Follow Us On

06

May

2024

Monday

സഭയ്ക്കുംവേണം അനുതാപ സങ്കീർത്തനം

സഭയ്ക്കുംവേണം അനുതാപ സങ്കീർത്തനം

”സത്യസന്ധതയാണ് ഏറ്റവും സത്താപരമായ പുണ്യവും മൂല്യവും. സഭ എന്താണ്, എന്തല്ല എന്നൊക്കെ തിരിച്ചറിയുമ്പോൾ അതു തീർച്ചയായും സത്യസന്ധതയുമായി ബന്ധപ്പെട്ടതാകണം. ഈയർത്ഥത്തിൽ, ഒരു തിരിഞ്ഞുനോട്ടം, ഒരാത്മശോധന നല്ലതാണ്. സഭാചരിത്രത്തിൽ നിലാവിനു പകരം നിഴലുകൾ വീണു കിടന്ന വശങ്ങളെ ഒളിപ്പിക്കാതെ ഏറ്റുപറയുന്നത് സത്യസന്ധതയ്ക്കും സന്മാർഗത്തിനും ഒഴിച്ചുകൂടാനാവാത്തതാണ്. ക്രിസ്ത്യാനിയായിരിക്കുക എന്ന ജീവിതാവസ്ഥയുടെ സത്തയോട് ഒട്ടിക്കിടക്കുന്നതാണ് ഏറ്റുപറച്ചിൽ, വിലയിരുത്തൽ, സ്വന്തം തെറ്റുകുറ്റങ്ങൾ അംഗീകരിച്ച് കുമ്പസാരിക്കൽ എന്നിവ. അതു സഭയ്ക്കും ബാധകമാണ്. ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും സത്യസന്ധതയോടെ നിൽക്കാൻ സഭ ‘ഒരനുതാപ സങ്കീർത്തനം’ പാടുന്നത് ഉചിതമാണ്.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ഭൂമിയുടെ ഉപ്പ്, 1996).

സഭയുടെ മഹാജൂബിലി വർഷത്തെ നോമ്പിലെ ആദ്യ ഞായറാഴ്ച (12 മാർച്ച് 2000) ആയിരുന്നു അത് സംഭവിച്ചത്. സഭ കഴിഞ്ഞ നാളുകളിൽ ചെയ്തുപോയ തെറ്റുകൾക്ക് എണ്ണിയെണ്ണി അവളുടെ നാമത്തിൽ ജോൺപോൾ രണ്ടാമൻ പാപ്പ ലോകത്തോട് മാപ്പിരന്നു. എഴുപത്തിയൊമ്പത് വയസുകാരനായ പാപ്പ ക്രൂശിതരൂപത്തെ ചേർത്തുപിടിച്ച് പത്രോസിന്റെ ബസിലിക്കയിൽവെച്ച് മാപ്പിരന്നത് ആധുനിക സഭയുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമായി മാറി.

ന്യായീകരണങ്ങൾ നിരത്താതെ യഹൂദരോടു കാണിച്ച അനീതിക്കും അകത്തോലിക്കരോട് കാണിച്ച അവജ്ഞയ്ക്കും സത്യത്തോടു കാണിച്ച ധാർഷ്ഠ്യത്തിനും എന്നിങ്ങനെ ഏഴു കാര്യങ്ങൾക്കായി പാപ്പ മാപ്പിരന്നു. പാർക്കിസൻസ് മൂലം ഏറെ ശാരീരിക വേദന അനുഭവിച്ച പാപ്പ, മറിയത്തിന്റെ മടിയിൽ കിടക്കുന്ന ക്രിസ്തുവിനെ ചുംബിക്കാൻ (പിയത്തായുടെ രൂപം) ക്ലേശിക്കുന്നത് നോക്കിക്കാണുക എളുപ്പമായിരുന്നില്ല.

ഇന്നും, സഭയ്ക്ക് പ്രാദേശികമായും അല്ലാതെയും ഒരു മാപ്പിരക്കൽ ആവശ്യമില്ലേ? സ്നേഹത്തിന്റെ കൂദാശയെ ധാർഷ്ഠ്യത്തിന്റെ ആയുധമാക്കിയതിന്, ക്രിസ്തുവിന്റെ കാരുണ്യത്തെ അവഗണിച്ചതിന്, ആ സ്നേഹത്തെ പങ്കുവെക്കാതെ പോയതിന്, ആനുകൂല്യങ്ങൾ അവകാശങ്ങളായി വ്യാഖ്യാനിച്ചതിന്, ദൈവജനത്തെ നിന്ദിച്ചതിന്, ദൈവസഭയുടെ മുഖം അപകീർത്തിച്ചതിന്… ചങ്കുലയും ഇരുന്നു ചിന്തിച്ചാൽ.

മറിയത്തിന്റെ മടിയിൽ കിടക്കുന്ന മുറിവേറ്റ ക്രിസ്തു ഇന്നത്തെ സഭയാണ്. നിന്ദാവമാനങ്ങളും പരിക്കുകളും ഏറെ ഏറ്റ സഭ. സ്വന്തം മക്കളാൽ മുറിവേറ്റ സഭയാണിത്. ‘അങ്ങേയ്ക്കെതിരായി, അങ്ങേയ്ക്കു മാത്രമെതിരായി ഞാൻ പാപം ചെയ്തു.’ (സങ്കീർത്തനങ്ങൾ 51:4). ദൈവത്തിന്റെ ശക്തി കൂടുതൽ പ്രകടമാകാൻ ഒരു പാപ സങ്കീർത്തനം ആലപിക്കാതെ തരമില്ല. മിയകുൾപ്പ, മിയക്കുൾപ്പ, മിയ മാക്സിമ കുൾപ്പ!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?