാനയിലുള്ള ക്രിസ്തുസാന്നിധ്യം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കാൻ വിശ്വാസികളെ പ്രചോദിപ്പിക്കാൻ ദിവ്യകാരുണ്യ പ്രദക്ഷിണം സഹായിക്കും. ‘നാഷണൽ യൂക്കറിസ്റ്റിക് റിവൈവലി’ന്റെ ഭാഗമായി ഇതിനകം രാജ്യത്ത് 100ൽപ്പരം ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്തിയിട്ടുണ്ട്. ആത്മീയ നവോത്ഥാനത്തിന്റെ ഈ ഘട്ടത്തിൽ അമേരിക്കയിലെ ഓരോ രൂപതയിലും ദിവ്യകാരുണ്യത്തെ അടുത്തറിയാനും അനുഭവിക്കാനുമുള്ള വിവിധ പരിപാടികളാണ് ‘നാഷണൽ യൂക്കരിസ്റ്റിക് റിവൈവൽ’ ആസൂത്രണം ചെയ്തിരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *