Follow Us On

23

November

2024

Saturday

ഇതാണ് കത്തോലിക്കാ വിശ്വാസിയായ ആ അമ്മ, ഒരു ഹൃദയം പങ്കിടുന്ന സയാമിസ് ഇരട്ടകൾക്ക് ജന്മമേകാൻ ഒരുങ്ങുന്ന നിക്കോൾ!

ഇതാണ് കത്തോലിക്കാ വിശ്വാസിയായ ആ അമ്മ, ഒരു ഹൃദയം പങ്കിടുന്ന സയാമിസ് ഇരട്ടകൾക്ക് ജന്മമേകാൻ ഒരുങ്ങുന്ന നിക്കോൾ!

മിഷിഗൺ: കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ് സന്തോഷം പകരുന്ന അനുഭവമാണ്, അത് ഇരട്ടകളാണെന്നുകൂടി അറിഞ്ഞാൽ സന്തോഷവും ഇരട്ടിക്കും. പക്ഷേ, ഈ അമ്മയുടെ മനസിൽ സന്തോഷത്തിനൊപ്പം ആധിയും നിറയുകയാണിപ്പോൾ. എന്താണെന്നോ, ഹൃദയവും കരളും ഉൾപ്പെടെയുള്ള പല ആന്തരീകാവയവങ്ങളും പങ്കിടുന്ന സയാമിസ് ഇരട്ടകളാണ് അവരുടെ ഉദരത്തിലുള്ളത്. പക്ഷേ, ഗർഭച്ഛിദ്രം പാപമാണെന്നും ഗർഭാശയം കൊലക്കളമാകാൻ അനുവദിക്കരുതെന്നും ഉറച്ചുവിശ്വസിക്കുന്ന ആ അമ്മ, തന്റെ പൊന്നോമനകൾക്ക് ജന്മമേകാനുള്ള തീരുമാനത്തിലാണ്. ജീവൻ ദൈവത്തിന്റെ ദാനമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ജീവിതപങ്കാളിയുടെ പിന്തുണയും അവൾക്ക് കരുത്തായുണ്ട്.

അമേരിക്കയിലെ മിഷിഗണിൽ താമസിക്കുന്ന കത്തോലിക്കാ ദമ്പതികളായ നിക്കോൾ ലെബ്ലാങ്കും ഭർത്താവ് ഓസ്റ്റിനുമാണ് ആ അപ്പനും അമ്മയും. ഉദരത്തിൽ ജീവന്റെ തുടപ്പ് അറിഞ്ഞ്, നടത്തിയ സ്‌കാനിങ്ങിലാണ് തങ്ങളുടെ കുഞ്ഞുങ്ങൾ സമാമിസ് ഇരട്ടകളാണെന്ന് അവർ അറിഞ്ഞത്. മാത്രമല്ല, അവർക്ക് ഇരുവരും ഒരു ഹൃദയവും ഒരു കരളും ഒരു ഡയഫ്രവും (ഉദരവും ശ്വാസകോശവും വേർതിരിക്കുന്ന മാംസപേശി) ഒരു കുടലും പങ്കിടുന്നവരാണെന്ന നടുക്കുന്ന സത്യവും തിരിച്ചറിഞ്ഞു!

ഗർഭാവസ്ഥ സങ്കീർണമാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഗർഭച്ഛിദ്രത്തിന് തയാറായില്ല ഇരുവരും. ദൈവം ഉദരത്തിൽ ഉരുവാക്കിയ കുഞ്ഞുങ്ങളെ സ്‌നേഹത്തോടെതന്നെ സ്വീകരിക്കാനായിരുന്നു ഇവരുടെ തീരുമാനം. ‘എന്റെ ഉദരത്തിലുള്ള കുഞ്ഞുങ്ങൾ ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും പൂർണമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവർക്ക് ഈ ഭൂമിയിൽ ജീവിക്കാൻ സാധിച്ചില്ലെങ്കിലും അവരുടെ ജീവിതം സ്വാധീനം ചെലുത്തുന്നതാകുമെന്ന് ഞാൻ കരുതുന്നു. എന്റെ കുഞ്ഞുങ്ങൾ ജീവിച്ചിരിപ്പുണ്ടെന്ന് ആളുകൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു,’ എന്നും ശാലോം വേൾഡിന്റെ വാർത്താ വിഭാഗമായ ‘SW NEWS’നോട് നിക്കോൾ പങ്കുവെച്ചു.

ഇരുവർക്കുമായി ഒരു ഹൃദയം മാത്രമേ ഉള്ളെങ്കിലും ഇരട്ടക്കുട്ടികൾ അവരുടെ ഗർഭകാലത്തിന് അനുയോജ്യമായ രീതിയിൽ വളരുന്നതിനെ കുറിച്ച് നിക്കോൾ പങ്കുവെച്ചതും ശ്രദ്ധേയമാണ്: ‘ഞങ്ങളുടെ കുഞ്ഞുങ്ങളുമായി എത്ര സമയം ചെലവഴിക്കാനാകുമെന്ന് ഞങ്ങൾക്കറിയില്ല. സാഹചര്യങ്ങൾ പൂർണമായി ദൈവത്തിന് വിട്ടുകൊടുത്തിരിക്കുകയാണ്. 35-ാമത്തെ ആഴ്ചയിൽ സിസേറിയന് വിധേയമാകും. 25 ആഴ്ച പ്രായമുള്ള ഗർഭസ്ഥ ശിശുക്കൾക്ക് നിലവിൽ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങളൊന്നുമില്ല.’

വിശുദ്ധ കുർബാനയിലും ജപമാല പ്രാർത്ഥനയിലും ആശ്വാസവും ശക്തിയും കണ്ടെത്തുന്ന നിക്കോൾ- ഓസ്റ്റിൻ ദമ്പതികൾ അടിയുറച്ച കത്തോലിക്കാ വിശ്വാസികളാണ്. തങ്ങൾ പ്രോ ലൈഫ് തലമുറയാണെന്നും ഗർഭച്ഛിദ്രത്തിൽനിന്ന് കഴിയുന്നത്ര കുഞ്ഞുങ്ങളെ രക്ഷിക്കേണ്ട സവിശേഷമായ ദൗത്യം തങ്ങളുടെ കുടുംബത്തിനുണ്ടെന്നും വാക്കുകൊണ്ടും ജീവിതംകൊണ്ടും സാക്ഷിക്കുകയാണ് ഈ ദമ്പതികൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?