ഫ്‌ളോറിഡ: ആഗോള കത്തോലിക്കാ സഭ തിരുഹൃദയത്തിന് സമർപ്പിതമായ ജൂൺ മാസത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഫ്‌ളോറിഡയിലെ നഗര നിരത്തുകളിൽ ഇടംപിടിച്ച പരസ്യ ഹോർഡിംഗുകൾ ശ്രദ്ധേയമാകുകയാണ്. ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത ഹോർഡിംഗുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിതമായിട്ടുണ്ട്. തിരുഹൃദയ ഭക്തി സാക്ഷിക്കാനും പ്രചരിപ്പിക്കാനുമുള്ള ഫ്‌ളോറിഡയിലെ ഒരു സംഘം കത്തോലിക്കരുടെ ആഗ്രഹമാണ് സവിശേഷമായ ഈ ഹോർഡിംഗുകൾ യാഥാർത്ഥയമാക്കിയത്.
‘ജൂൺ, യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിതമായിരിക്കുന്നു,’ എന്ന കുറിപ്പും ഈശോയുടെയും പരിശുദ്ധ അമ്മയുടെയും ചിത്രങ്ങൾക്കൊപ്പം വലിയ അക്ഷരത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒകാല നഗരത്തിൽ സ്ഥാപിച്ച ഹോർഡിംഗിന്റെ ചിത്രങ്ങൾ സഹിതം പ്രദേശവാസിയായ റൂബി ഗലാറ്റോളോ പോസ്റ്റ് ചെയ്ത സോഷ്യൽ മീഡിയാ കുറിപ്പും തരംഗമാവുകയാണ്. ജൂൺ മാസത്തിൽ കത്തോലിക്കാ സഭ പാരമ്പര്യമായി ആചരിക്കുന്ന തിരുഹൃദയ മാസവണക്കത്തെ കുറിച്ചുള്ള ചിന്തകൾ കൂടുതൽ ശക്തമാക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
‘ജൂൺ മാസം യഥാർത്ഥത്തിൽ തിരുസഭ സമർപ്പിച്ചിരിക്കുന്നത് എന്തിനാണെന്നത് പലരും മറന്നതായി തോന്നുന്നു. അപ്രകാരം മറന്നുപോകുന്നവർക്കുള്ള ഓർമപ്പെടുത്തൽ മാത്രമാണിത്,’ ഗലാറ്റോലോ സോഷ്യൽ മീഡിയയിൽ കുറിച്ചു. പന്തക്കുസ്താ തിരുനാളിന് ശേഷമുള്ള 19-ാമത്തെ ദിവസമാണ് കത്തോലിക്കാ സഭ യേശുവിന്റെ തിരുഹൃദയ തിരുനാൾ ആഘോഷിക്കുന്നത്. അതുപ്രകാരം ജൂൺ 16നാണ് ഇത്തവണത്തെ തിരുനാൾ.
Leave a Comment
Your email address will not be published. Required fields are marked with *