വാഷിംഗ്ടൺ ഡി.സി: ഡോക്ടർമാർക്കിടയിലെ അജപാലകൻ, അല്ലെങ്കിൽ അജപാലകർക്കിടയിലെ ഡോക്ടർ! അപ്രകാരം വിശേഷിപ്പിക്കാം ഇക്കഴിഞ്ഞ ദിവസം പൗരോഹിത്യം സ്വീകരിച്ച അമേരിക്കൻ സ്വദേശിയായ ഫാ. കൊളംബ തോമസിനെ. അമേരിക്കൻ സംസ്ഥാനമായ ഒഹിയോയിൽ ജനിച്ചു വളർന്ന ഈ യുവഡോക്ടർ ഡൊമിനിക്കൻ സന്യാസസഭയ്ക്കു വേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്.
വലുതാകുമ്പോൾ ഡോക്ടറാകണം എന്നതായിരുന്നു കുട്ടിക്കാലം മുതൽ കൊളംബയുടെ ആഗ്രഹം, എന്നാൽ, ദൈവത്തിന്റെ ഹിതമാകട്ടെ അവനെ ഒരു വൈദീകനാക്കണമെന്നതും. ജീവിതയാത്രയിൽ ആ രഹസ്യം തിരിച്ചറിഞ്ഞ അദ്ദേഹം വിഖ്യാതമായ യേൽ സർവകലാശാലയിലെ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സെമിനാരി പരിശീലനം ആരംഭിക്കുകയായിരുന്നു. 2012ലാണ് മെഡിക്കൽ ബിരുദം നേടിയത്, സെമിനാരിയിൽ ചേർന്നത് 2016ലും. ഡൊമിനിക്കൻ സഭയുടെ സെന്റ് ജോസഫ് പ്രവിശ്യയിൽ അർത്ഥിയായി ചേരുന്നതിനിടയിൽ ഇന്റേണൽ മെഡിസിനിൽ ബോർഡ് സർട്ടിഫിക്കേഷനും ഇദ്ദേഹം കരസ്ഥമാക്കി.
‘ഡൊമിനിക്കൻ സന്യാസസഭയുടെ മനോഹരമായ ആരാധനക്രമങ്ങളും ശക്തമായ പ്രബോധനവുമാണ് പ്രസ്തുത സഭയിലേക്ക് എന്നെ ആകർഷിച്ചത്. സെക്കുലറിസം പിടിമുറുക്കുന്ന ഇക്കാലത്ത് സുവിശേഷം ഫലപ്രദമായി പ്രഘോഷിക്കാനും വിശ്വാസത്തിന് സാക്ഷ്യമേകാനും ഡൊമിനിക്കൻ സഭാംഗങ്ങൾ അദ്വിതീയമായ സ്ഥാനത്താണെന്ന് ഞാൻ കൂടുതലായി മനസിലാക്കുകയാണിപ്പോൾ,’ തന്റെ സമർപ്പിത വിളിയെ കുറിച്ച് ഫാ. കൊളംബ സാക്ഷ്യപ്പെടുത്തി.
വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ ഷ്രൈൻ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽവെച്ച് കൊളംബസ് ബിഷപ്പ് ഏൾ കെ. ഫെർണാണ്ടസിൽ നിന്നായിരുന്നു തിരുപ്പട്ട സ്വീകരണം. വിശുദ്ധ ഡൊമിനിക് സ്ഥാപിച്ച ഡൊമിനിക്കൻ സന്യാസസഭയ്ക്ക് ‘പ്രഭാഷകരുടെ സമൂഹം’ എന്ന വിശേഷണം കൂടിയുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *