Follow Us On

02

May

2024

Thursday

ഇതൊരു അസാധാരണ അതിജീവനത്തിന്റെ കഥ; അടിയുറച്ച വിശ്വാസത്തിന്റെയും!

റോയി അഗസ്റ്റിൻ

ഇതൊരു അസാധാരണ അതിജീവനത്തിന്റെ കഥ; അടിയുറച്ച വിശ്വാസത്തിന്റെയും!

തന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭം ധരിച്ചു് ഇരുപതാഴ്ച ആയപ്പോഴായിരുന്നു മുപ്പതുകാരിയായ മിഷിഗണിലെ താഷ കാൻ അക്കാര്യം തിരിച്ചറിയുന്നത്; വളരെ ഗുരുതരവും അപൂർവ്വവുമായ അനാപ്ലാസ്റ്റിക് അസ്ട്രോസൈറ്റോമ എന്ന ബ്രെയിൻ കാൻസറിന്റെ മൂന്നാം സ്റ്റേജിലാണ് താനിപ്പോൾ. മെഡിക്കൽ റിപ്പോർട്ട് കണ്ട് അസ്തപ്രജ്ഞയായിരുന്നുപോയ അവളുടെ ചെവികളിൽ കേട്ട ഡോക്ടറിന്റെ ശബ്‌ദം മറ്റേതോ ഭൂഖണ്ഡത്തിൽ നിന്നാരോ സംസാരിക്കുന്നതായവൾക്ക് തോന്നി. ഡോക്ടർ പറഞ്ഞു ; നിനക്കിനി ജീവിക്കാവുന്നത് കേവലം ഒന്നര വർഷം മാത്രം. നിന്റെ ഉദരത്തിൽ ഒരു ശിശു വളരുന്നതിനാൽ ഇപ്പോൾ റേഡിയേഷനും കീമോതെറാപ്പിയുമുൾപ്പെടെയുള്ള ചികിത്സ സാധ്യമല്ല,അതിനാൽ എത്രയും വേഗം ഗർഭം അലസിപ്പിക്കണം.

താൻ മാരക രോഗിയായിരുന്നു എന്നതിനേക്കാൾ അവളെ തളർത്തിയത് കുഞ്ഞിനെ ഇല്ലാതാക്കണമെന്നുള്ള ഡോക്ടർമാരുടെ നിർബന്ധമായിരുന്നു.അവൾ ചിന്തിച്ചു,’കാൻസറുമായി യാതൊരു ബന്ധവുമില്ലാത്ത എന്റെ ഒന്നുമറിയാത്ത കുഞ്ഞിനെ കൊല്ലുന്നത് കാൻസറിനെ ഒരു വിധത്തിലും അകറ്റാൻ പോകുന്നില്ല’.

മരണത്തെ അഭിമുഖീകരിക്കുമ്പോഴും, ചില വ്യക്തികൾ അവരുടെ വിശ്വാസത്തിൽ ശക്തി കണ്ടെത്തുന്നു, അത് വൈദ്യശാസ്ത്രത്തിന്റെ കണക്കുകൂട്ടലുകളെയും സാമൂഹത്തിന്റെ ചില മാനദണ്ഡങ്ങളെയും അതിലംഘിക്കുന്നു. ആശുപത്രിയിൽ വെച്ച് അവൾ യേശുവുമായി ആഴത്തിലുള്ളൊരു സംഭാഷണം നടത്തി. കർത്താവിലും അവന്റെ വാഗ്ദാനങ്ങളിലും മുറുകെ പിടിക്കുകയാണെങ്കിൽ, അവൻ എന്റെ കുഞ്ഞിനെ സംരക്ഷിക്കുമെന്ന ഒരു ബോധ്യത്തിലേക്കവൾ എത്തിച്ചേർന്നു.

അതിന്റെയടിസ്ഥാനത്തിൽ അവൾ തന്റെ ഡോക്ടർമാരോട് പറഞ്ഞു;കുഞ്ഞിനെ ഇല്ലാതാക്കുന്നത് ഒരിക്കലും എനിക്കംഗീകരിക്കാനാവില്ല. കാരണം അത് ദൈവഹിതത്തിന് എതിരാണ്. എത്രയും വേഗം അവളുടെ ഗർഭമലസിപ്പിച്ചു് അവളെ കീമോതെറാപ്പിക്ക്‌ വിധേയയാക്കാൻ കാത്തിരുന്ന ഡോക്ടർമാരുൾപ്പടെയുള്ള മെഡിക്കൽ സംഘത്തിന് അവളുടെ തീരുമാനം യാതൊരുവിധത്തിലും സ്വീകാര്യമായിരുന്നില്ല. പക്ഷെ മാറ്റമില്ലാത്ത അവളുടെ തീരുമാനത്തോട് ഒടുവിൽ പൊരുത്തപ്പെടേണ്ടി വന്നു, ഡോക്ടർമാർക്ക്.

ഈ തീരുമാനത്തിന് ശേഷം അവൾ ചെയ്തത്, ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുക, വ്യായാമം ചെയ്യുക, സപ്ലിമെന്റുകൾ കഴിക്കുക തുടങ്ങിയവയായിരുന്നു. കൂടാതെ ക്യാൻസറിനെ ചെറുക്കുന്നതിനുള്ള സമഗ്രമായ ചികിത്സാരീതികളെക്കുറിച്ചു് അവൾ ഗവേഷണവും ആരംഭിച്ചു. അങ്ങനെ 2022 ഒക്ടോബറിൽ അവൾ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി. ഗ്രേസി എന്ന് പേര് നൽകിയിട്ടുള്ള പൂർണ്ണ ആരോഗ്യവതിയായ അവൾ തന്റെ ജ്യേഷ്ടനൊപ്പം ആ കുടുംബത്തിന്റെ സന്തോഷമായി മാറി. കുഞ്ഞു ജനിക്കുമ്പോൾ വൈദ്യശാസ്ത്രം പറഞ്ഞതനുസരിച്ചു താഷക്ക് ജീവിക്കാൻ എട്ടു മാസങ്ങൾ കൂടിയായിരുന്നു ബാക്കിയുണ്ടായിരുന്നത്.

ഇപ്പോൾ താഷ പറയുന്നത് കേൾക്കുക; മിക്കവാറും എല്ലാ രോഗികളും ചെയ്യുന്നതുപോലെ, ഡോക്ടർമാരെ മാത്രം വിശ്വസിക്കുകയും സ്വന്തം ഗവേഷണം നടത്താതിരിക്കുകയും ചെയ്തിരുന്നെങ്കിൽ എന്റെ കുഞ്ഞ് ഇവിടെ ഉണ്ടാകില്ലായിരുന്നു. ഞങ്ങൾ രണ്ടുപേരും ഇവിടെയുണ്ട് എന്നത് ദൈവത്തിൽ നിന്നുള്ള ഒരു അത്ഭുതമാണ്.എന്നിൽത്തന്നെ വിശ്വസിക്കാനും എന്റെ എല്ലാ വിശ്വാസവും യേശുവിൽ അർപ്പിക്കാനും എന്നെ പരിശീലിപ്പിച്ച എന്റെ പിതാവിനെ ഞാൻ നന്ദിയോടെ ഓർക്കുന്നു. ‘അതാണ് ഞാൻ ചെയ്തത്, യേശു എന്നെ വിടുവിച്ചു.’

ശരീരത്തിന്റെ കേന്ദ്ര നാഡീവ്യവസ്ഥയെയും തലച്ചോറിന്റെ ഭാഗങ്ങളെയും ബാധിക്കുന്ന വളരെ മാരക ട്യൂമറായ ഗ്ലിയോമാറ്റോസിസ് സെറിബ്രി എന്ന രോഗമാണ് താഷയെ ബാധിച്ചിരിക്കുന്നതെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കാൻസറിന്റെ ഈ വകഭേദത്തിന് ഇതുവരെ ഫലപ്രദമായ ചികിത്സ ലഭ്യമായിട്ടില്ല. കീമോതെറാപ്പിയോ റേഡിയേഷനോ സ്വീകരിക്കേണ്ടതില്ലെന്ന തന്റെ തീരുമാനത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്ന അവൾ, ടെക്സസിലെ ഹൂസ്റ്റണിലുള്ള ഒരു സംയോജിത കാൻസർ ചികിത്സാ കേന്ദ്രത്തിൽ ബദൽ ഇമ്മ്യൂണോതെറാപ്പി ചികിത്സയിലൂടെ രോഗത്തെ മറികടക്കാനുള്ള ശ്രമത്തിലാണ്.

‘ഇക്കാര്യത്തിൽ എന്റെ ഭർത്താവാണ് ഏറ്റവും വലിയ പിന്തുണയും സഹായവും. അദ്ദേഹം എന്നെ അതിശയിപ്പിക്കുന്നു. അദ്ദേഹമില്ലാതെ ഈ യാത്രയിൽ എനിക്ക് മുന്നോട്ടു പോകാനാവില്ലായിരുന്നു. എന്റെ കുട്ടികളുടെ പുഞ്ചിരിയാണ് എന്നെ ശക്തയാക്കുന്നതും മുന്നോട്ട് പോകാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നത്.

ജീവിതത്തിൽ ഞാൻ ആഗ്രഹിച്ച ഒരേയൊരു കാര്യം അമ്മയാവുകയെന്നതായിരുന്നു. ഒപ്പം കാൻസർ വിമുക്തയാവുകയും ദൈവം നൽകിയ രണ്ട് കുഞ്ഞുങ്ങളെ വളർത്തുകയും ചെയ്യുക എന്നതും’. ‘വിശ്വാസത്തിന് മലകളെ ചലിപ്പിക്കാൻ കഴിയും’ എന്നതാണ് താഷ കാൻ നമ്മെ ഓർമ്മിപ്പിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?