വെയിൽസ്: ആംഗ്ലിക്കൻ സഭയിൽനിന്ന് ഒരു ബിഷപ്പുകൂടി കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്തുന്നു. 2013 മുതൽ 2019 വരെ വെയിൽസിലെ മോൺമൗത്ത് രൂപതയുടെ ബിഷപ്പായിരുന്ന റിച്ചാർഡ് പെയിനാണ് കത്തോലിക്കാ സഭയിലേക്ക് തിരിച്ചെത്തുന്നത്. ന്യൂപോർട്ടിലെ സെന്റ് ബേസിൽ ആൻഡ് സെന്റ് ഗ്ലാഡിസ് കാത്തലിക് ദൈവാലയത്തിൽ വച്ച് ജൂലൈ രണ്ടിന് കത്തോലിക്കാ വിശ്വാസം സ്വീകരിക്കുന്ന അദ്ദേഹം പിന്നീട് തിരുപ്പട്ടം സ്വീകരിച്ച് കത്തോലിക്കാ സഭയിൽ വൈദീക ശുശ്രൂഷ ആരംഭിക്കും.
ബെനഡിക്ട് 16മൻ പാപ്പ രൂപം നൽകിയ പേർസണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം വഴിയാണ് അദ്ദേഹം കത്തോലിക്കാ സഭയുടെ ഭാഗമാകുന്നത്. ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിക്കുന്നവർക്കായി രൂപംനൽകിയ രൂപതാ സമാനമായ സംവിധാനമാണ് പേഴ്‌സണൽ ഓർഡിനറിയേറ്റുകൾ. പ്രസ്തുത ഓർഡിനറിയേറ്റിന്റെ അധ്യക്ഷൻ മോൺ. കീത്ത് ന്യൂട്ടണിൽനിന്നാകും അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുക.
കത്തോലിക്കാ വിശ്വാസത്തിലേക്കുള്ള കടന്നുവരവ് ഒരേ സമയം സ്വാഭാവികവും ആത്മീയവുമാണെന്ന് റിച്ചാർഡ് പെയിൻ വ്യക്തമാക്കി. ‘എങ്കിലും ഒരു വിദ്യാർത്ഥി എന്നീ നിലയിൽ പുതുതായി ആരംഭിക്കുക എന്നത് ഒരു വെല്ലുവിളിതന്നെയാണ്. ബെനഡിക്ട് പാപ്പയുടെ ദർശനപ്രകാരമുള്ള തീർത്ഥാടകപാതയിലൂടെ നടക്കാൻ ഓർഡിനറിയേറ്റ് സഹായിക്കും. അതിനായി നിങ്ങളുടെ പ്രാർത്ഥനകൾ അഭ്യർത്ഥിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
റിച്ചാർഡ് പെയിനിന്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച മോൺ. കീത്ത് ന്യൂട്ടൺ, ഓർഡിനറിയേറ്റിലേക്ക് വെയിൽസിൽനിന്ന് സ്വീകരിക്കുന്ന പ്രഥമ ബിഷപ്പായിരിക്കും അദ്ദേഹമെന്നും വ്യക്തമാക്കി. വെയിൽസിലെ വിശ്വാസികൾക്ക് ക്രിസ്തുവിന്റെ സുവിശേഷം പകരാൻ തന്റെ കഴിവുകൾ അദ്ദേഹം ഉപയോഗിക്കുമെന്നും ന്യൂട്ടൻ പ്രത്യാശ പ്രകടിപ്പിച്ചു.
1956ൽ ജനിച്ച പെയ്ൻ ലാൻഡാഫിലെ സെന്റ് മൈക്കിൾസ് കോളേജിൽ പരിശീലനം പൂർത്തിയാക്കി 1986 ലാണ് ആംഗ്ലിക്കൻ പൗരോഹിത്യം സ്വീകരിച്ചത്. ബെനഡിക്ട് 16ാമൻ പാപ്പ ഓർഡിനറിയേറ്റ് സ്ഥാപിച്ചശേഷം ആംഗ്ലിക്കൻ സഭയിൽനിന്ന് കുറഞ്ഞത് 15 ബിഷപ്പുമാരെങ്കിലും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിട്ടുണ്ടെന്ന് ‘കാത്തലിക് ന്യൂസ് ഏജൻസി’ റിപ്പോർട്ട് ചെയ്യുന്നു. 2021ൽ മാത്രം നാല് ബിഷപ്പുമാരാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൈക്കിൾ നാസർ അലിയും അതിൽ ഉൾപ്പെടും.
കത്തോലിക്കാ സഭയും പൗരസ്ത്യ ഓർത്തഡോക്‌സ് സഭയും കഴിഞ്ഞാൽ ഏറ്റവും അധികം വിശ്വാസികളുള്ള കൂട്ടായ്മയാണ് ആംഗ്ലിക്കൻ സഭ അഥവാ ഇംഗ്ലണ്ടിലെ സഭ. പതിനാറാം നൂറ്റാണ്ടിലാണ് കത്തോലിക്കാ വിശ്വാസത്തിൽനിന്ന് വേർപിരിഞ്ഞ് ആംഗ്ലിക്കൻ സഭ രൂപീകൃതമായത്. ഹെൻട്രി എട്ടാമൻ രാജാവ് ഭാര്യയായ കാതറിനുമായുള്ള വിവാഹബന്ധം വിച്ചേദിച്ച് ആൻബോളിനെ വിവാഹം കഴിക്കാൻ കൈക്കൊണ്ട തീരുമാനത്തെ സഭ അംഗീകരിക്കാത്തതായിരുന്നു കാരണം. ബിഷപ്പുമാർ മാത്രമല്ല, ആംഗ്ലിക്കൻ സഭയിൽനിന്ന് കത്തോലിക്കാ സഭയിലേക്ക് വിശ്വാസികൾ തിരിച്ചെത്തുന്നത് ഇന്നും തുടരുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *