Follow Us On

13

September

2024

Friday

സ്‌നേഹത്തിന് പരാജയമില്ല

''കർത്താവിന്റെ കരുണയുടെയും ക്ഷമയുടെയും ആഴമറിയാൻ ക്രൂശിതനെ ധ്യാനിക്കുക.''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ 44

സ്‌നേഹത്തിന് പരാജയമില്ല

”സ്നേഹം പരാജയപ്പെടില്ല, ഒരിക്കലും. കുരിശിൽ നമുക്കായി മരിക്കുന്ന ഈശോയെ നോക്കുമ്പോഴാണ് യഥാർത്ഥത്തിൽ നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനപരമായ സത്യം അറിയാനും ധ്യാനിക്കാനും കഴിയുന്നത്: ‘ദൈവം സ്നേഹമാകുന്നു’ (യോഹ.4:8-16). ഈ ധ്യാനമാണ് ക്രിസ്ത്യാനിയുടെ ജീവിതത്തിലും യാത്രയിലും നിരന്തരം ഉണ്ടാകേണ്ടത്. വിശ്വാസത്തിന്റെ കണേ്ണാടെ ക്രൂശിതനായവനെ ധ്യാനിക്കുമ്പോഴാണ് പാപത്തിന്റെ ആഴവും അതിന്റെ ദുരന്തപൂർണമായ ഭാരവും നാമറിയുന്നത്. അതുപോലെതന്നെ, കർത്താവിന്റെ കരുണയുടെയും ക്ഷമയുടെയും ആഴമറിയാനും ക്രൂശിതനെ ധ്യാനിക്കുക.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ആഞ്ചലൂസ്, 25 ഫെബ്രുവരി 2007).

നിങ്ങളെ സ്നേഹിക്കാൻ ഈ ഭൂമിയിൽ ആരുമില്ലെന്നു കണ്ടാൽ നിങ്ങളെന്തു ചെയ്യും? നിങ്ങൾക്കായി കരുതാൻ ഒരാളുമില്ലെന്നു തോന്നിയാൽ, നിങ്ങൾ എങ്ങനെ ഈ ജീവിതം ജീവിച്ചുതീർക്കും? സ്നേഹിക്കാനും കാത്തിരിക്കാനുമൊക്കെ ആരെങ്കിലുമുണ്ടെന്ന ധാരണയിലല്ലേ വർത്തമാനകാലത്തെ ഏതൊരു ക്ഷോഭത്തെയും മറികടന്ന് മുന്നോട്ടുപോകാൻ കഴിയൂ. സ്നേഹം തണുത്തുറഞ്ഞുപോയാൽ സ്വയം നശിക്കാനും മറ്റുള്ളവരെ നശിപ്പിക്കാനും ഒരുമ്പെടുക സ്വാഭാവികമല്ലേ. ഇത്തരമൊരു അനുഭവമാണ് ന്യൂയോർക്കിൽ ജീവിച്ചിരുന്ന കുപ്രസിദ്ധ മാഫിയാ തലവൻ നിക്കി ക്രൂസിന്റേത്.

പോർട്ടൊ റിക്കോ എന്ന കരീബിയൻ ദ്വീപിലാണ് നിക്കിയുടെ ജനനം. പതിനെട്ട് മക്കളിൽ ഏറ്റം ഇളയവൻ. മാതാപിതാക്കൾ തികഞ്ഞ സാത്താൻ സേവകർ. ഭയത്തിന്റെയും വെറുപ്പിന്റെയും നിഴലിലായിരുന്നു നിക്കി ഉണരുന്നതും ഉറങ്ങുന്നതും. മിക്കവാറും എല്ലാ ദിവസവും സന്ധ്യയാകുമ്പോൾ ഗ്രാമവാസികളിൽ ചിലർ വീട്ടിലെത്തും, സാത്താൻസേവ നടത്താൻ. അവർ കാണിക്കുന്ന ചേഷ്ടകൾ ഈ കുരുന്നു മനസിന്റെ സമനില തെറ്റിക്കും. ‘നീ പിശാചിന്റെ സന്തതിയാണ്. ലൂസിഫറിന്റെ പുത്രൻ!’ ഇതാണ് അമ്മ മൂന്നു വയസുള്ള നിക്കിയോട് പറയാറുള്ളത്. പിശാചിനെ പ്രീതിപ്പെടുത്താൻ ഇവനെ അവർ ഉപദ്രവിക്കും.

കുത്തിമുറിവേൽപിക്കും. ഭയന്ന് ഓടിയൊളിക്കുമ്പോൾ, നിക്കിയെ പിടിച്ച് പക്ഷിക്കൂട്ടിലടയ്ക്കും. ശരീരത്തിലും അതിലേറെ മനസിലും ഏറെ മുറിവുകളേറ്റ ഈ ബാലൻ, ശരിക്കും കൂട്ടിലടയ്ക്കപ്പെട്ട പക്ഷിതന്നെയായിരുന്നു. തന്നോടും മറ്റുള്ളവരോടും ഒരുപോലെ വെറുപ്പു തോന്നിയ നാളുകൾ. സ്‌കൂളിൽ ഒരു റിബലായി, നിക്കി. നാട്ടിൽ ശല്യവും. പലവട്ടം വീട്ടിൽനിന്നും ഇറങ്ങിപ്പോയിട്ടുണ്ട്. പൊലീസ് അവനെ തിരിച്ച് വീട്ടിലെത്തിക്കും. സ്‌കൂളിൽനിന്നും പുറത്താക്കി. കൊച്ചുതോക്ക് ഉപയോഗിച്ച് പക്ഷികളെ വേട്ടയാടുന്നതിലായി പിന്നെ അവന്റെ വിനോദം. ഒടുക്കം പതിനാറു വയസുള്ള നിക്കിയെ ന്യൂയോർക്കിലേക്ക് അയച്ചു, അവന്റെ അപ്പൻ.

അങ്ങനെ നന്നേ ചെറുപ്പത്തിലേ ന്യൂയോർക്കു സിറ്റിയിലെ ഒരു മയക്കുമരുന്നുമാഫിയയുടെ ഭാഗമായി. ‘ന്യൂയോർക്ക് ഒരു കാടാണ്. കാട്ടുനീതിയാണ് ഇവിടുത്തെ നീതി. അതുകൊണ്ട് ആരെയും ഉപദ്രവിക്കാൻ നീ മടിക്കരുത്’ ഇതായിരുന്നു അവർ കൊടുത്ത ഉപദേശം. ക്രൂരത വിനോദമാക്കിയ നിക്കി രാത്രിയുടെ മറവിൽ എല്ലാ വഴികളിലൂടെയും നടന്നു. ജയിലും പൊലീസുമൊന്നും ഒരു വിഷയമേ അല്ലാതായി. നിരന്തരം മുറിവേറ്റ് വളർന്ന നിക്കിയെന്ന പക്ഷി, ചീറ്റുന്ന ചോരയ്ക്കുമുമ്പിൽ ഊറ്റം കൊള്ളാനും എല്ലാ നരകവഴികളും പിൻതുടരാനും തുടങ്ങി.

നിക്കിയെ തേടി ഒരു ദൈവദൂതനെത്തി, അന്ന്. ഇവർ താമസിക്കുന്ന കോളനിയിൽ ഒരു സായാഹ്ന ബൈബിൾ പ്രഭാഷണം. ദൈവസ്നേഹമായിരുന്നു വിഷയം. യോഹന്നാന്റെ സുവിശേഷത്തിലെ വചനം അയാൾ വ്യാഖ്യാനിച്ചു: ‘അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നൽകാൻ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു’ (യോഹന്നാൻ 3:16). ക്രിസ്തുവിന്റെ സ്നേഹത്തിന് സകലരെയും മാറ്റാൻ കഴിയും. വീട്ടിലിരുന്ന് നിക്കി ഇതു കേൾക്കുന്നുണ്ട്, തികഞ്ഞ അവജ്ഞയോടെ. കൈയിൽ വലിയ സിഗരറ്റുമുണ്ട്.

പ്രഭാഷണത്തിനുശേഷം സുവിശേഷകൻ നിക്കിയുടെ താമസസ്ഥലത്ത് എത്തി. ‘നിക്കി, ഈശോ നിന്നെ സ്നേഹിക്കുന്നു.’ ഇത് കേട്ടയുടനെ അയാളുടെ മുഖത്തു കാർക്കിച്ചു തുപ്പി, കരണത്ത് അടിച്ചു. ‘സ്നേഹമെന്ന ആ വാക്ക് ഇനിയും ഒരാവർത്തികൂടി പറഞ്ഞാൽ നിന്നെ ഞാൻ തുണ്ടം തുണ്ടമാക്കി നുറുക്കും.’ താഴെ വീണ ആ വചനപ്രഘോഷകൻ വിളിച്ചു പറഞ്ഞു: ‘നിനക്ക് എന്നെ കൊല്ലാം, വെട്ടിനുറുക്കാം. പക്ഷേ ഓരോ തുണ്ടവും വിളിച്ചുപറയും ഈശോ നിന്നെ സ്നേഹിക്കുന്നുവെന്ന്. ഞാനും നിന്നെ സ്നേഹിക്കുന്നു.’ സംഘത്തിലെ മറ്റാളുകൾ ചേർന്ന് ഈ വചനപ്രഘോഷകനെ അവിടെനിന്ന് പറഞ്ഞയച്ചു.

ആ രാത്രികളിൽ നിക്കിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ‘ഈശോ, നിന്നെ സ്നേഹിക്കുന്നു’ എന്ന വാക്കുകൾ ഒരു ഇരമ്പൽപോലെ കാതുകളിൽ നിരന്തരം മുഴങ്ങുന്നു. സ്നേഹം നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ അതേ വചനപ്രഘോഷകൻ അവരുടെ ദേശത്ത് എത്തിയതായി നിക്കി അറിഞ്ഞു. അയാളെ കൊല്ലാനുള്ള റിവോൾവറുമായാണ് നിക്കി അന്ന് പോയത്. ‘നിങ്ങളെന്റെ സമാധാനം തല്ലിക്കെടുത്തി. എന്റെ അമ്മയ്ക്കുപോലും എന്നെ വേണ്ടായിരുന്നു. എന്നിട്ട് ഈശോ എന്നൊരാളുടെ കാര്യം പറഞ്ഞ് എന്റെ സമനില തെറ്റിച്ച നിങ്ങളെ ഞാൻ കൊല്ലും,’ ആക്രോശത്തോടെ നിക്കി അയാളെ സമീപിച്ചു.

കാഞ്ചി വലിക്കാൻ ഒരുമ്പെടുമ്പോഴും തികഞ്ഞ ആത്മധൈര്യത്തോടെ സുവിശേഷകൻ പറഞ്ഞു, ‘നിക്കി, ഈശോ നിന്നെ സ്നേഹിക്കുന്നു. നിന്നെ നിനക്ക് ഇഷ്ടമില്ലെങ്കിലും മറ്റാർക്കും നിന്നെ ഇഷ്ടമില്ലെങ്കിലും ഈശോയ്ക്ക് നിന്നെ ഇഷ്ടമാണ്.’ പെട്ടെന്ന് നിക്കിയുടെ കൈയിലെ തോക്ക് താഴെ വീണു. അയാൾ പൊട്ടിക്കരയാൻ തുടങ്ങി. ഇപ്പോൾ നിക്കി മാഫിയാത്തലവനല്ല, ഒരു കുഞ്ഞാണ്! അപ്പായുടെ സ്നേഹത്തിനുമുമ്പിൽ വാവിട്ടു കരയുന്ന ഒരു കുഞ്ഞ്. അതെ, സ്നേഹം ഒരിക്കലും പരാജയപ്പെടില്ല (1 കോറിന്തോസ് 13:8).

ഇരുട്ടിനെക്കാൾ വെളിച്ചത്തിന് തേജസുണ്ട്. വെറുപ്പിനെക്കാൾ സ്നേഹത്തിന് ശക്തിയുണ്ട്. മരണത്തെക്കാൾ ജീവന് ശോഭയുണ്ട്. എല്ലാക്കാലത്തും ഇതാണ് സത്യം. നിത്യവെളിച്ചമായ ക്രിസ്തുവിന്റെ സാന്നിധ്യത്തിൽ വഴിമാറാത്ത ഒരു അന്ധകാരവും ഈ ഭൂമിയിലില്ല. ആ പരമസാന്നിധ്യത്തിന്റെ സ്നേഹത്തിൽ വെറുപ്പിന് നിലനിൽപ്പില്ല. ആ നിത്യജീവൻ മരണത്തെ കീഴടക്കും. കുപ്രസിദ്ധ മാഫിയാതലവൻ പ്രസിദ്ധ വചനപ്രഘോഷകനായി മാറിയ ചരിത്രം ‘റൺ ബേബി റൺ’ എന്ന തന്റെ ആത്മകഥയിൽ നിക്കി ക്രൂസ് വിശദീകരിക്കുന്നുണ്ട്. നിങ്ങളുടെ സ്നേഹത്തിന്റെ നീരുറവ കണ്ടെത്തുക. പിന്നെയത്, നിരന്തരം സ്നേഹം ചുരത്തിക്കൊണ്ടിരിക്കും.

എട്ട് വയസ് പ്രായമുള്ളപ്പോൾ നിക്കിയോട് അവന്റെ അപ്പൻ ഒരു കഥ പറഞ്ഞുകൊടുത്തു. പോർട്ടൊ റിക്കോയിൽ പറയപ്പെടുന്ന ഐതിഹാസികമായ ഒരു കഥ. ഇരുകാലുകളുമില്ലാത്ത ഒരു പക്ഷി. ചിറകിലാണ് അതിന്റെ ജീവിതം. ഭൂമിയെ സ്പർശിക്കാൻ അതിന് അവസരമില്ല. ഭൂമിയെ തൊടുന്നത് അതിന്റെ മരണദിനമായിരിക്കും. നിരന്തരം അസ്വസ്ഥമായി ഈ പക്ഷി പറക്കും. ദിശ അറിയാതെയും ലക്ഷ്യങ്ങൾ ഇല്ലാതെയും. നിക്കി ചോദിച്ചു: ‘അപ്പോൾ പക്ഷി എങ്ങനെ ഭക്ഷിക്കും?’ പറന്നു നടക്കുമ്പോൾ കിട്ടുന്ന കീടങ്ങളെ ഭക്ഷിക്കും. ചിറകിൽ വന്നിരിക്കുന്നവയെ തിന്നും. ഒന്നും വന്നിരിക്കാത്ത ദിവസം തീറ്റയില്ല. അതാണ് അതിന്റെ വിധി. ‘നിക്കി നീയാണ് ആ പക്ഷി,’ അവന്റെ അപ്പൻ പറഞ്ഞു. നിരന്തരം പറന്നു നടക്കുന്ന, അലക്ഷ്യമായി ചലിക്കുന്ന പക്ഷി.

വർഷങ്ങൾ പിന്നിട്ടപ്പോൾ നിക്കിക്ക് തോന്നി ശരിയാണ്, ഞാനാണ് ആ പക്ഷി. പക്ഷേ, ഇന്ന് അലക്ഷ്യമായോ അസ്വസ്ഥമായോ അല്ല ഞാൻ പറക്കുന്നത്. ചിറകുകളിൽ അഭയം നൽകുന്ന ദൈവത്തിന്റെ സംരക്ഷണത്തിലാണ്. നിക്കി ഇന്നു പറക്കുന്നത് ഏറെ ചെറുപ്പക്കാരെ നേർവഴിയിലേക്ക് തിരിക്കാനാണ്. നിക്കിയുടെ ചിറകിന് വലിയ ശക്തിയുണ്ട്. ഏറെ മനുഷ്യരെ സ്നേഹദൂത് അറിയിക്കുന്ന ദൈവദൂതരുടെ ചിറകിന്റെ ശക്തി.

ഒരിക്കലും പരാജയപ്പെടാത്ത സ്നേഹമേ, ഞാൻ നിന്നിലും നീ എന്നിലുമാണെന്ന് എന്നെ ഓർമപ്പെടുത്തണമേ. ഭ്രാന്തമായ ഈ ലോകത്ത് സ്നേഹത്തിന്റെ ഭ്രാന്ത് എനിക്ക് തരണമേ. സ്നേഹത്തിന്റെ ജ്വാലയിൽ എന്നിലെ സ്നേഹനിഷേധത്തിന്റെ ചാപല്യങ്ങൾ കീഴടങ്ങട്ടെ. ഓ സ്നേഹമേ, സ്നേഹമേ….!

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?