ജോമോന്‍ മണിമല
എവര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ് ചോക്ലേറ്റുകള്‍. എന്നാല്‍ ഈ ചോക്ലേറ്റ് നിര്‍മ്മാണത്തിലെ പ്രധാനഘടകമായ കൊക്കോയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചയാളാണ് കോട്ടയം ജില്ലയിലെ മണിമല കൊച്ചുമുറിയില്‍ കെ.ജെ. വര്‍ഗീസ് എന്ന മോനായി. കൊക്കോയില്‍നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും വിദേശങ്ങളിലേക്ക് ഉള്‍പ്പെടെ കയറ്റി അയക്കുകയും ചെയ്യുന്ന കൊക്കോ മോനായിയെന്നു നാട്ടുകാര്‍ വിളിക്കുന്ന ഇദ്ദേഹം തന്റെ രീതികളില്‍ വ്യത്യസ്തനാവുകയാണ്. നാലര പതിറ്റാണ്ടായി കൊക്കോ കൃഷിയെ ഹൃദയത്തിലേറ്റിയ ഇദ്ദേഹം സ്വന്തമായി കൃഷി ചെയ്യുന്നതോടൊപ്പം കൊക്കോ കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടിയും പ്രവര്‍ത്തിക്കുന്നു. കൊക്കോ സംസ്‌കരിച്ച് അമേരിക്കയിലേക്കുവരെ അയച്ച ഇദ്ദേഹത്തിന്റെ രീതികള്‍ കണ്ടാല്‍ തന്നെ കൃഷിയില്‍ നിന്നും എങ്ങനെ മികച്ച ലാഭമുണ്ടാക്കാമെന്നും തിരിച്ചറിയാനാകും.
സ്വന്തം കണ്ടുപിടിത്തം
1978 ല്‍ കൊക്കോ കൃഷി തുടങ്ങിയ ഇദ്ദേഹത്തിന്റെ കൃഷി വിളവെടുപ്പിന് പാകമായപ്പോള്‍ ആര്‍ക്കും വേണ്ടാതായി. പിന്നീട് വിവിധ ചോക്ലേറ്റ് കമ്പനികളുമായി ബന്ധപ്പെട്ട് നേരിട്ട് കയറ്റി അയക്കുവാന്‍ തുടങ്ങി. അന്നുമുതല്‍ കൊക്കോ കര്‍ഷകരില്‍നിന്നും വാങ്ങാനും തുടങ്ങി. ഉന്നത ക്വാളിറ്റിയില്‍ കൊക്കോ സംസ്‌കരിച്ച് നല്‍കുന്നതിനാല്‍ മോനായി ചോക്ലേറ്റ് കമ്പനികള്‍ക്കും പ്രിയങ്കരനായി മാറി. വിദേശത്തേക്കും അന്യസംസ്ഥാനത്തേക്കും കൊക്കോ കയറ്റി അയച്ച് മോനായി ഏറെ ശ്രദ്ധ നേടിയിരുന്നു.
സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യുത്പാദനശേഷിയുള്ള സി.ടി.40 എന്നയിനം കൊക്കോ തൈകളുടെ വില്‍പനയും നടത്തുന്നുണ്ട്. വലിപ്പം കൂടിയ കുരുവും തോട് കട്ടികുറഞ്ഞതുമായ സി.ടി.40 ന് വന്‍ ഡിമാന്റാണ്. മണിമല മാര്‍ക്കറ്റ് ജംഗ്ഷന് സമീപമുള്ള സ്വന്തം പുരയിടത്തില്‍ സജ്ജമാക്കിയിരിക്കുന്ന കൊക്കോ നഴ്‌സറിയില്‍നിന്നും ഇതിനകം കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് മൂന്നു ലക്ഷത്തോളം തൈകളാണ് വില്‍പന നടന്നിരിക്കുന്നത്. മണിമലയിലുള്ള മോനായിയുടെ കൊക്കോ നഴ്‌സറിക്ക് കൃഷിവകുപ്പിന്റെ അംഗീകാരവുമുണ്ട്. കൂടാതെ കായ്കള്‍ക്ക് പച്ചനിറമുള്ള ഫോറസ്റ്റീറോയും ചുവന്ന നിറമുള്ള ക്രയോളയും ആഫ്രിക്കന്‍ വംശജനായ ട്രിനിറ്റാരിയോയും തുടങ്ങി വിവിധതരം കൊക്കോ തൈകള്‍ ഇവിടെ ലഭ്യമാണ്. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിത്തുകള്‍ ശേഖരിച്ച് സ്വന്തം പുരയിടത്തില്‍ നടുകയാണ് ഇദ്ദേഹമാദ്യം ചെയ്യുന്നത്. ഇതില്‍ മികച്ച ഫലമുണ്ടാകുന്നതില്‍നിന്നുമാത്രം തിരഞ്ഞെടുക്കുന്ന വിത്തുകള്‍ പ്രത്യേക പരിചരണം നല്‍കി കിളിര്‍പ്പിച്ച് വില്‍പന നടത്തുന്ന രീതിയാണ് അവലംബിക്കുന്നത്.
നാടന്‍ തൈകളില്‍ സിടി 40 മുകുളങ്ങള്‍ ബഡ് ചെയ്തുണ്ടാക്കിയ ഹൈബ്രിഡ് തൈകളും ലഭ്യമാണ്. വലിപ്പവും തൂക്കവും കൂടുതലുള്ള ഈ സിടി 40 തൈകള്‍ക്ക് ഡിമാന്റ് ഏറെയുണ്ടെങ്കിലും കര്‍ശന ഗുണമേന്മ നോക്കി മാത്രമാണിദ്ദേഹം കൊക്കോതൈകള്‍ വില്‍പന നടത്തുന്നത്. മുന്‍കൂട്ടി ബുക്കിങ്ങ് നടത്തിയാണ് തൈകള്‍ ഏറെയും നല്‍കുന്നത്. ഇതൊരു ബിസിനസായി കാണാതെ ഗുണമേന്മയുള്ള തൈകള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കുകയെന്നതാണ് ലക്ഷ്യമെന്ന് മോനായി പറഞ്ഞു. 25 രൂപയ്ക്ക് തൈകള്‍ വാങ്ങുന്ന കര്‍ഷകര്‍ക്ക് തൈ ഒന്നിന് 24 രൂപ വീതം കൃഷിഭവനില്‍നിന്നും സബ്‌സിഡി ലഭിക്കാറുമുണ്ടെന്ന് മോനായി പറഞ്ഞു.
സ്വന്തം രീതികള്‍
കൊക്കോ തൈകള്‍ വില്‍പന നടത്തിയാലും അവിടംകൊണ്ട് തീരില്ല മോനായിയുടെ സേവനം. കൃഷി ചെയ്യുന്ന വിധവും പരിചരണവും സംബന്ധിച്ച് വേണ്ട വിവരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. കൊക്കോ മാര്‍ക്കറ്റ് വിലയെക്കാളും ഉയര്‍ന്ന നിരക്കില്‍ ഇദ്ദേഹം തിരിച്ചെടുക്കുകയും ചെയ്യും. കൊക്കോ തോടോടുകൂടിയും ഉണക്കിയതുമെല്ലാം മോനായി കര്‍ഷകരില്‍നിന്നും വാങ്ങാറുണ്ട്. വലിയ തോട്ടങ്ങളില്‍ നേരിട്ടുചെന്നും കൊക്കോയെടുക്കാറുണ്ട്. കര്‍ണാടകത്തിലെ സുള്ളിയായില്‍ മോനായിക്ക് സ്വന്തമായി കൊക്കോ കമ്പനിയുണ്ട്. സീസണില്‍ ദിവസേന അഞ്ചുടണ്‍ വരെ കൊക്കോകുരു സംഭരിച്ച് സംസ്‌കരിച്ച് ചോക്ലേറ്റ് കമ്പനികള്‍ക്ക് കയറ്റി അയക്കുന്നുണ്ട്. 2015 ല്‍ കൊക്കോ ഉത്പാദനസംഘം രൂപീകരിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ കൊക്കോ ഉത്പാദകസംഘമാണിത്.
മഴയായാലും വെയിലായാലും കൊക്കോ കുരു സംസ്‌കരിച്ചെടുക്കാന്‍ മോനായി വികസിപ്പിച്ചെടുത്ത വിവിധ രീതികള്‍ ഉണ്ട്. മഴയില്ലാത്തപ്പോള്‍ സൂര്യപ്രകാശം ഉപയോഗിച്ച് കൊക്കോ കുരു ഉണക്കാനായി 60 അടി നീളവും 30 അടി വീതിയുമുള്ള സൗരോര്‍ജ ഡ്രയറുകളുണ്ട്. ഇതിന്റെ മേല്‍ക്കൂര യു വി ഷീറ്റുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഈര്‍പ്പം പുറത്തുപോകാന്‍ വെന്റിലേഷനുമുണ്ട്. ഉള്ളില്‍ ഇരുമ്പ് പൈപ്പുകളില്‍ ഘടിപ്പിച്ചിരിക്കുന്ന അലുമിനിയം നെറ്റുകളിലാണ് കുരു ഉണങ്ങാനിടുന്നത്. ഒരേസമയം അയ്യായിരം കിലോവരെ ഉണങ്ങിയെടുക്കാം. മഴക്കാലത്ത് വിറക് ഡ്രയറുകളുമുണ്ട്. വിറക് കത്തിയുണ്ടാകുന്ന ചൂട് നല്‍കിയാണ് ഉണക്കുന്നത്. പുകയടിച്ചാല്‍ ക്വാളിറ്റി നഷ്ടപ്പെടുന്നതിനാലാണ് ഈ രീതി അവലംബിച്ചിരിക്കുന്നത്.
കൊക്കോ കര്‍ഷകരുടെ പേടിസ്വപ്‌നമായ അണ്ണാനെയും എലികളെയും തുരത്തല്‍ മോനായിക്ക് നിസാരമാണ്. എല്ലാ കൊക്കോ ചെടിയിലും പഴുത്ത രണ്ട് കായകള്‍ പറിച്ചെടുക്കാതെ അണ്ണാനായി നല്‍കുകയെന്നതാണ് മോനായിയുടെ രീതി. ഓരോ മരത്തിലും ഇപ്രകാരം ഒന്നോ രണ്ടോ കായകള്‍ നിര്‍ത്തി മറ്റുള്ളവ പറിച്ചെടുക്കും. അണ്ണാന്‍ കൊക്കോ കുരുവിന്റെ മാംസളഭാഗം തിന്നിട്ട് കുരു കളയുകയാണ് ചെയ്യുന്നത്. നിലത്തു വീണുകിടക്കുന്ന ഇത്തരം കായകള്‍ കൊക്കോ ചെടിയുടെ ചുവട്ടില്‍ പച്ചനെറ്റ് വിരിച്ചാല്‍ പെറുക്കിയെടുക്കാം.
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍
മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കിയാല്‍ മാത്രമേ കര്‍ഷകര്‍ക്കിനി പിടിച്ചുനില്‍ക്കാനാവൂ എന്ന തിരിച്ചറിവില്‍നിന്ന് ഇദ്ദേഹം കൊക്കോ കര്‍ഷകര്‍ക്കായി ചോക്ലേറ്റ് നിര്‍മാണ പരിശീലന ക്ലാസുകള്‍ പതിവായി നടത്തുന്നുണ്ട്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും മണിമലയിലെത്തി ചോക്ലേറ്റ് നിര്‍മാണ പരിശീലന ക്ലാസില്‍ എത്തുന്നവര്‍ പലരും ഇന്ന് ചോക്ലേറ്റ് നിര്‍മിക്കുന്നുണ്ട്.
മണിമലയില്‍നിന്നും ഓണത്തിന് ബെല്‍മൗണ്ട് ചോക്ലേറ്റ് മോനായി വിപണിയിലിറക്കും. യാതൊരുവിധ കെമിക്കലും ഇല്ലാതെ കൊക്കോ ചോക്ലേറ്റ് വിപണിയില്‍ ലഭ്യമാക്കുകയെന്ന ഇദ്ദേഹത്തിന്റെ സ്വപ്‌നപദ്ധതിയാണ് ഓണത്തിന് നടപ്പാക്കുന്നത്. പല ചോക്ലേറ്റ് കമ്പനികളും കൊക്കോ പൗഡറും വെജിറ്റബിള്‍ ഓയിലും ഉപയോഗിച്ച് ചോക്ലേറ്റ് നിര്‍മിക്കുമ്പോള്‍ കൊക്കോ ബട്ടര്‍ ഉപയോഗിച്ച് ബീന്‍ ടു ബാര്‍ ചോക്ലേറ്റ് ആണ് ഇവിടെ നിര്‍മിക്കുന്നത്. പ്രത്യേക രീതിയില്‍ സംസ്‌കരിച്ച കൊക്കോ തോടുകള്‍ ഐസ്‌ക്രീം കപ്പായി ഉപയോഗിക്കാമെന്ന് കണ്ടെത്തി അവയും മോനായി കയറ്റുമതി ചെയ്യുന്നുണ്ട്.
കൊക്കോകൊണ്ട് എന്തെല്ലാം മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാമെന്ന ഗവേഷണത്തിലാണ് ഇപ്പോഴും ഇദ്ദേഹം. റബറിന് ഇടവിളയായി കൊക്കോ വളര്‍ത്താമെന്ന് തെളിയിച്ച ഇദ്ദേഹം പറയുന്നത് ഭാവിയില്‍ കൊക്കോയുടെ ഡിമാന്റ് വര്‍ധിക്കുമെന്നാണ്. സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയാല്‍ കൂടുതല്‍ കര്‍ഷകര്‍ കൊക്കോ കൃഷിയിലേക്ക് ഇറങ്ങുമെന്നും കര്‍ഷകര്‍ സ്വന്തമായി ചോക്ലേറ്റ് നിര്‍മാണം ഉള്‍പ്പെടെ ആരംഭിക്കണമെന്നുമാണ് മോനായിക്ക് പറയാനുള്ളത്.
ഭാര്യ മേരിയമ്മ സഹായവുമായി എപ്പോഴും മോനായിക്കൊപ്പമുണ്ട്. മക്കളായ ജെഫിന്‍ കെ. ജോര്‍ജ്, നീതു കെ. ജോര്‍ജ് എന്നിവര്‍ അമേരിക്കയിലാണ്. ഇളയമകന്‍ എബിന്‍ കെ. ജോര്‍ജ് ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. കൊക്കോ കൃഷിയെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് ഇദ്ദേഹത്തെ വിളിക്കാം ഫോണ്‍: 9447184735.
Leave a Comment
Your email address will not be published. Required fields are marked with *