Follow Us On

21

January

2025

Tuesday

മലയാളികളെ ഓസ്‌ട്രേലിയ സ്വാഗതം ചെയ്യുന്നു

മലയാളികളെ ഓസ്‌ട്രേലിയ സ്വാഗതം ചെയ്യുന്നു

 സൈജോ ചാലിശേരി
സ്വവര്‍ഗ വിവാഹത്തെ ശക്തമായി എതിര്‍ത്തതുമൂലം ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്ന ഇടയനാണ് ഓസ്‌ട്രേലിയയിലെ ഹോബര്‍ട്ട് അതിരൂപതാധ്യക്ഷന്‍ ജൂലിയന്‍ പോര്‍ട്ടിയാസ്. കത്തോലിക്കാ സഭയുടെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചതിന്റെ പേരില്‍ കേസുകള്‍ നേരിടേണ്ടിവരുകയും പിന്നീട് പരാതിക്കാര്‍തന്നെ അതു പിന്‍വലിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയപ്പോള്‍ സമൂഹത്തില്‍ ഉണ്ടായ മാറ്റങ്ങളും ഭവിഷ്യത്തുകളും നമ്മള്‍ കണ്ടതാണ്. സ്വവര്‍ഗവിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നവരെ ബോധവല്‍ക്കരിക്കുകയെന്നതിനെക്കാള്‍ മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ അസ്തിത്വത്തിനാണ് ഊന്നല്‍ കൊടുത്തതെന്ന് ആര്‍ച്ചുബിഷപ് ജൂലിയന്‍ പോര്‍ട്ടിയാസ് പറയുന്നു. ഓസ്‌ട്രേലിയയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം, ആ രാജ്യത്തെ വിശ്വാസികളുടെ ആത്മീയത, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ സഭയുടെ നയം വ്യക്തമാക്കുകയാണ് ആര്‍ച്ചുബിഷപ് പോര്‍ട്ടിയാസ്.

? വിശ്വാസത്തിന്റെ മേഖലയില്‍ അങ്ങ് സ്വീകരിക്കുന്ന ഉറച്ച നിലപാടുകള്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. എങ്കിലും മൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ തയാറായില്ല. ഇത്രശക്തമായി നിലകൊള്ളാന്‍ അങ്ങേക്ക് കരുത്തു ലഭിക്കുന്നത് എവിടെനിന്നാണ്.
• സഭയുടെ പഠനങ്ങളോട് ചേര്‍ന്നുനില്‍ക്കുക എന്നതാണ് പ്രധാനമായിട്ടുള്ളത്. മതേതരത്വവും മതാത്മകതയും ഒരുമിച്ച് കൊണ്ടുപോകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ലോകത്തെ ഒരു മിഷനായി കണ്ട് പ്രാര്‍ത്ഥിക്കുക. എന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം പകരുന്നത് പരിശദ്ധാത്മാവും മേല്പറഞ്ഞ ഈ ദര്‍ശനവുമാണ്.

? ഓസ്‌ട്രേലിയയിലേക്ക് ജോലിക്കും വിദ്യാഭ്യാസത്തിനുമായി കുടിയേറിയവരില്‍ ധാരാളം മലയാളികളുണ്ട്. അവരുടെ സാന്നിധ്യത്തെ തദ്ദേശിയ സഭ എങ്ങനെവീക്ഷിക്കുന്നു; അവരുടെ വരവ് വിശ്വാസത്തെ പരിപോഷിപ്പിച്ചിട്ടുണ്ടോ. വിദ്യാര്‍ത്ഥികളുടെ കടന്നുവരവിനെ ഓസ്‌ട്രേലിയന്‍ സഭ പ്രോത്സാഹിപ്പിക്കുന്നുണ്ടോ.
• മലയാളി വിദ്യാര്‍ത്ഥികളെയും കുടുംബങ്ങളെയും ഓസ്‌ട്രേലിയന്‍ സഭ സ്വാഗതം ചെയ്യുകയാണ്. അവരെല്ലാും ഈ രാജ്യത്തെ സ്വന്തം ഭവനംപോലെയാണ് കണക്കാക്കുന്നത്. അവര്‍ വരുന്നത് ഉറച്ച കത്തോലിക്കാ വിശ്വാസമുള്ള പ്രദേശങ്ങളില്‍നിന്നാണ്. എന്റെ രൂപതയിലെ ടാസ്മാനിയയില്‍ കേരളത്തില്‍നിന്നുള്ള കുറെ വിദ്യാര്‍ത്ഥികളുണ്ട്. അവരുടെ തീക്ഷ്ണമായ വിശ്വാസം ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ സഭയ്ക്ക് അവര്‍ മുതല്‍ക്കൂട്ടാണ്. കുടിയേറ്റക്കാരുടെ വിശ്വാസതീക്ഷ്ണതയും ഊര്‍ജസ്വലമായ ചിന്താഗതികളും ഓസ്‌ട്രേലിയന്‍ സഭയ്ക്ക് നവോന്മേഷം പകരുന്നു.

? ഓസ്‌ട്രേലിയന്‍ സഭ ഇപ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയാണ്.
• യുവജനങ്ങളില്‍ വിശ്വാസം കുറയുന്നതാണ് സഭ നേരിടുന്ന വലിയ വെല്ലുവിളി. വിശ്വാസത്തിന് പ്രാധാന്യം കൊടുക്കാത്ത ഒരു തലമുറ വളര്‍ന്നുവരുന്നു. വിശ്വാസം ഒരു സാധാരണ കാര്യം എന്ന നിലയിലേക്ക് മാറുന്നു. വിശ്വാസത്തോടുള്ള താല്‍പര്യം കുറയുന്നതനുസരിച്ച് ഭൗതികതയില്‍ ജനങ്ങള്‍ക്ക് താല്‍പര്യം കൂടുകയും ചെയ്യുന്നു. ഓസ്‌ട്രേലിയ സാമ്പത്തികമായി സമ്പന്നമാണെങ്കിലും പുതിയ തലമുറ വിശ്വാസത്തില്‍ പിന്നിലേക്ക് പോകുകയാണ്.

? ഓസ്‌ട്രേലിയയില്‍ ഒരു മതത്തിലും വിശ്വസിക്കാത്തവരുടെ സംഖ്യ 39 ശതമാനമാണെന്ന് കണക്കുകള്‍ പറയുന്നു. ഇത് അമ്പരപ്പ് സൃഷ്ടിക്കുന്ന കണക്കാണ്. എങ്ങനെയാണ് ഈ കണക്കുകളെ കാണുന്നത്.
• ഓസ്‌ട്രേലിയയും പാശ്ചാത്യ രാജ്യങ്ങളും വിശ്വാസത്തെക്കുറിച്ച് ഒരു പുനര്‍വിചിന്തനം നടത്തേണ്ട സമയമായിരിക്കുന്നു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതൊരു മിഷനായി മാറണം. ഒരു വൈദികന്‍ മുക്കുവന്റെ ജോലികൂടി ഏറ്റെടുക്കണം, മനുഷ്യരെ പിടിക്കുന്നവരാകണം. പുതിയ സ്‌കില്‍ ആര്‍ജിച്ച് പുതുതലമുറയ്ക്കുവേണ്ടി സുവിശേഷം പ്രഘോഷിക്കാന്‍ വൈദികര്‍ക്ക് സാധിക്കണം. ഇതുവഴി ജനങ്ങളെ വിശ്വാസത്തിലേക്ക് തിരിച്ചുകൊണ്ടുവരാനും ഊര്‍ജസ്വലതയോടെ വിശ്വാസത്തില്‍ മുന്നേറാനും സാധിക്കും.

? വിവാഹത്തിന്റെ വിശുദ്ധിയെക്കുറിച്ച് യുവസമൂഹത്തെ ബോധവല്ക്കുന്നതിനായി അങ്ങയുടെ നേതൃത്വത്തില്‍ കുടുംബങ്ങളിലും കോളജുകളിലും വ്യാപകമായി ബുക്ക്‌ലെറ്റുകള്‍ വിതരണം ചെയ്തിരുന്നല്ലോ. എന്തായിരുന്നു അതിനു പ്രേരിപ്പിച്ച ഘടകം? അതിന് റിസല്‍ട്ട് ഉണ്ടായതായി തോന്നുന്നുണ്ടോ?
• ഗവണ്‍മെന്റും സമൂഹവും തമ്മില്‍ ഓസ്‌ട്രേലിയയില്‍ 2017-ല്‍ ഒരു സംവാദം നടന്നു. വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു. സ്വവര്‍ഗവിവാഹം വേണമോ വേണ്ടയോ എന്നതായിരുന്നു ചര്‍ച്ചാവിഷയം. ആ സംവാദത്തില്‍ ഒരു തെറ്റായ ചിന്ത ഇടംപിടിച്ചു. ഒരു മനുഷ്യന് എങ്ങനെ വേണമെങ്കിലും മാറാമെന്ന ആശയം. സ്വന്തം ഇഷ്ടപ്രകാരം എന്തുവേണമെങ്കിലും ചെയ്യാം. സഭയ്ക്ക് എപ്പോഴും വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് തുറന്നുപറയാനുള്ള ഉത്തരവാദിത്വമുണ്ട്. മാത്രമല്ല എന്തുകൊണ്ട് വിവാഹജീവിതത്തില്‍ സഭ വിശ്വാസമര്‍പ്പിക്കുന്നു എന്നുകൂടി പറഞ്ഞുകൊടുക്കണം. ഇത് സഭയുടെമാത്രം പ്രശ്‌നമല്ല, മനുഷ്യരാശിയുടെ നിലനില്പിന്റെ പ്രശ്‌നമാണ്.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് സ്ത്രീയും പുരുഷനുമായാണ്. സ്ത്രീയും പുരുഷനും തമ്മിലാണ് വിവാഹിതരാകേണ്ടതും കുടുംബമായി ജീവിക്കേണ്ടതും. അവരാണ് ഒന്നിക്കേണ്ടത്. അതുകൊണ്ടാണ് ഉല്‍പത്തി പുസ്തകത്തില്‍ സ്ത്രീയും പുരുഷനും ഒന്നായിച്ചേരണമെന്ന് ദൈവം പറയുന്നത്. ഈ ആശയത്തെ പ്രോത്സാഹിപ്പിക്കാനാണ് എന്റെ പ്രവര്‍ത്തനങ്ങള്‍. അതിനുവേണ്ടി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ലഘുലേഖകളിറക്കി.

? അങ്ങയുടെ ദൈവവിളിയെക്കുറിച്ച് വിശദമാക്കാമോ.
• ഞാന്‍ ജനിച്ചു വളര്‍ന്നത് സിഡ്‌നിയിലെ കത്തോലിക്കാ കുടുംബത്തിലാണ്. പ്രൈമറി സ്‌കൂള്‍ പഠനകാലത്തുതന്നെ വൈദികനാകാനുള്ള വിളി എനിക്ക് ലഭിച്ചു. ഹൈസ്‌കൂള്‍ പഠനത്തിന്റെ അവസാനം സെമിനാരിയില്‍ ചേര്‍ന്നു. 1974-ലാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. ദൈവം എന്നെ വൈദികജീവിതത്തിനായി തിരഞ്ഞെടുത്തതാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. എനിക്ക് പല കുറവുകളുണ്ടായിട്ടും ദൈവത്തിന്റെ മിഷനുവേണ്ടി എന്നെ നിയോഗിച്ചു.

? സുവിശേഷവല്ക്കരണത്തെക്കുറിച്ച് അങ്ങ് എപ്പോഴും പറയാറുണ്ട്. ആ മേഖലയെക്കുറിച്ച് ഇത്രയും ശക്തമായി ചിന്തിക്കാനുള്ള കാരണം എന്താണ്.
• സഭയില്‍ എപ്പോഴും സുവിശേഷവല്‍ക്കരണം നടന്നുകൊണ്ടേയിരിക്കണം. അതുവഴി പുതിയ തലമുറ ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ കൂടുതല്‍ ദൃഢപ്പെടുകയും ക്രിസ്തുവിന്റെ അനുയായികളായിത്തീരുകയും ചെയ്യും. ഇതാണ് മിഷന്‍ ഓഫ് ദ ചര്‍ച്ചിന്റെ ഹൃദയഭാഗം.
കേരളത്തില്‍ ഇത് വളരെ ഈസിയാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിങ്ങളുടെ ഇടവകജീവിതം ശക്തവും ഊര്‍ജസ്വലവും സജീവവുമാണ്. എന്നാല്‍, ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. കേരളത്തിലെ ജനങ്ങള്‍ വിശ്വാസത്തിനുവേണ്ടി എന്തും ത്യജിക്കാന്‍ തയാറായവരാണ്. വിശ്വാസവഴികളില്‍നിന്നും മാറി നടക്കുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. അതാണ് എല്ലാ തലമുറകളിലും സുവിശേഷവല്‍ക്കരണം നടത്തണമെന്ന് ഞാന്‍ പറയുന്നത്. ക്രിസ്തുവിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കണം.

? അങ്ങ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന രൂപതയെക്കുറിച്ചും അവിടുത്തെ വിശ്വാസികളെപ്പറ്റിയും ചുരുക്കി വിശദീകരിക്കാമോ.
• ഞാന്‍ വളര്‍ന്നത് ഓസ്‌ട്രേലിയയിലെ സിഡ്‌നി അതിരൂപതയിലാണ്. അവിടുത്തെ വൈദികനും സഹായമെത്രാനുമായിരുന്നു. 2013-ല്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ ഹോബര്‍ട്ട് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി എന്നെ നിയമിച്ചു. സിഡ്‌നിയെക്കാളും വളരെ വ്യത്യസ്തമായിരുന്നു ഹോബര്‍ട്ട്.
ഹോബര്‍ട്ട് പ്രത്യേകമായി ചരിത്രത്തില്‍ ഇടംനേടിയിട്ടുള്ള സ്ഥലമാണ്. പല കാരണങ്ങളാല്‍ സിഡ്‌നിയുടെ അത്ര വിശ്വാസം ഹോബര്‍ട്ടില്‍ വളര്‍ന്നില്ല. പക്ഷേ അടുത്തയിടെയായി കുടിയേറ്റക്കാര്‍ വന്ന് ആ വിശ്വാസത്തിന് കൂടുതല്‍ ഊര്‍ജസ്വലത നല്‍കുന്നുണ്ട്. വലിയ തലസ്ഥാനനഗരികളായ മെല്‍ബണിലും ബ്രിസ്ബണിലും ഇതുതന്നെയാണ് സ്ഥിതി. അതിരൂപതയിലെ മറ്റൊരു പ്രധാന സ്ഥലമായ ടാസ്മാനിയയില്‍ വിശ്വാസം അതിന്റേതായ രീതിയില്‍ വളര്‍ന്നില്ല. അനുദിന ദിവ്യബലിക്ക് വരുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. എന്റെ കാഴ്ചപ്പാടില്‍ ടാസ്മാനിയ ഒരു മിഷന്‍പ്രദേശമാണ്.

? ഉന്നത വിദ്യാഭ്യാസം ഉള്ളവരും മികച്ച തൊഴില്‍ ചെയ്യുന്നവരുമൊക്കെ അതുപേക്ഷിച്ച് ഇക്കാലത്ത് സമര്‍പ്പിത ജീവിതം തിരഞ്ഞെടുക്കുന്നുണ്ട്. അത്തരം അനുഭവങ്ങള്‍ ഓസ്‌ട്രേലിയയില്‍ ഉണ്ടോ.
• ഓസ്‌ട്രേലിയയില്‍ ദൈവവിളി കുറഞ്ഞുവരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിന് പ്രധാന കാരണം വിശ്വാസമില്ലായ്മയും ഇടവക പ്രവര്‍ത്തനങ്ങളില്‍ സജീവമാകാതിരിക്കുന്നതുംമൂലമാണ്. എന്നാല്‍, അടുത്തകാലത്തായി സഭയില്‍ പുതിയ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. ഇത് യുവാക്കളെ സ്വാധീനിച്ചു, അതുവഴി ദൈവവിളി സ്വീകരിച്ചവരും ഏറെയുണ്ട്. വിശ്വാസത്തോടുള്ള അതിയായ ആകാംക്ഷയാണ് ഇതിനുള്ള പ്രധാന കാരണമായി ഞാന്‍ കാണുന്നത്.

? പുതിയ തലമുറയെ വിശ്വാസത്തോടും സഭയോടുമൊക്കെ എങ്ങനെ കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്നാണ് അങ്ങ് കരുതുന്നത്.
• യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവിന്‍. പത്രോസും മറ്റു ശിഷ്യന്മാരും ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിച്ചതാണ് സുവിശേഷത്തിന്റെ ഹൃദയഭാഗം. ക്രിസ്തു മരിക്കുക മാത്രമല്ല, അതിനുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകകൂടി ചെയ്തു. സുവിശേഷത്തിന്റെ അകക്കാമ്പ് ക്രിസ്തുവിനെ പ്രഘോഷിക്കുക എന്നാണ്.
യുവജനങ്ങളായാലും മുതിര്‍ന്നവരായാലും ക്രിസ്തുവുമായുള്ള വ്യക്തിബന്ധം അവരെ വിശ്വാസത്തിലേക്ക് നയിക്കും. അവരുടെ ഹൃദയത്തില്‍ വിശ്വാസത്തന്റെ പുതിയ നാമ്പ് ഉടലെടുക്കും. അവര്‍ പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ സംരക്ഷണത്തിലേക്കും നയിക്കപ്പെടലിലേക്കും വരും. ആ വിധത്തിലുള്ള ബോധ്യങ്ങള്‍ പുതിയ തലമുറയ്ക്ക് നല്‍കാന്‍ സാധിച്ചാല്‍ വലിയ മാറ്റങ്ങള്‍ അതു കൊണ്ടുവരും.

? ജീവകാരുണ്യ മേഖലയില്‍ ഓസ്‌ട്രേലിയന്‍ സഭ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്.
• പാവപ്പെട്ടവരെയും തിരസ്‌കരിക്കപ്പെട്ടവരെയും സഹായിക്കാന്‍ ഓസ്‌ട്രേലിയന്‍ സഭ മുന്‍പന്തിയിലാണ്. ചരിത്രപരമായി ഓസ്‌ട്രേലിയന്‍ സഭ എപ്പോഴും പ്രവര്‍ത്തിക്കുന്നത് ഇതേ പാതയിലാണ്. കത്തോലിക്കാ സ്‌കൂളുകളിലൂടെയും ആശുപത്രികളിലൂടെയും മറ്റു സ്ഥാപനങ്ങളിലൂടെയും പാവപ്പെട്ടവരെ സഹായിക്കാനാണ് സഭ ലക്ഷ്യമിടുന്നത്. ഭവനരഹിതര്‍ക്കും സമൂഹത്തിന്റെ പിന്നാമ്പുറങ്ങളില്‍ കഴിയുന്നവരെയും സഹായിക്കുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരുന്നു.
ഓസ്‌ട്രേലിയയിലെ ഓരോ രൂപതയിലും പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രത്യേകമായി നീക്കിവച്ച സംവിധാനങ്ങളുണ്ട്. കാത്തലിക് കെയര്‍, സെന്‍ട്രല്‍ കെയര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ഇതിലേക്ക് ഗവണ്‍മെന്റ് സാമ്പത്തികസഹായം നല്‍കുന്നുണ്ട്. ഇതുവഴി വളരെയധികം പദ്ധതികളും സാമ്പത്തിക സഹായവും കത്തോലിക്കാ സഭയ്ക്ക് നല്‍കാന്‍ കഴിയുന്നുണ്ട്.
ഹോബര്‍ട്ട് അതിരൂപതയില്‍ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിവരുന്നു. രണ്ടു പ്രത്യേക സ്ഥാപനങ്ങളാണ് ഇതിനായുള്ളത്. ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്‍കുന്ന ഒരു സ്ഥാപനംതന്നെയുണ്ട്. അവര്‍ക്ക് സ്വന്തമായി പണം കണ്ടെത്താനുള്ള മാര്‍ഗമാണ് ഇതു പ്രധാനം ചെയ്യുന്നത്. വീട് ഇല്ലാത്തവര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുന്ന പദ്ധതി അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

ഓസ്‌ട്രേലിയയില്‍ കുടുംബങ്ങള്‍ വളരെ സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ആര്‍ച്ചുബിഷപ് ജൂലിയന്‍ പോര്‍ട്ടിയാസ് പറയുന്നു. ഭാര്യാ-ഭര്‍തൃബബന്ധങ്ങളെ അതു ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയയില്‍ കുടുംബത്തകര്‍ച്ചകള്‍ വര്‍ധിക്കുന്നു. ഇത് കുട്ടികളുടെ ജീവിതത്തിലും പ്രതിഫലിക്കുന്നു. കുട്ടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് കുടുംബഭദ്രതയെന്നും സ്‌നേഹമെന്നും മനസിലാകാതെപോകുന്നു. ഈ കുടുംബബന്ധങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ സങ്കടങ്ങളും അവസ്ഥകളും മനസിലാക്കുകയെന്നതാണ് മറ്റൊരു ഇടയദൗത്യം.
ഇന്നത്തെ കാലത്ത് സഭ ഒരു കുടുംബമായി വര്‍ത്തിക്കണമെന്നാണ് ആര്‍ച്ചുബിഷപ് ജൂലിയന്‍ പോര്‍ട്ടിയാസിന്റെ കാഴ്ചപ്പാട്. വിവാഹത്തിന്റെ പ്രാധാന്യം സമൂഹത്തിന് മനസിലാക്കിക്കൊടുക്കണം. ഓസ്‌ട്രേലിയയില്‍ കുടുംബജീവിതത്തിന്റെ ഭദ്രതയില്‍ മാറ്റങ്ങള്‍ വരുന്നു. കുടുംബജീവിതത്തിന്റെ യഥാര്‍ത്ഥ പ്രാധാന്യം മനസിലാക്കി കത്തോലിക്കാ ജീവിതത്തിലേക്ക് ദമ്പതികളെ നയിക്കുകയെന്നതാണ് ഓസ്‌ട്രേലിയന്‍ സഭയുടെ പ്രധാന കര്‍ത്തവ്യമെന്ന് ആര്‍ച്ചുബിഷപ് പോര്‍ട്ടിയാസ് പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?