Follow Us On

23

November

2024

Saturday

‘മാർപാപ്പ’യുടെ ഭൂതോച്ഛാടകൻ ഫാ. അമോർത്തിന്റെ ജീവിതം പങ്കുവെക്കുന്ന ഹോളിവുഡ് സിനിമ തരംഗമാകുന്നു

‘മാർപാപ്പ’യുടെ ഭൂതോച്ഛാടകൻ ഫാ. അമോർത്തിന്റെ ജീവിതം പങ്കുവെക്കുന്ന ഹോളിവുഡ്  സിനിമ തരംഗമാകുന്നു

കാലിഫോർണിയ: വത്തിക്കാനിലെ ഔദ്യോഗിക ഭൂതോച്ഛാടകനായിരുന്ന ഫാ. ഗബ്രിയേൽ അമോർത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കുവെക്കുന്ന ഹോളിവുഡ് സിനിമ ‘ദ പോപ്പ്‌സ് എക്‌സോർസിസ്റ്റ്’ തരംഗമാകുന്നു. സുപസിദ്ധ ഹോളിവുഡ് താരം റസ്സൽ ക്രോ ഫാ. അമോർത്തിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ സിനിമയ്ക്ക മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളത്തിലും സിനിമ റിലീസ് ചെയ്തിട്ടുണ്ട്.

ഭൂതോച്ഛാടനത്തിനിടെ തനിക്കുണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി ഫാ. അമോർത്ത് രചിച്ച ‘ആൻ എക്‌സോർസിസ്റ്റ് ടെൽസ് ഹിസ് സ്റ്റോറി’, ‘ആൻ എക്‌സോർസിസ്റ്റ്- മോർ സ്റ്റോറീസ്’ എന്നീ രണ്ട് ഓർമക്കുറിപ്പുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. 2018ൽ റിലീസ് ചെയ്ത ‘ഓവർലോഡ്’ എന്ന ഹൊറർ സിനിമയിലൂടെ ശ്രദ്ധേയനായ ജൂലിയസ് അവേരിയാണ് സംവിധായകൻ. സുപ്രസിദ്ധ നിർമാണ കമ്പനിയായ ‘സ്‌ക്രീൻ ജേം’ ഒരുക്കിയ സിനിമയുടെ വിതരണക്കാർ ‘സോണി എന്റർടെയ്മെന്റ്സാ’ണ്.

വടക്കൻ ഇറ്റലിയിലെ മൊഡേണയിൽ 1925ലാണ് ഫാ. അമോർത്തിന്റെ ജനനം. 20-ാം വയസിൽ ‘സൊസൈറ്റി ഓഫ് സെന്റ് പോൾ’ സന്യാസ സഭയിൽ ചേർന്ന അദ്ദേഹം 1951ൽ തിരുപ്പട്ടം സ്വീകരിച്ചു. റോമിലെ വികാരി ജനറലായിരുന്ന കർദിനാൾ യുഗോ പൊലേട്ടി 1986ലാണ് 61 വയസുകാരനായ ഫാ. അമോർത്തിനെ ഭൂതോച്ഛാടകനായി നിയമിച്ചത്. 2016ൽ 91-ാം വയസിൽ മരണംവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായിരുന്നു. ഇക്കാലയളവിൽ ഒരു ലക്ഷത്തോളം ഭൂതോച്ഛാടനങ്ങൾ അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

സിനിമയെ കുറിച്ച് ബൈബിൾ പണ്ഡിതൻ ഫാ. ജോഷി മയ്യാറ്റിൽ, റോമിൽ സേവനം ചെയ്യുന്ന തലശേരി രൂപതാംഗം ഫാ. സബിൻ തൂമുള്ളിൽ എന്നിവർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പുകളും ശ്രദ്ധേയമാവുകയാണ്. ക്രിസ്തുനാമത്തിന്റെയും കുരിശിന്റെയും ശക്തി, പൗരോഹിത്യത്തിന്റെയും കുമ്പസാരത്തിന്റെയും പ്രാർത്ഥനയുടെയും ശക്തി, പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാലാഖമാരുടെയും കൂട്ടായ്മയുടെ ശക്തി, മാതൃത്വത്തിന്റെ ശക്തി, സഭാമാതാവിന്റെ ശക്തി എന്നിവയെല്ലാം ആസ്വദിച്ചു ബോധ്യപ്പെടാൻ സഹായകമായ നിരവധി നിമിഷങ്ങൾ സിനിമയിലുണ്ടെന്ന് ഫാ. ജോഷി ചൂണ്ടിക്കാട്ടുന്നു.

മനഃശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും നേട്ടങ്ങളുടെ വെളിച്ചത്തിൽ പിശാച് ഒരു കെട്ടുകഥയും അന്ധവിശ്വാസവുമാണെന്ന് വാദിക്കുന്നവരുടെ എണ്ണം സഭയ്ക്കകത്തും പുറത്തും വർധിക്കുന്ന ഇക്കാലത്ത് പിശാച് ഒരു യാഥാർത്ഥ്യമാണെന്ന തിരിച്ചറിവു നൽകാൻ സിനിമ സഹായിക്കുമെന്ന് ഫാ. സബിന്റെ വ്യക്തമാക്കുന്നു. പിശാചുക്കളെ കുറിച്ചും വ്യക്തികളുടെ ജീവിതത്തിലും സമൂഹത്തിലും സംഭവങ്ങളിലും അവർക്ക് ചെലുത്താൻ കഴിയുന്ന സ്വാധീനത്തെ കുറിച്ചും സിനിമ കൃത്യമായ ദിശാബോധം നൽകുന്നുണ്ടെന്നും അദ്ദേഹം കുറിപ്പിൽ ചൂട്ടിക്കാട്ടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?