ലിസ്ബൺ: ലോക യുവജന സംഗമ വേദിയിലെ കാരുണ്യോദ്യാനത്തിൽ നേരിട്ടെത്തി മൂന്ന് യുവജനങ്ങളുടെ കുമ്പസാര ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ച് ഫ്രാൻസിസ് പാപ്പ. യുവജന സംഗമത്തിന്റെ നിരവധി സവിശേഷതകളിൽ ഒന്നാണ് ‘കാരുണ്യോദ്യാനം’ (പാർക്ക് ഡോ പെർഡോ) എന്ന പേരിൽ സജ്ജീകരിക്കുന്ന കുമ്പസാര വേദി. പ്രാക്കോ ഡോ ഇംപേരിയോ ചത്വരത്തിന് സമീപത്തെ ജാർഡിം വാസ്‌കോ ഡി ഗാമ ഗാർഡനിൽ ക്രമീകരിച്ച കാരുണ്യോദ്യാനത്തിൽ ഇന്ന് രാവിലെയാണ് പാപ്പ ആഗതനായത്, മൂന്ന് യുവജനങ്ങൾക്ക് പാപ മോചനം നൽകിയത്.
തീർത്തും സ്വകാര്യമായിരുന്നു തിരുക്കർമം. ഇതിനായി പാപ്പ ഉപയോഗിച്ചത് പോർച്ചുഗലിലെ തടവുകാർ നിർമിച്ച കുമ്പസാരക്കൂടു തന്നെയാണ്. 150 കുമ്പസാരക്കൂടുകളാണ് ഇത്തവണ ‘കാരുണ്യോദ്യാന’ത്തിൽ ഒരുക്കിയിരുന്നത്. വിവിധ ഭാഷകളിൽ കുമ്പസാരിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ലോക യുവജന സംഗമത്തിന്റെ ഏതെങ്കിലും ഒരു ദിനത്തിൽ പാപ്പ ഇവിടെയെത്തി ഏതാനും പേരെ കുമ്പസാരിപ്പിക്കുന്നത് പതിവാണ്. അതിന്റെ ഭാഗമായാണ് ഫ്രാൻസിസ് പാപ്പ ഇന്ന് വന്നെത്തിയത്.
പോർച്ചുഗലിലെ കോയിംബ്ര, പാക്കോസ് ഡി ഫെരേര, പോർട്ടോ എന്നീ ജയിലുകളിലെ തടവുകാർ ചേർന്നാണ് ഇത്തവണത്തെ 150 കുമ്പസാരക്കൂടുകളും ഒരുക്കിയത്. ഓരോ ജയിൽ യൂണിറ്റും 50 കുമ്പസാരക്കൂടുകൾ വീതം നിർമിച്ചു. തങ്ങൾ നിർമിച്ച കുമ്പസാരക്കൂടുകൾ പാപ്പകൂടി ഉപയോഗപ്പെടുത്തി എന്ന കാര്യം ഓർക്കുമ്പോൾ വിവരിക്കാനാവാത്ത ആനന്ദ നിർവൃതിയിലാണ് ജയിലെ തടവുകാർ. 2019ൽ പാനമ ആതിഥേയത്വം വഹിച്ച ലോക യുവജന സംഗമത്തിൽ കുമ്പസാരക്കൂടുകൾ ഒരുക്കിയതും ജയിൽ പുള്ളികളായിരുന്നു. അവിടെയും ഫ്രാൻസിസ് പാപ്പ കുമ്പസാര ശുശ്രൂഷയ്ക്ക് കാർമികത്വം വഹിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *