Follow Us On

30

December

2024

Monday

ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെട്ട ഒൻപതംഗ ഉൾമ കുടുംബം ഒരേ ദിനം വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്; ആഹ്ലാദത്തോടെ പോളിഷ് സഭ

റോയ് അഗസ്റ്റിൻ

ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെട്ട ഒൻപതംഗ ഉൾമ കുടുംബം ഒരേ ദിനം വാഴ്ത്തപ്പെട്ടവരുടെ  നിരയിലേക്ക്; ആഹ്ലാദത്തോടെ പോളിഷ് സഭ

രണ്ടായിരത്തിലധികം വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ അപൂർവ ദിനമാവുകയാണ് 2023 സെപ്തംബര് 10. പോളണ്ടിൽ നിന്നുള്ള ഉൾമ കുടുംബം സഭയുടെ ധീര രക്തസാക്ഷികളുടെ നിരയിൽ സ്ഥാനം പിടിക്കുന്നത് ചില അപൂർവതകളോടെയാണ്. സഭയുടെ ചരിത്രത്തിലാദ്യമായാണ് ഏഴ് കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള ഒൻപത് അംഗ കുടുംബം മുഴുവൻ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തപ്പെടുന്നത്.

ജനനത്തോടെ ജീവൻ വെടിഞ്ഞ അവരുടെ ഏഴാമത്തെ കുഞ്ഞും നാമകരണം ചെയ്യപ്പെടുന്നു എന്നതും ഏറെ ശ്രദ്ധേയം. 1944 ലെ നാസി കൂട്ടക്കൊലയിൽനിന്ന് രക്ഷിക്കാൻ ഒരു കുടുംബത്തിലെ എട്ട് ജൂതന്മാരെ രണ്ടു വർഷത്തോളം തങ്ങളുടെ ഭവനത്തോട് ചേർന്നുള്ള ഫാമിൽ ഒളിവിൽ താമസിപ്പിച്ചു എന്നുള്ളതായിരുന്നു അവരുടെ പേരിൽ ആരോപിപ്പിക്കപ്പെട്ട കുറ്റം.

Catholic Church to beatify Polish family, including newborn baby, killed by  Nazis for hiding Jews - KESQ

രക്ഷിച്ചതിന്റെ പേരിൽ രക്തസാക്ഷിത്വം!

1900ൽ ജനിച്ച ജോസെഫ് ഉൾമ, മാർക്കോവ ഗ്രാമത്തിൽ ഏവർക്കും സുപരിചിതനും ഒരേ സമയം വിവിധ കാര്യങ്ങളിൽ വിദഗ്ദ്ധനുമായ സുമുഖനായ ചെറുപ്പക്കാരനായിരുന്നു. കൃഷി, തേനീച്ച വളർത്തൽ, ഫോട്ടോഗ്രാഫി, പട്ടുനൂൽ പുഴുപരിപാലനം എന്നിവയിലൊക്കെ തന്റേതായ വഴിയിലൂടെ വിജയം വരിച്ച അയാൾ വിശ്വാസകാര്യങ്ങളിലും സഭാ വിശ്വാസത്തിലും അവിടെയുള്ളവർക്കു മാതൃകയായിരുന്നു. കാത്തലിക് യൂത്ത് അസോസിയേഷൻ പ്രവർത്തനങ്ങളിലൂടെ സഭയോടൊത്തു പ്രവർത്തിക്കാൻ പ്രദേശവാസികളായ യുവജനങ്ങളെ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു.

ജാൻ- ഫ്രാൻസിസ്‌ക ദമ്പതികളുടെ ഏഴു മക്കളിൽ ഇളയവളായ വികേ്താറിയയെ 1935ൽ ജോസെഫ് ജീവിതപങ്കാളിയാക്കി. വിവാഹം കഴിഞ്ഞു ഏഴു വർഷത്തിനിടെ ആറ് കുഞ്ഞുങ്ങൾക്ക് വികേ്താറിയ ജന്മം നൽകി. സ്റ്റാനിസ്ലാവ് (എട്ട് വയസ് ), ബാർബറ (ആറ് വയസ്), വ്‌ലാഡിസ്ലാവ് (അഞ്ച് വയസ് ), ഫ്രാൻസിസെക് (നാല് വയസ്) അന്റോണിയ (മൂന്ന് വയസ്) ഒന്നര വയസുകാരിയായ മരിയ എന്നിവരായിരുന്നു അവർ.

Before the beatification of the Ulma family

1944 മാർച്ച് 24. വികേ്താറിയ ഒൻപതു മാസവും മൂന്നു ദിവസവും ഗർഭിണിയായിരുന്നു. തങ്ങളുടെ ഏഴാമത്തെ കുഞ്ഞിന്റെ ജനനത്തിനായി ആഹ്ലാദത്തോടെ ആ കുടുംബം മുഴുവൻ കാത്തിരിക്കുകയായിരുന്നു.മറ്റ് പ്രത്യേകതകളൊന്നും ആ ദിവസത്തിനുണ്ടായിരുന്നില്ല. എല്ലാം പതിവുപോലെ. അസാധാരണമായി ഒരിലയനക്കം പോലും ആരുടെയും ശ്രദ്ധയിൽ പോലും പെട്ടില്ല. പെട്ടെന്നാണ് അന്തരീക്ഷത്തിൽ ഒരു പിരിമുറുക്കം രൂപപ്പെട്ടത്.

ആരൊക്കെയോ ഓടിപ്പോകുന്നതിന്റെയും കുതിരവണ്ടികളുടെയും ശബ്ദം. എലിയർഡ് ഡെയ്‌ക്കെന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പട്ടാളക്കാർ ആരെയോ തിരഞ്ഞെന്നപോലെ ഉൾമ കുടുംബത്തിന്റെ വകയായുള്ള ഫാമിലേക്കോടിക്കയറി. ഡെയ്‌ക്കെന്റെ സഹായിയായി ജോസഫ് കൊകോട്ടയെന്ന അതിക്രൂരമായ പട്ടാളക്കാരനും.

New museum honors Poles killed for helping Jews in Holocaust

നാസിപ്പടയുടെ കൊടുംക്രൂരത

ഗ്രാമത്തിലുണ്ടായിരുന്നവർ പിന്നീട് കേട്ടത് തുരുതുരാ വെടിയൊച്ചകൾ.അവിടെ ഒളിവിൽ കഴിയുകയായിരുന്ന എട്ടു ജൂതന്മാരും കൊല്ലപ്പെട്ടു. ഗ്രാമം മുഴുവൻ ഭീതിയിൽ ചലനമറ്റു നിൽക്കുമ്പോൾ പട്ടാളക്കാർ ജോസഫിന്റെയും വികേ്താറിയയുടെയും ഭവനത്തിലേക്ക് തള്ളിക്കയറി. നിസഹായരായിപ്പോയ ജോസെഫിനെയും വികേ്താറിയയെയും അവർ വീടിന് വെളിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുവന്നു. അപ്പനെയും അമ്മയെയും വലിച്ചിഴച്ചുകൊണ്ടുപോകുന്നതു കണ്ട കുഞ്ഞുങ്ങൾ നിലവിളിച്ചുകൊണ്ട് വീടിനു പുറത്തേക്കോടി വന്നു.

മാതാപിതാക്കളെ ഒന്നും ചെയ്യരുതേയെന്ന ആ കുഞ്ഞുങ്ങളുടെ നിലവിളി ഹൃദയം കരിങ്കല്ലിനു സമമാക്കിയ ജർമൻ പട്ടാളക്കാരുടെ കാതുകളെയും മനസിനെയും തെല്ലും അലിയിച്ചില്ല. ഇടനെഞ്ചുപൊട്ടി നിലവിളിക്കുന്ന ആ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ആ കാപാലികർ പൂർണ ഗർഭിണിയായ വികേ്താറിയയെയും ജോസെഫിനെയും ക്രൂരമായി വെടിവെച്ചു കൊന്നു. വെടിയേറ്റു നെഞ്ചു തകർന്ന വിക്‌തോറിയ അപ്പോഴേക്കും തന്റെ ഏഴാമത്തെ കുഞ്ഞിനും ജന്മം നൽകാനാരംഭിച്ചിരുന്നു. പക്ഷെ ആ കുഞ്ഞും ജീവിച്ചില്ല.

ഹൃദയവ്യഥയോടെ കുതിരക്കാരൻ

ആകാശം പിളരുമാറുള്ള നിലവിളികൾ, ആൾക്കൂട്ടത്തിന്റെ ബഹളം, അപ്പനെയും അമ്മയുടെയും ജീവനില്ലാത്ത ശരീരത്തിൽ കെട്ടിപ്പിടിച്ചു നിലവിളിക്കുന്ന ആറ് പിഞ്ചുകുഞ്ഞുങ്ങൾ… താൻ മരിക്കുവോളം ആ രംഗങ്ങൾ തന്നെ വിട്ടുപോകില്ലെന്ന് പിന്നീട് സംസാരിക്കവെ കൊലപാതകത്തിന് നേരിട്ട് സാക്ഷിയാകാൻ നാസിപ്പട്ടാളം ബലാൽക്കാരമായി കൊണ്ടുവന്ന കുതിരവണ്ടിക്കാരൻ എഡ്വേഡ് നവോസ്‌കിയുടെ വാക്കുകൾ ആ മണിക്കൂറുകളുടെ ഭീകരത വെളിപ്പെടുത്തുന്നു.

കുഞ്ഞുങ്ങളുടെ കൂട്ടനിലവിളിയിൽ ഒരുമാത്ര സ്തബ്ദനായിപ്പോയി നാസിപ്പടയിലെ ക്രൂരന്മാരിൽ ക്രൂരനെന്നറിയപ്പെട്ട ജോസെഫ് കൊകോട്ട. ഏതാനും നിമിഷത്തിനു ശേഷം, കുഞ്ഞുങ്ങളെ തൊഴിച്ചെറിഞ്ഞ അയാൾ, ഡെയ്‌ക്കെനുമായി കൂടിയാലോചിച്ചു. വീണ്ടും തോക്കു കൈയിലെടുത്ത അയാൾ കൊല്ലരുതേയെന്ന് തന്റെ കാലിൽ കെട്ടിപ്പിടിച്ചു നിലവിളിക്കുന്ന ആ കുഞ്ഞുങ്ങളോരോരുത്തരെയായി കൊലപ്പെടുത്തി. എല്ലാവരെയും കൊലപ്പെടുത്തിയശേഷം അന്തരീക്ഷം പിളരുന്ന ശബ്ദത്തിൽ അയാൾ ഇങ്ങനെ വിളിച്ചു പറഞ്ഞു: ‘യഹൂദന്മാരെ ഒളിവിൽ താമസിപ്പിച്ച പോളിഷ് നായ്ക്കളുടെ അന്ത്യം ഇങ്ങനെയായിരിക്കും.’

The Polish Museum was opened today in Markowa near Łańcut...

ഉൾമ കുടുംബത്തിന്റെ സ്മരണയ്ക്കായി നിർമിച്ച മ്യൂസിയത്തിൽ പോളിഷ് പ്രസിഡന്റ് ആൻഡ്രജ് ഡുഡയും പത്‌നിയും മെഴുകുതിരികൾ കത്തിക്കുന്നു.

രക്തസ്‌നാനം സ്വീകരിച്ച് ഏഴാമൻ!

2022 ഡിസംബർ പതിനേഴിനായിരുന്നു ഉൾമാ കുടുംബത്തിന്റെ രക്തസാക്ഷിത്വം അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവിൽ ഫ്രാൻസിസ് പാപ്പ ഒപ്പുവച്ചത്. ഉൾമ കുടുംബത്തിന്റെ രക്തസാക്ഷിത്വത്തിന്റെ പ്രത്യേകതകൾ മൂലം അവരുടെ നാമകരണ ശുശ്രൂഷകൾ അഭൂതപൂർവമായൊരു സംഭവമെന്നാണ് പോളണ്ടിലെ ബിഷപ്പുമാർ വിശേഷിപ്പിച്ചത്. അതാകട്ടെ ദൈവശാസ്ത്രപരവും ശുശ്രൂഷാപരവുമായ നിരവധി പുതിയ കീഴ്‌വഴക്കങ്ങൾ സഭയിൽ സൃഷ്ടിക്കാൻ തുടക്കം കുറിക്കുന്ന ഒന്നായിരിക്കുമെന്ന് സഭാകാര്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ജനിച്ചതോ ജനിക്കാത്തതോ ആയ ഓരോ ശിശുക്കളുടെയും പൂർണ വ്യക്തിത്വത്തെയും അന്തസിനേയും ഒന്നുപോലെയാണ് പരിഗണിക്കുന്നതെന്ന ശക്തമായ സാക്ഷ്യമാണ് ഒരു ഗർഭസ്ഥ ശിശുവിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയർത്തുന്നതിലൂടെ സഭ ലോകത്തിനു നൽകുന്നത്. ആറു കുഞ്ഞുങ്ങൾ തങ്ങളുടെ രക്തസാക്ഷിത്വത്തിലൂടെ തങ്ങളുടെ മാതാപിതാക്കളുടെ ജീവിക്കുന്ന രക്തസാക്ഷിത്വത്തോട് സഹകരിച്ചപ്പോൾ വിക്ടോറിയയുടെ ഉദരത്തിൽ ഗർഭസ്ഥ ശിശുവിന് ‘രക്ത സ്‌നാനം’ ലഭിക്കുകയുണ്ടായി.

ഒരു വ്യക്തിയെ നാമകരണം ചെയ്യുന്നതിന്റെ മുന്നോടിയായി അവൻ അല്ലെങ്കിൽ അവൾ വീരോചിതമായ ക്രിസ്തീയ ജീവിതം നയിച്ചിട്ടുണ്ടോയെന്നും മറ്റൊരാൾക്ക് വേണ്ടി സ്വജീവൻ സമർപ്പിക്കുകയോ യേശുക്രിസ്തുവിനുനോടുള്ള സ്‌നേഹത്തെപ്രതി രക്തസാക്ഷിത്വം വരിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് നിർണയിക്കാൻ, ആ വ്യക്തിയുടെ ജീവിതത്തെയും രചനകളെയും കുറിച്ച് സഭ സമഗ്രമായ അന്വേഷണം നടത്തുക പതിവാണ്.

നാമകരണത്തിനായുള്ള അടിസ്ഥാന യോഗ്യതയായി ആ വ്യക്തിയുടെ മധ്യസ്ഥതയിൽ സംഭവിച്ച ഒരു അത്ഭുതത്തിന്റെ സ്ഥിരീകരണം ആവശ്യമാണെങ്കിലും ഉൾമ കുടുംബം പോലുള്ള രക്തസാക്ഷികളുടെ കാര്യത്തിൽ അത്തരം നടപടിക്രമങ്ങളിലൂടെ സഭ കടന്നുപോകാറില്ല. ദമ്പതിമാർ അവരുടെ കുടുംബ ബൈബിളിൽ അടിവരയിട്ടടയാളപ്പെടുത്തിയിരിക്കുന്ന നല്ല സമരിയാക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ അവരുടെ വിശ്വാസത്തിന്റെയും ക്രൈസ്തവ സാക്ഷ്യത്തിന്റെയും സാക്ഷ്യമായാണ് നാമകരണ സമിതി വിലയിരുത്തിയത്.

Gallery of The Ulma Family Museum in Markowa / Nizio Design International -  12 | Museum exhibition design, Museum exhibition design display, Design

ഉൾമ കുടുംബത്തിന്റെ സ്മരണയ്ക്കായി നിർമിച്ച മ്യൂസിയത്തിൽനിന്ന്.

പ്രോ ലൈഫ് ജനതയുടെ മധ്യസ്ഥർ

ഗർഭസ്ഥ ശിശു ഉൾപ്പെടെയുള്ള ഉൾമ കുടുംബം സഭയ്ക്കുവേണ്ടിയും ഗർഭച്ഛിദ്രത്തിലൂടെയോ അല്ലാതെയോ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട മാതാപിതാക്കൾക്കു വേണ്ടിയും പ്രോ ലൈഫ് പ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കും വേണ്ടിയും മാധ്യസ്ഥം വഹിക്കും. ജീവനോടെ ജനിച്ച മറ്റെല്ലാ കുഞ്ഞുങ്ങളെ പോലെതന്നെ ഗർഭപാത്രത്തിലുള്ള കുഞ്ഞുങ്ങളും പ്രധാനമാണെന്നതിന്റെ സ്ഥിരീകരണമാണ് ഉൾമ കുടുംബത്തിന്റെ നാമകരണം.

ഉൾമാസിന്റെ ഗർഭസ്ഥ ശിശു, ഹേറോദോസ് കൊലപ്പെടുത്തിയ നൂറുകണക്കിന് നിരപരാധികളായ വിശുദ്ധ ശിശുക്കൾക്ക് തുല്യമാണെന്ന് സെപ്റ്റംബർ 10ന് നടക്കുന്ന നാമകരണ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന വിശുദ്ധരുടെ നാമകരണത്തിനായുള്ള തിരുസംഘം തലവൻ കർദിനാൾ മർസെല്ലോ സെമെരാരോ വിശദീകരിച്ചു. രക്തസ്‌നാനം വളരെ അപൂർവമായി മാത്രമേ സംഭവിക്കൂ. ജനിക്കാൻ ആരംഭിച്ച ഒരു കുഞ്ഞ് ഉടൻ തന്നെ കൊല്ലപ്പെട്ടു (വെടിയേറ്റപ്പോൾ വിക്ടോറിയ പ്രസവിക്കാൻ തുടങ്ങി). യേശുവിനോടുള്ള സ്‌നേഹത്തെപ്രതി മാതാപിതാക്കൾ ചെയ്ത വിശ്വാസത്തിന്റെ ധീരമായ ഒരു പ്രവൃത്തി ആ കുഞ്ഞിന്റ രക്തസാക്ഷിത്വത്തിന് കാരണമാവുകയാണുണ്ടായത്.

Polish Catholic family killed by Nazis for helping Jews on path to  beatification | Catholic News Agency

നാമകരണത്തോടനുബന്ധിച്ചുള്ള വിശുദ്ധ ബലിയിലെ ആദ്യ വായന, ‘ഒരു അമ്മയുടെയും അവളുടെ ഏഴ് പുത്രന്മാരുടെയും രക്തസാക്ഷിത്വം’ വിവരിക്കുന്ന 2 മക്കബായർ ഏഴാം അധ്യായത്തിൽ നിന്നുള്ളതായിരിക്കും. തുടർന്ന് 116-ാം സങ്കീർത്തനത്തിലെ ‘തന്റെ വിശുദ്ധരുടെ മരണം കർത്താവിന് അമൂല്യമാണ്,’ എന്ന ഭാഗവും. കരുണ, അനുകമ്പ, ദയ, വിനയം, സൗമ്യത, ക്ഷമ എന്നിവയെക്കുറിച്ചു വിശുദ്ധ പൗലോസ് വിവരിക്കുന്ന കൊളോസോസ് ലേഖനത്തിൽനിന്നുള്ളതായിരിക്കും രണ്ടാം വായന. നല്ല സമരിയാക്കാരന്റെ ഉപമ വിവരിക്കുന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ നിന്നായിരിക്കും സുവിശേഷ വായന.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?