Follow Us On

27

April

2024

Saturday

ബഹിരാകാശ കേന്ദ്രത്തിലെ ദിവ്യകാരുണ്യ സ്വീകരണം; ആരേയും അമ്പരപ്പിക്കും ഹോപ്ക്കിൻസിന്റെ സാക്ഷ്യം

ബഹിരാകാശ കേന്ദ്രത്തിലെ ദിവ്യകാരുണ്യ സ്വീകരണം; ആരേയും അമ്പരപ്പിക്കും ഹോപ്ക്കിൻസിന്റെ സാക്ഷ്യം

ആറ് മാസം ദീർഘിച്ച ബഹിരാകാശ ദൗത്യത്തിലും വിശുദ്ധ കുർബാന സ്വീകരണം മുടങ്ങാതിരിക്കാൻ ആശീർവദിച്ച തിരുവോസ്തിയുമായി ബഹിരാകാശ കേന്ദ്രത്തിലേക്ക് നടത്തിയ സംഭവബഹുലമായ പര്യടനത്തിന്റെ വിശേഷങ്ങൾ മൈക്ക് ഹോപ്ക്കിൻസിൽനിന്ന് കേൾക്കാം, ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ച ഈ പെസഹാ തിരുനാളിൽ.

ഒപ്പമുള്ള ബഹിരാകാശ യാത്രികർ പലപല വസ്തുക്കൾ കൂടെക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ, മൈക്ക് ഹോപ്ക്കിൻസ് കൂടെകൂട്ടാൻ ഏറ്റവും അധികം ആഗ്രഹിച്ചത് ഉറ്റസ്‌നേഹിതനെയാണ്- 2012മുതൽ ജീവിതത്തിലെ അവിഭാജ്യ ഭാഗമാക്കിയ ദിവ്യകാരുണ്യനാഥനെ! ആഗ്രഹം പ്രാർത്ഥനയായപ്പോൾ അടഞ്ഞുകിടക്കാൻ സാധ്യതയേറെയുണ്ടായിരുന്ന വാതിലുകൾ ഒന്നൊന്നായി തുറക്കപ്പെട്ടു. ശേഷം ജനിച്ചത് ബഹിരാകാശയാത്രയിലെ പുതുചരിത്രം – ആറുമാസത്തെ ദൗത്യത്തിനായി മൈക്കിനൊപ്പം ദിവ്യകാരുണ്യനാഥനും ബഹിരാകാശ സഞ്ചാരിയായി! 2013ലായിരുന്നു സംഭവബഹുലമായ ആ പര്യടനം.

ആ ബഹിരാകാശ പര്യടനത്തെ കുറിച്ച് ബഹിരാകാശ യാത്രീകൻ മൈക്ക് ഹോപ്ക്കിൻസ് ‘ശാലോം വേൾഡി’ന് നൽകിയ അഭിമുഖത്തിൽനിന്ന്.

? മൈക്ക്, താങ്കളുടെ വിദ്യഭ്യാസത്തെ കുറിച്ച് പറയാമോ

മിസൗറിയിലെ ഒരു ചെറിയ സ്‌കൂളിലാണ് പഠിച്ചത്. അവിടെ എല്ലാവരും എല്ലാത്തരം പാഠ്യേതരവിഷയങ്ങളിലും പങ്കെടുത്തിരുന്നു. സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിൽ ചേർന്ന് ഏറോസ്‌പേസ് എൻജിനീറിങ് പഠിച്ചു. തുടർന്ന് എയർഫോഴ്‌സിൽ ഫ്‌ളൈറ്റ് ടെസ്റ്റ് എൻജിനീറായി ജോലിയിൽ പ്രവേശിച്ചു.

?എപ്പോഴാണ് ഒരു ബഹിരാകാശ സഞ്ചാരിയാകണം എന്ന ആഗ്രഹം തോന്നിയത്; അത് ഒരു സ്വപ്‌നമായിരുന്നോ

അതെ, ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ എനിക്ക് ബഹിരാകാശ ശാസ്ത്രത്തിൽ താൽപ്പര്യമായിരുന്നു. ബഹിരാകാശ പേടകത്തിന്റെ വിക്ഷേപങ്ങൾ ടി.വിയിൽ വളരെ കൗതുകത്തോടെ കാണുമായിരുന്നു ഞാൻ. ഒരുനാൾ എനിക്കും അതുപോലെ പോകാനാകുമെന്ന് ചിന്തിച്ചിരുന്നു. എന്റെ അച്ഛനും അങ്കിളും വ്യോമമേഖലയിലായിരുന്നു തൊഴിൽചെയ്തിരുന്നത്. അതും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

? കുടുംബത്തെ കുറിച്ച്; എങ്ങനെയാണ് ഭാര്യയെ ആദ്യമായി കണ്ടുമുട്ടിയത്

ഞാൻ പഠിച്ച അതേ യൂണിവേഴ്‌സിറ്റിയിൽതന്നെയായിരുന്നു എന്റെ ഭാര്യ ജൂലിയും പഠിച്ചത്. ഞങ്ങൾ വിവാഹിതരാകുന്നതിന് മുമ്പുതന്നെ നല്ല സുഹൃത്തുക്കളായിരുന്നു. എന്റെ ബഹിരാകാശ സ്വപ്‌നങ്ങൾ മനസിലാക്കുകയും എനിക്കുവേണ്ട പിന്തുണ നൽകുകയും ചെയ്തു ജൂലി. പരിശീലനത്തിന്റെ ഭാഗമായി വീട്ടിൽനിന്ന് വിട്ടുനിൽക്കേണ്ട സമയങ്ങളിൽ, വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും വളരെ ഭംഗിയായി നോക്കിയതും അവളാണ്. ജൂലിയുടെ കരുതലും പിന്തുണയുമില്ലായിരുന്നെങ്കിൽ എനിക്ക് ഇതൊന്നും സാധ്യമാകുമായിരുന്നില്ല. എന്റെ രണ്ടു മക്കളും ഇന്ന് യുവത്വത്തിലാണ്. അവരും എനിക്ക് വളരെ പ്രോത്സാഹനമേകി.

? മെത്തഡിസ്റ്റായിരുന്ന താങ്കൾ എങ്ങനെ കത്തോലിക്കാവിശ്വാസത്തിലെത്തി

കത്തോലിക്കാവിശ്വാസിയാണ് ജൂലി. ഞാൻ മെത്തഡിസ്റ്റായിരുന്നെങ്കിലും ഞങ്ങളുടെ രണ്ടു മക്കളെയും കത്തോലിക്കാവിശ്വാസത്തിലാണ് വളർത്തിയത്. പലപ്പോളും ഞാൻ അവരോടൊപ്പം കത്തോലിക്കാ ദൈവാലയത്തിൽ പോകുമായിരുന്നെങ്കിലും വിശുദ്ധ കുർബാനയിൽനിന്ന് വിട്ടുനിന്നു. എല്ലാമുണ്ടായിരുന്നെങ്കിലും ഉള്ളിൽ ഒരു ശൂന്യത എപ്പോഴും എന്നെ അലട്ടി. നാൾക്കുനാൾ കൂടിവന്ന ആ ശൂന്യത യേശുവിനുവേണ്ടിയുള്ള ഒരു വല്ലാത്ത വെമ്പലായിരുന്നുവെന്നു തിരിച്ചറിയാൻ എനിക്ക് അധികം സമയം വേണ്ടിവന്നില്ല. ഡിസംബർ 2012 ഹൂസ്റ്റണിലെ മേരി ക്വീൻ ദൈവാലയത്തിൽനിന്ന് കത്തോലിക്കാവിശ്വാസം സ്വീകരിച്ചു.

? നാസയുടെ ബഹിരാകാശ ദൗത്യത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എങ്ങനെയാണ്; അപ്പോഴത്തെ ജോലിയിൽനിന്ന് എത്ര വ്യത്യസ്തമായിരുന്നു പുതിയ ദൗത്യം

നാസയിൽനിന്ന് ഈ ദൗത്യമേൽപ്പിച്ചപ്പോൾ വളരെ സന്തോഷം തോന്നി. അതുവരെ ഞാൻ ചെയ്ത ജോലിയിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു പുതുതായി നിയോഗിക്കപ്പെട്ട ബഹിരാകാശ ദൗത്യം. റഷ്യയുമായുള്ള സംയുക്ത ദൗത്യമായതിനാൽ എനിക്ക് തുടരെത്തുടരെ റഷ്യയിൽ പോകുകയും റഷ്യൻ ഭാഷ പഠിക്കുകയും ചെയ്യേണ്ടിവന്നു. ബഹിരാകാശപേടകത്തിന്റെ പരിമിതികളും ബഹിരാകാശത്തു ധരിക്കേണ്ട പ്രത്യേക വസ്ത്രങ്ങളും ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയും എല്ലാം വെല്ലുവിളി ഉയർത്തുന്നതായിരുന്നു.

? ഒരു ബഹിരാകാശ സഞ്ചാരിക്ക് ഏകദേശം മൂന്ന് പൗണ്ടോളം സ്വകാര്യവസ്തുക്കൾ കൂടെ കൊണ്ടുപോകാൻ അനുവാദമുണ്ടെന്ന് കേട്ടിട്ടുണ്ട്. താങ്കൾ കൊണ്ടുപോയതിൽ ഏറ്റവും വിലപ്പെട്ടതെന്ന് കരുതുന്ന വസ്തു എന്താണ്

ഞാൻ കൂടെകൊണ്ടുപോയതിൽ ഏറ്റവും വിലപ്പെട്ടത് ഒരു വസ്തുവല്ല മറിച്ച്, ഒരു വ്യക്തിയായിരുന്നു. ദിവ്യകാരുണ്യ ഈശോയെ. കത്തോലിക്കാവിശ്വാസത്തിൽ പുതുതായിവന്ന എനിക്ക് ആറു മാസം യേശുവിനെ പിരിഞ്ഞിരിക്കുന്നത് ആലോചിക്കാൻപോലും കഴിയാത്ത കാര്യമായിരുന്നു. ഓരോ പ്രാവശ്യവും ഞാൻ വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ വിശുദ്ധീകരിക്കപ്പെടുന്ന ഒരവസ്ഥ ഞാൻ അനുഭവിച്ചു. അതെന്നെ ഒരു പുതിയ ഉണർവിലേക്ക് നയിച്ചു, കാര്യങ്ങൾ പുതിയ വീക്ഷണത്തോടെ ഉൾക്കൊള്ളാനും സഹായിച്ചു. ആ അനുഭവം പിരിഞ്ഞിരിക്കുന്നതിനെ കുറിച്ച് ബഹിരാകാശയാത്രക്ക് പോകുമ്പോൾപോലും ചിന്തിക്കാൻപോലും എനിക്കാവില്ലായിരുന്നു. യേശുവുമായി ഞാൻ അത്രമാത്രം അടുത്തിരുന്നു.

? ദിവ്യകാരുണ്യം ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ എന്തെങ്കിലും തടസങ്ങൾ ഉണ്ടായിരുന്നോ

ദിവ്യകാരുണ്യം കൊണ്ടുപോകാൻ ബിഷപ്പിന്റെ പ്രത്യേക അനുവാദം ആവശ്യമായിരുന്നു, അതിലുപരി ദിവ്യകാരുണ്യം സ്വന്തമായി സ്വീകരിക്കാൻ പരിശീലനവും വേണ്ടിയിരുന്നു. വാഴ്ത്തിയ ആറ് ഓസ്തികൾ, ഓരോന്നും നാലു കഷണമായി മുറിക്കാവുന്ന രീതിയിൽ ഒരു ചെറിയ ചെപ്പിൽവെച്ച് കൊണ്ടുപോയി. ആഴ്ചയിൽ ഒന്നുവീതം 24 ആഴ്ചയിലേക്ക് എന്ന രീതിയിൽ ക്രമീകരിച്ചു. അതിനിടയിൽ റഷ്യൻ ബഹിരാകാശ ഏജൻസി കൊണ്ടുപോകാനുള്ള എല്ലാ വസ്തുക്കളും പരിശോധിക്കുകയും എല്ലാം തിട്ടപ്പെടുത്തുകയും ചെയ്യും.

എന്നാൽ, എനിക്ക് ദിവ്യകാരുണ്യം അവരെ ഏൽപ്പിക്കാൻ പറ്റില്ലലോ. ഇതു ഈശോയാണെന്നു പറഞ്ഞാൽ അവർക്കു മനസിലാകുമോ? പക്ഷെ അവർ എന്നെ പൂർണമായും മനസിലാക്കി. താങ്കൾതന്നെ അത് എത്ര ഭാരം വരുമെന്ന് പറഞ്ഞാൽ മതി, എല്ലായിപ്പോഴും കൂടെ കൊണ്ടുനടക്കുകയും ചെയ്‌തോളു എന്നവർ പറഞ്ഞപ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നി. എല്ലാ വാതിലുകളും എന്റെ മുമ്പിൽ തുറന്നു. ഈശോയും ഞങ്ങളോടൊപ്പം ഒരു ബഹിരാകാശ സഞ്ചാരിയായിമാറി!

? ബഹിരാകാശത്തായിരുന്നപ്പോൾ എപ്പോഴൊക്കെയാണ് വിശുദ്ധ കുർബാന സ്വീകരിച്ചിരുന്നത്

ബഹിരാകാശ യാത്രയിലെ ഏറ്റവും അപകടം പിടിച്ച ഭാഗമാണ് ബഹിരാകാശ നടത്തം. രണ്ടു തവണയും ബഹിരാകാശ നടത്തത്തിനുമുമ്പ് ഞാൻ വിശുദ്ധ കുർബാന സ്വീകരിച്ചിരുന്നു. ബഹിരാകാശപേടകത്തിന്റെ വാതിൽ തുറന്ന് ഞാൻ ശൂന്യതയിലേക്ക് പ്രവേശിക്കുമ്പോൾ എന്തെന്നില്ലാത്ത ഭയമായിരുന്നെങ്കിലും ക്രിസ്തു എന്റെ കൂടെയുണ്ടെന്ന ബോധ്യം എനിക്ക് ധൈര്യം പകർന്നു.

? ശാസ്ത്രവും വിശ്വാസവും പലപ്പോഴും ഒരുമിച്ചുപോകില്ല എന്നത് ഒരു പൊതുധാരണയാണല്ലോ. താങ്കളുടെ അഭിപ്രായം

ശാസ്ത്രവും വിശ്വാസവും തമ്മിൽ ഞാൻ ഒരു പൊരുത്തക്കേടും കാണുന്നില്ല. ദൈവമാണ് എല്ലാറ്റിന്റെയും സൃഷ്ടാവ്. മനുഷ്യനെയും സൃഷ്ടിച്ചത് ദൈവമാണല്ലോ. അതുകൊണ്ടുതന്നെ മനുഷ്യസൃഷ്ടി എന്ന് നാം പറയുന്നതെല്ലാം ദൈവസൃഷ്ടിയായി മാത്രമായാണ് ഞാൻ കാണുന്നത്. ബഹിരാകാശത്തുനിന്ന് ഭൂമിയുടെ മനോഹാരിത ആസ്വദിക്കുമ്പോൾത്തന്നെ അതിന്റെ സൃഷ്ടാവിന്റെ മഹത്വം നമുക്ക് മനസിലാക്കാൻ സാധിക്കും.

? ഭാവി ശാസ്ത്രജ്ഞർക്ക് നൽകാനുള്ള ഉപദേശം

നിങ്ങൾക്ക് ജീവിതത്തിൽ പല പ്രതിസന്ധി ഘട്ടങ്ങളും അഭിമുഖീകരിക്കേണ്ടി വരും. അത്തരം സന്ദർഭങ്ങളിൽ തളരരുത്. എല്ലാം കാണുന്നവനും നിങ്ങളെ കരുതുന്നവനുമായ ഒരു ദൈവമുണ്ടെന്ന് എപ്പോഴും ഓർക്കുക. എല്ലാ ശാസ്ത്രങ്ങളെക്കാളും ഉപരിയായവനാണ് അവിടുന്ന്.

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടുംനിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?