Follow Us On

24

February

2025

Monday

വിഖ്യാത ബൈബിൾ പരമ്പര ‘ദ ചോസൺ’ അമേരിക്കയിലെ 300ൽപ്പരം ജയിലുകളിൽ പ്രദർശിപ്പിക്കും

വിഖ്യാത ബൈബിൾ പരമ്പര ‘ദ ചോസൺ’ അമേരിക്കയിലെ 300ൽപ്പരം ജയിലുകളിൽ പ്രദർശിപ്പിക്കും

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലുടനീളമുള്ള മുന്നൂറിൽപ്പരം ജയിലുകളിൽ ‘ദ ചോസൺ’ പരമ്പര പ്രദർശിപ്പിക്കാൻ ഒരുങ്ങി രാജ്യത്തെ ക്രിസ്ത്യൻ പ്രിസൺ മിനിസിട്രി. ‘കം ആൻഡ് സീ’ ഫൗണ്ടേഷനുമായി സഹകരിച്ച് പ്രിസൺ ഫെലോഷിപ്പാണ് യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചുള്ള പരമ്പര ജയിൽ അന്തേവാസികൾക്കായി സൗജന്യമായി പ്രദർശിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്കിടിയിൽ വലിയ സ്വാധീനം ചെലുത്തിയ ഈ പരമ്പര രാജ്യത്ത് തടവിലാക്കപ്പെട്ട പതിനായിരക്കണക്കിനാളുകളുടെ ജീവിതം മാറ്റി മറിക്കാൻ വഴിയാകുമെന്ന പ്രതീക്ഷയിലാണ് പ്രിസൺ ഫെലോഷിപ്പ്.

2020ൽ കൊവിഡ് കാലഘട്ടത്തിലാണ് തടവുകാർക്ക് വിശ്വാസാധിഷ്ഠിത ബോധ്യം നൽകുന്നതിനായി പ്രിസൺ ഫെലോഷിപ്പ് ക്ലോസ്ഡ് സർക്യൂട്ട് വീഡിയോ സ്ട്രീമിംഗ് സേവനത്തിന് തുടക്കം കുറിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോൾ രാജ്യത്തെ 300ലധികമുള്ള ജയിലുകളിൽ പരമ്പര പ്രദർശനത്തിനൊരുങ്ങുന്നത്. തടവുകാർക്കിടയിൽ സുവിശേഷ കേന്ദ്രീകൃതമായ ഈ ചിത്രം പ്രദർശിപ്പിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രിസൺ ഫെലോഷിപ്പിന്റെ സി.ഇ.ഒ ജെയിംസ് അക്കർമാൻ പറഞ്ഞു. ലോകമെമ്പാടുമുള്ള 110 ദശലക്ഷത്തിലധികം ആളുകൾ ഇതിനകം സീരീസ് കണ്ടുകഴിഞ്ഞതിനാൽ കൂടുതൽ ജീവിതങ്ങളെ ദി ചോസൺ സ്പർശിക്കട്ടെയെന്നാണ് പ്രാർത്ഥന. കം ആൻഡ് സീ ഫൗണ്ടേഷന് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

38 സംസ്ഥാനങ്ങളിലായി 50,000ത്തിലധികം തടവുകാരിലേക്ക് യേശുക്രിസ്തുവിന്റെ സന്ദേശവും അത്ഭുതങ്ങളും മൂല്യങ്ങളും എത്തിക്കാനുള്ള ശ്രമത്തിലാണ് ‘കം ആൻഡ് സീയും പ്രിസൺ ഫെലോഷിപ്പും. പ്രിസൺ ഫെലോഷിപ്പുമായി സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും ദ ചോസൺ കാണുന്നതിലൂടെ തടവുകാർക്ക് യേശുവിന്റെ പ്രത്യാശയും രോഗശാന്തിയും കണ്ടെത്താൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും കം ആൻഡ് സീ ഫൗണ്ടേഷന്റെ സിഇഒ സ്റ്റാൻ ജാന്റ്‌സ് പറഞ്ഞു.

യേശുക്രിസ്തുവിന്റെ വിപ്ലവകരമായ ജീവിതത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള ആധികാരികമായ കാഴ്ചയാണ് ഏഴ് സീസണുകളിലായി ഈ പരമ്പര പങ്കുവയ്ക്കുന്നത്. 2017ൽ സംപ്രേഷണം ആരംഭിച്ച പരമ്പര നിലവിൽ മൂന്ന് സീസണുകളാണ് പൂർത്തീകരിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാലാം സീസൺ കഴിഞ്ഞ മാസം ടെക്‌സാസിലെ മിഡ്‌ലോത്തിയനിൽ നിർമ്മാണം ആരംഭിച്ചുവെന്നതും ശ്രദ്ധേയമാണ്.

ബൈബിളിനെ അടിസ്ഥാനപ്പെടുത്തി, ക്രൗഡ് ഫണ്ടിംഗിലൂടെ (പൊതുജനങ്ങളിൽനിന്ന് ധനസമാഹരണം നടത്തി) നിർമിക്കുന്ന വമ്പൻ പ്രൊജക്ട് എന്ന നിലയിലും ചരിത്രത്തിൽ ഇടംപിടിച്ച ടി.വി പരമ്പരയാണ് ‘ദ ചോസൺ’. ഏഴ് സീസണുകളിലായി 50ൽപ്പരം എപ്പിസോഡുകൾ ഒരുക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിട്ടിരിക്കുന്നത്. ജോനാഥൻ റൂമി ക്രിസ്തുവായി പ്രേക്ഷകരുടെ മുമ്പിലെത്തുന്ന പരമ്പര ക്രൈസ്തവ വിശ്വാസികളെ മാത്രമല്ല, അക്രൈസ്തവരെയും ആകർഷിക്കുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?