Follow Us On

19

May

2024

Sunday

ഈസ്റ്റർ, നമുക്കും ഉയിർക്കാനുള്ള സുദിനം!

''പ്രത്യാശയോടെ കാത്തിരുന്നാൽ ഉത്ഥിതൻ നിങ്ങളുടെ ചാരെ വരും. നാം അവനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ അവൻ വരും. പാപത്തിൽനിന്നും മരണത്തിൽനിന്നും പിശാചിൽനിന്നും ഉയിരു നേടാം. ഈ പുലരി അതിനുള്ളതാണ്.''- ബെനഡിക്ട് പതിനാറാമൻ പാപ്പ പകർന്ന ആത്മീയചിന്തകളിലൂന്നി റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ എഴുതുന്ന നോമ്പുദിന ചിന്ത, പെരുവഴിയന്റെ പിന്നാലെ 50

ഈസ്റ്റർ, നമുക്കും ഉയിർക്കാനുള്ള സുദിനം!

”നമ്മുടെ ഹൃദയങ്ങളിൽ ആനന്ദവും ദുഃഖവുമുണ്ട്. നമ്മുടെ മുഖങ്ങളിൽ പുഞ്ചിരിയും കണ്ണീരുമുണ്ട്. ഈ ലോക ജീവിതത്തിന്റെ ഒരു സത്യമായ അവസ്ഥയാണത്. എന്നാൽ, ക്രിസ്തു ഉത്ഥാനം ചെയ്തു, അവിടുന്ന് ഇന്നും ജീവിക്കുന്നു, അവിടുന്ന് നമ്മോടോപ്പം ചരിക്കുകയും ചെയ്യുന്നു. ഇക്കാരണത്താൽ ഈ ലോകത്തിൽ നമ്മുടെ ദൗത്യങ്ങൾ ഗാനങ്ങളാലപിച്ചും പുഞ്ചിരിച്ചും നാം ചെയ്തു തീർക്കുമ്പോഴും സ്വർത്തിലാണ് കണ്ണുറപ്പിക്കുന്നത്.”

(ബെനഡിക്ട് പതിനാറാമൻ പാപ്പ, ഈസ്റ്റർ സന്ദേശം, 2011)

നിങ്ങൾ അത്ഭുതപ്പെടേണ്ട. കുരിശിൽ തറയ്ക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അവൻ ഉയിർത്തെഴുന്നേറ്റു. അവൻ ഇവിടെയില്ല. നോക്കൂ, അവനെ സംസ്‌കരിച്ച സ്ഥലം (മർക്കോ 16:6). എല്ലാത്തിനും പരിഹാരമുണ്ട്, മരണത്തിനൊഴികെ ഇതാണ് പൊതുസംസാരം. എന്നാൽ, മരണത്തിനും പരിഹാരമുണ്ടെന്ന് പറയുന്ന ദിവസമാണ് ഈസ്റ്റർ. ജീവിതയാത്രയിൽ സ്വയം തന്നെത്തന്നെ കുഴിച്ചുമൂടിയവർക്കും മറ്റുള്ളവരാൽ അടക്കം ചെയ്യപ്പെട്ടവർക്കും ഉത്ഥാനം ചെയ്യാനുള്ള ദിവസമാണിത്. ക്രിസ്തുവിന്റെ ഉത്ഥാനത്തിൽ ഉയിർക്കുന്നത് രക്ഷകൻ മാത്രമല്ല, അവനിലേക്ക് മിഴിയുയർത്തുന്ന സകലരുമാണ്.

ഡേവിഡ് റൊമോനോയുടെ ‘എന്നെക്കൂടാതെ നാളെ പുലരുമെങ്കിൽ’ എന്നൊരു കവിതയുണ്ട്. അതിന്റെ അവസാനമിതാണ്: ‘എന്നെക്കൂടാതെ നാളത്തെ ദിനം പുലരുമെങ്കിൽ, നമ്മൾ അകലത്തിലാണെന്ന് നീയൊരിക്കലും കരുതരുത്. നീ എന്നെപ്പറ്റി ചിന്തിക്കുന്ന ഓരോ നിമിഷവും ഞാൻ നിനക്കൊപ്പമുണ്ട്, നിന്റെ നെഞ്ചിൽ ഉണ്ട്.’ അതെ, ക്രിസ്തുവില്ലാതെ ഒരു ദിനം പുലരുമെങ്കിൽ, അവനെക്കുറിച്ച് ചിന്തിക്കുന്ന മാത്രയിൽ അവൻ അടുത്തെത്തും. കല്ലറ തുറന്ന് പുറത്തുവരും. തോട്ടക്കാരനിൽനിന്നും മറ മാറ്റി പുറത്തുവരും.

കാര്യത്തിലേക്ക് വരാം. അന്നവർ മൃതശരീരത്തിന് കാവൽനിന്നു. മൃതമായ പല നിയമങ്ങൾക്കും കാവൽ നിന്നിട്ടുള്ള മതപശ്ചാത്തലത്തിൽ, ക്രിസ്തുവിന്റെ മൃതദേഹത്തിന് കാവലിരുന്നതിൽ അത്ഭുതപ്പെടാനില്ല. എങ്കിലും, മനുഷ്യപുത്രന്റെ ഉയിർപ്പ് അവനെ അടക്കം ചെയ്തവരുടെ പോലും സ്വസ്ഥത കെടുത്തിയിരുന്നു. ഇനിയെങ്ങാൻ അയാൾ ഉയിർത്തെങ്കിലോ? നമ്മൾ കബളിപ്പിക്കപ്പെട്ടുപോയാലോ? മനുഷ്യചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും മൃതരുടെ കല്ലറയ്ക്ക് കാവൽ നിൽക്കുന്നത്. എന്നിട്ടും അവരുടെ ഉറക്കൊളിവിനൊന്നും ക്രിസ്തുവിനെ അടച്ചുപൂട്ടി വയ്ക്കാനായില്ല.

ആദിമസഭയിലെ രക്തസാക്ഷികളെക്കുറിച്ച് പറയുന്നത് ഓർക്കുന്നു: ‘അവരെ കുഴിച്ചുമൂടിയവർ അറിഞ്ഞില്ല, അവർ കുഴിച്ചുമൂടിയത് വിത്തുകൾ ആയിരുന്നുവെന്ന്.’ ക്രിസ്തുവിന്റെ ഉയിർപ്പാണ് ശിഷ്യരുടെ ആത്മബലം, വിശ്വാസികളുടെയും. യേശുവിന്റെ ശിഷ്യരിൽ പത്തുപേരും രക്തസാക്ഷികളായിരുന്നു. ഉയിർപ്പ് അവനെപ്രതി ജീവിക്കുന്ന സകലർക്കും പ്രത്യാശയുടെ ഉറവിടമാണ്. ജീവിതത്തിൽ നമ്മെ തളർത്തുന്ന സകലതിന്റെമേലും ഉയിർക്കുക. ദുഃഖം, നിരാശ, കുറ്റബോധം, ശാപങ്ങൾ, പരാജയം എന്നു തുടങ്ങുന്ന മരണകരമായവയുടെമേൽ ഉയിര് പ്രഖ്യാപിക്കുക.

കാൽവരിയിൽ കുരിശിന്റെ കീഴെ നിന്ന രണ്ടു മേരിമാരെ ധ്യാനിക്കാം. അവന്റെ മരണത്തിലും ഉയിർപ്പിലും കൂടെ ഉണ്ടായിരുന്നത് സ്ത്രീകളായിരുന്നല്ലോ. നസറത്തിലെ മേരിയും മഗ്ദലനയിലെ മേരിയും തമ്മിൽ പേരിലൊഴികെ സമാനതകളൊന്നുംതന്നെയില്ല. രണ്ടുപേരും ഉത്ഥാനത്തിൽ സാക്ഷികളായി. ഒരാൾ അമ്മയും കന്യകയും പുത്രനെപ്രതി അനാദിമുതലേ പരിശുദ്ധയുമെങ്കിൽ, രണ്ടാമത്തവൾ, പരിശുദ്ധി നശിപ്പിച്ചവളും തകർക്കപ്പെട്ടവളുമായിരുന്നു. എന്നിട്ടും ഉയിർത്തെഴുന്നേറ്റവൻ രണ്ടുപേർക്കും സമീപസ്ഥനായി എന്നറിയുക.

എല്ലാം നഷ്ടപ്പെട്ടവളായിരുന്നു മറിയം. ഓർത്തുവയ്ക്കാൻ അധികമായൊന്നും ഇല്ലാത്തവൾ. ഗതകാലങ്ങളുടെ ഓർമപോലും അവളെ തളർത്തിയിരുന്നു. പ്രതീക്ഷയുടെ നാമ്പുയർന്നത് രക്ഷകനെ കണ്ടുമുട്ടിയ ദിനമാണ്. അന്നുമുതൽ പിന്നെയൊരിക്കലും അവൾ ആദ്യം ചരിച്ച വഴികളിലൂടെ യാത്ര ചെയ്തില്ല. ക്രിസ്തു മാത്രമായിരുന്നു അവളുടെ ജീവിതവഴി.

അങ്ങനെയിരിക്കെയാണ് ക്രിസ്തുവിന്റെ മരണം. അതവളെ എല്ലാ വിധത്തിലും തളർത്തി.
കനത്ത ദുഃഖവും ഈറനണിഞ്ഞ മിഴികളുമായി അവൾ കല്ലറയിൽ എത്തി. സ്‌നേഹത്തിന്റെ സുഗന്ധക്കൂട്ട് പൂശാനെത്തിയതാണ്. പക്ഷേ, അന്ന് പ്രഭാതത്തിൽ അവിടെ ചെല്ലുമ്പോൾ കല്ലറ ശൂന്യം. തകരാൻ ഇനി ഈ പളുങ്കുപാത്രത്തിന് കാരണങ്ങൾ എന്തെങ്കിലും വേണോ?

അവൾ, ആരെയും നോക്കാതെ കരച്ചിലിലാണ്. എന്റെ പ്രാണപ്രിയൻ എവിടെയെന്നാണ് അവൾ അലറുന്നത്. ”സ്ത്രീയേ, എന്തിനാണ് നീ കരയുന്നത്?” ഉത്ഥിതനായ ക്രിസ്തുവിന്റെ ആദ്യവചനങ്ങളിലൊന്നാണിത്. കരച്ചിൽ നിറുത്തുക. എന്നിലേക്ക് നോക്കുക. മറിയം എന്നൊരു വിളികൂടി കേട്ടപ്പോൾ പിന്നെ അവൾക്കിനി ഒന്നും പറയാനില്ല.

സുവിശേഷകരുടെ മാതൃകയാണിന്ന് മറിയം. അവൾ മിഷനറിയാവുകയാണിവിടെ. ഏതൊരു പുണ്യവാളനും ഒരു ഭൂതകാലമുണ്ട്. ഏതൊരു പാപിക്കും ഒരു ഭാവിയുമുണ്ട്. കൊടുങ്കാറ്റിനുശേഷവും പക്ഷികൾ പാട്ടുകൾ പാടും. പ്രളയത്തിനുശേഷവും കുഞ്ഞുങ്ങൾ നൃത്തം വയ്ക്കും. ദുഃഖം ആനന്ദത്തിന് വഴിമാറും. കല്ലറയിൽ സംസ്‌കരിച്ചവൻ പുറത്തുവരും. എല്ലാ ചലനങ്ങളും പ്രതീക്ഷയും നിലയ്ക്കുന്ന ഇടമാണ് കല്ലറ. എന്നാൽ, അവിടെയും ജീവൻ അവിടുന്ന് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. ജീവിതത്തിന്റെ കല്ലറകളെ ഈസ്റ്ററിൽ പൊളിക്കുക. പുറത്തേക്ക് വരിക.

ഇനി നസറത്തിലെ മറിയം. ദുഃഖവെള്ളിയിൽ മിശിഹാചരിത്രം തീരില്ല എന്നറിയാവുന്ന ഏകമനുഷ്യവ്യക്തി ഇവളായിരിക്കണം. ഹൃദയത്തിൽ എല്ലാം സംവഹിച്ചവൾ. ശിഷ്യരെ ഒരു കരംകൊണ്ടു ചേർത്തുപിടിച്ചും രക്ഷകന്റെ ഉയിർപ്പിനായി മറുകരം ഉയർത്തിയും അന്ന് ശനിയാഴ്ച സന്ധ്യയിലും അവൾ പ്രാർത്ഥിച്ചു. അമ്മയും മകനും തമ്മിൽ എന്തെല്ലാം പങ്കുവഹിച്ചിട്ടുണ്ടെന്ന് ആർക്ക് ഊഹിക്കാനാകും. ആ മടിയിൽ കിടന്നല്ലേ അവൻ വളർന്നത്. ആ മടിയിൽത്തന്നെ മരിച്ചും വീണു.

ഛിന്നഭിന്നമായ ആ ശരീരം സ്വന്തം മടിയിലേക്ക് വലിച്ചെറിയപ്പെട്ടു. അവളുടെ പേശികളിൽനിന്ന് അപ്പോഴും രക്തത്തിന്റെ ഗന്ധം മാറിയിരുന്നില്ല. എന്നിട്ടും അവൾ പറഞ്ഞുകൊണ്ടേയിരുന്നു, കുഴിമാടത്തിൽനിന്നും ഇവൻ പുറത്തുവരും. മറിയത്തിന്റെ ഉദരത്തിൽ അവൻ രൂപംകൊണ്ടിട്ടേ മാനവരാശിയുടെ മുമ്പിൽ അവൻ പിറന്നൊള്ളൂവെങ്കിൽ, മറിയത്തിന്റെ തിരുമുഖത്ത് അവൻ പ്രത്യക്ഷപ്പെട്ടിട്ടേ ഏതൊരാളുടെയും മുമ്പിൽ അവന് വരുവാൻ മനസുള്ളായിരുന്നു.

പ്രത്യാശയോടെ കാത്തിരുന്നാൽ ഉത്ഥിതൻ നിങ്ങളുടെ ചാരെ വരും. നാം അവനെക്കുറിച്ച് ചിന്തിക്കുമ്പോഴൊക്കെ അവൻ വരും. പാപത്തിൽനിന്നും മരണത്തിൽനിന്നും പിശാചിൽനിന്നും ഉയിരു നേടാം. ഈ പുലരി അതിനുള്ളതാണ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?