Follow Us On

23

November

2024

Saturday

ഇത്തവണ 33 വൈദീകരും 14 ഡീക്കന്മാരും; വീണ്ടും ദൈവവിളി വയലായി മെക്‌സിക്കൻ അതിരൂപത

ഇത്തവണ 33 വൈദീകരും 14 ഡീക്കന്മാരും; വീണ്ടും ദൈവവിളി വയലായി മെക്‌സിക്കൻ  അതിരൂപത

ജലിസ്‌കോ: കേരളത്തെ ഭാരതസഭയുടെ ‘ദൈവവിളി വയൽ’ എന്ന് വിശേഷിപ്പിക്കുന്നതുപോലെ, ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ ‘ദൈവവിളി വയൽ’ എന്ന് വിളിക്കാം ഗ്വാദലഹാര അതിരൂപതയെ! ഈ വർഷംമാത്രം ഗ്വാഡലജാര അതിരൂപതയിൽ തിരുപ്പട്ടം സ്വീകരിച്ചത് 33 പേരാണ്. പൗരോഹിത്യ ജീവിതാന്തസിലെ സുപ്രധാനഘട്ടമായ ഡീക്കന്മാരായി അഭിഷേകം ചെയ്യപ്പെട്ടത് 14 പേരും. പന്തക്കുസ്താ തിരുനാളിന് ഒരാഴ്ച മുമ്പ് നടന്ന പൗരോഹിത്യ സ്വീകരണങ്ങളെ, ആഗോള സഭയ്ക്കുള്ള ഗ്വാദലഹാര അതിരൂപതയുടെ പന്തുക്കുസ്താ സമ്മാനമായി വിശേഷിപ്പിക്കാം.

രക്തസാക്ഷികൾക്കായി സമർപ്പിതമായ തീർത്ഥാടനകേന്ദ്രത്തിൽ ഗ്വാദലഹാര ആർച്ച്ബിഷപ്പ് കർദിനാൾ ഫ്രാൻസിസ്‌കോ റോബിൾസിന്റെ മുഖ്യകാർമികത്വത്തിലായിരുന്നു അഭിഷേക കർമം. മെക്സിക്കോയിലെ ‘ഔർ ലേഡി ഓഫ് സപ്പോപ്പാൻ’ മാതാവിന്റെ ചിത്രം അൾത്താരയിൽ പ്രതിഷ്ഠിച്ചതിനെ തുടർന്നായിരുന്നു തിരുക്കർമങ്ങൾ. സഭയെന്ന സമ്മാനത്തെയും പൗരോഹിത്യമെന്ന ദാനത്തെയും എളിമയോടും നന്ദിയോടും കൂടെ സ്വീകരിക്കാൻ മാധ്യസ്ഥ്യം വഹിക്കണേ എന്ന പ്രാർത്ഥനയോടെ നവവൈദികരെയും ഡീക്കന്മാരെയും ആർച്ച്ബിഷപ്പ് ദൈവമാതാവിന് സമർപ്പിച്ചു.

നേട്ടങ്ങൾ ഉണ്ടാക്കുന്നവരാകാനല്ല, മറിച്ച്, ക്രിസ്തുവിനെപ്പോലെ മറ്റുള്ളവരുടെ ശുശ്രൂഷകരാകാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്ന ഓർമപ്പെടുത്തലോടെയാണ് കർദിനാൾ നവവൈദീകരെ അഭിസംബോധന ചെയ്തത്. ‘സ്ഥാനക്കയറ്റം, മികച്ച സ്ഥലം, മികച്ച ഇടവക, മികച്ച ഇടവക വികാരി, മികച്ച സമൂഹം എന്നിങ്ങനെയുള്ള ചിന്തകളിൽ നാം കുടുങ്ങിപ്പോകരുത്. മറിച്ച്, ക്രിസ്തു ചെയ്തതുപോലെ സ്വയം താഴ്ത്തി മറ്റുള്ളവരെ സേവിക്കുന്നതിനെ കുറിച്ച് നമുക്ക് ചിന്തിക്കാം.’ ഓരോ വൈദികനും തങ്ങളുടെ സമയവും കഴിവും ദൈവത്തിനായി സമർപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരാണെന്നത് വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൈവവിളികളാൽ സമൃദ്ധമാണ് ഗ്വാദലഹാരാ അതിരൂപത. 2019ൽ 35പേരും കൊറോണ പിടിമുറുക്കിയ 2020ൽ 34 പേരുമാണ് അതിരൂപതയിൽനിന്ന് പൗരോഹിത്യ ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടത്. 2021ൽ ഇത് 34 പേരായിരുന്നു. കഴിഞ്ഞ വർഷം തിരുപ്പട്ടം സ്വീകരിച്ചവരുടെ എണ്ണം സർവകാല റെക്കോർഡായിരുന്നു- 70 നവവൈദീകരെയാണ് കഴിഞ്ഞ വർഷംമാത്രം അതിരൂപത തിരുസഭയ്ക്ക് സമ്മാനിച്ചത്. ഒരുപക്ഷേ, ഇതിനുമുമ്പ് ഇത്രയേറെ വൈദീകർ ഒരുമിച്ച് അഭിഷിക്തരായത് 2014 ആയിരിക്കും. അന്ന് 48 പേരാണ് തിരുപ്പട്ടം സ്വീകരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?