Follow Us On

10

January

2025

Friday

അനാഥ ബാല്യങ്ങൾക്ക് അഭയമേകിയ ‘ഹോണ്ടുറാസിലെ മദർ തെരേസ’യുടെ ജീവിതം തീയറ്ററുകളിലേക്ക്

അനാഥ ബാല്യങ്ങൾക്ക് അഭയമേകിയ ‘ഹോണ്ടുറാസിലെ മദർ തെരേസ’യുടെ ജീവിതം തീയറ്ററുകളിലേക്ക്

വാഷിംഗ്ടൺ ഡി.സി: എൺപത്തേഴായിരത്തിൽപ്പരം അനാഥ ബാല്യങ്ങൾക്കു വീടൊരുക്കിയ ഹോണ്ടുറാസിലെ ഫ്രാൻസിസ്‌കൻ സന്യാസിനി സിസ്റ്റർ മരിയ റോസ ലെഗോളിന്റെ ജീവിതം അടയാളപ്പെടുത്തുന്ന സിനിമ ‘വിത്ത് ദിസ് ലൈഫ്’ തീയറ്ററുകളിലേക്ക്. 2020ൽ കോവിഡ് ബാധിതയായി 93-ാം വയസിൽ അന്ത്യശ്വാസം വലിക്കുന്നതും വരെ അവർ നയിച്ച ഐതിഹാസിക ജീവിതം, ഹോണ്ടുറാസിലെ മദർ തെരേസ എന്ന വിശേഷണത്തിനും അവർക്ക് സമ്മാനിച്ചു. സെൻട്രൽ അമേരിക്കയിൽനിന്നുള്ള ഈ പുണ്യാത്മാവിന്റെ ജീവിതം ഓഗസ്റ്റ് 11നാണ് യു.എസ് തീയറ്ററുകളിൽ റിലീസിനെത്തുന്നത്.

1926 നവംബര് 26ന് ഫ്രഞ്ച് കനേഡിയൻ പിതാവിനും ഹോണ്ടുറാസുകാരിയായ മാതാവിനും ജനിച്ച മരിയയുടെ ജീവിതത്തിന്റെ താളം തെറ്റുന്നത് ഒരു വയസ് തികയുന്നതിനുമുമ്പ് അവളുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചു പോയതോടെയാണ്. മകളെ വളർത്താൻ കഴിവില്ലാതിരുന്ന അവളുടെ അമ്മ അടുത്തുള്ള ഒരു അനാഥാലയ മുറ്റത്ത് അവളെ ഉപേക്ഷിച്ചു. ആ അനാഥാലയത്തിലെ ജീവിതത്തിനിടയിൽ തന്റെ ആറാമത്തെ വയസിൽ ‘സ്‌കൂൾ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാൻസിസ്’ സന്യാസ സമൂഹാംഗങ്ങളായ രണ്ടു സന്യാസിനിമാരെ കണ്ടുമുട്ടിയത് അവളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതായി.

അന്നാദ്യം കണ്ടതിനു ശേഷം പിന്നീട് കാണാതിരുന്ന അവരെക്കുറിച്ചു തന്റെ ഇടവക വൈദികനോട് അവൾ അന്വേഷിക്കുക പതിവായി. ആ പെൺകുട്ടിയുടെ താൽപ്പര്യം മനസിലാക്കിയ ആ വൈദികൻ അവളെ സന്യസ്ത ജീവിതത്തിൽ പ്രവേശിക്കുന്നതിന് പ്രേരിപ്പിച്ചു. പിന്നീട് ആ സിസ്റ്റർമാരെ കണ്ടെത്തുന്നത്തിനു വേണ്ടിയായിരുന്നു കന്യക മറിയത്തോടുള്ള അവളുടെ പ്രാർത്ഥനകൾ മുഴുവനും. ഒരു ദിവസം പ്രാർത്ഥന കഴിഞ്ഞിറങ്ങിയ അവൾക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ ഇത്രയും കാലം അന്വേഷിച്ചിരുന്ന കന്യാസ്ത്രീകൾ തന്റെ കണ്മുന്നിൽ!

അവൾ തന്റെ ആഗ്രഹം അവരോടു വെളിപ്പെടുത്തി. പക്ഷെ പ്രാഥമിക വിശ്വാസം പോലും ഇല്ലാതിരുന്ന അവളെ സന്യാസസമൂഹത്തിൽ പ്രവേശിപ്പിക്കുന്നതിനു അവർ ഒരുക്കമായിരുന്നില്ല. എന്നാൽ നിരന്തരം പ്രാർത്ഥിച്ചു കാത്തിരിക്കാനായിരുന്നു മരിയയുടെ തീരുമാനം. ഒടുവിൽ അവളുടെ 21-ാം വയസിൽ അവർ അവൾക്കു തങ്ങളുടെ സന്യാസ സഭയിൽ അംഗത്വം നൽകി. തുടർന്ന് അവർ മരിയയെ അമേരിക്കറ്റിലെ വിസ്‌കോൺസിലിലുള്ള തങ്ങളുടെ നൊവിഷ്യേറ്റ് ഭവനത്തിലേക്ക് പരിശീലനത്തിനയച്ചു.

1949 ജൂൺ 13ന് സന്യാസിനി വസ്ത്രം സ്വീകരിച്ച അവൾ ഹോണ്ടുറാസിലേക്കു മടങ്ങി. രാജ്യ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ തേഗ് സിഗൽപയിലെ ഒരു ആശുപത്രിയിലായിരുന്നു സിസ്റ്റർ മരിയയുടെ ആദ്യകാല ശുശ്രൂഷകൾ. ഇതിനിടയിലും അനാഥ ജീവിതത്തിന്റെ നൊമ്പരം പേറുന്ന അവൾക്ക് ആരോരുമില്ലാതെ തെരുവിലലയുന്ന കുഞ്ഞുങ്ങളെ കാണാതിരിക്കാനായില്ല.

അങ്ങനെ നീണ്ട നാളത്തെ പ്രാർത്ഥനക്കും കാത്തിരിപ്പിനുമിടയിൽ അധികാരികളുടെ അനുവാദത്തോടെ 1960ൽ അനാഥ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ആദ്യത്തെ 10 ഭവനങ്ങൾ കൈയിൽ ഒരു ഡോളർ പോലുമില്ലാതെ സിസ്റ്റർ മരിയ ഒറ്റയടിക്ക് ആരംഭിച്ചു. പിന്നീട് വടക്കേ അമേരിക്കയിലുള്ള വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായം ലഭിച്ചു തുടങ്ങിയതോടെ തന്റെ പ്രവർത്തനം കൂടുതൽ സ്ഥലങ്ങളിലേക്ക് അവർ വ്യാപിപ്പിക്കുകയായിരുന്നു.

അതോടുകൂടി മയക്കു മരുന്ന് മാഫിയ ഉൾപ്പടെ പലരിൽ നിന്നുള്ള എതിർപ്പുകളും അവർക്കു നേരിടേണ്ടതായി വന്നു. സിസ്റ്റർക്കൊപ്പം പ്രവർത്തിച്ചിരുന്ന ഒരു കനേഡിയൻ വൈദികനെ അവർ കൊലപ്പെടുത്തുകയും ചെയ്തു. എന്നാലിതൊന്നും അവരെ ഭയപ്പെടുത്തിയില്ലെന്നു മാത്രമല്ല കൂടുതൽ ഇടങ്ങളിലേക്ക് തന്റെ പ്രവർത്തനം വ്യാപിപ്പിക്കുകയാണർ ചെയ്തത്. അവസാനം 2020ൽ അവർ ഇഹലോക വാസം വെടിയുമ്പോൾ 500 അനാഥ മന്ദിരങ്ങൾ, നിരവധി ആശുപത്രികൾ, സ്‌കൂളുകൾ, മെഡിക്കൽ ക്ലിനിക്കുകൾ എന്നിവ രാജ്യത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ അവർ സ്ഥാപിച്ചു.

സിസ്റ്റർ മരിയ റോസിന്റെ ഐതിഹാസിക ജീവിതം അവരുടെ ഇടപെടലിലൂടെ ജീവിതം മാറ്റിമറിച്ച നിരവധിയാളുകളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സിനിമയാകുമ്പോൾ അത് ദൈവസ്‌നേഹത്തിന്റെ അസാധാരണമായ നേർസാക്ഷ്യമാകുമെന്ന പ്രതീക്ഷയിലാണ് സിനിമയുടെ അണിയറപ്രവർത്തകർ.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?