Follow Us On

09

December

2024

Monday

‘പോർസ്യുങ്കുള’ ദണ്ഡവിമോചനം: ആ വിശേഷാൽ ‘സമയ’ത്തിന് ഇനി മണിക്കൂറുകൾ മാത്രം

വത്തിക്കാൻ സിറ്റി: ആഗോള സഭയിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ട സമ്പൂർണ ദണ്ഡവിമോചനമായ ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ സ്വീകരിക്കാൻ ഒരുങ്ങിയോ? ഓഗസ്റ്റ് ഒന്നിന് സന്ധ്യമുതൽ ആരംഭിക്കുന്ന ദണ്ഡവിമോചന സമയം ഓഗസ്റ്റ് രണ്ട്‌ സൂര്യാസ്തമയം വരെമാത്രമാണുള്ളത്. വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ അഭ്യർത്ഥനപ്രകാരം ഹോണോറിയൂസ് മൂന്നാമൻ പാപ്പയുടെ കാലത്ത് ആരംഭിച്ച ‘പോർസ്യുങ്കുള ദണ്ഡവിമോചനം’ നേടാൻ മൂന്നു കാര്യങ്ങളാണ് അനുഷ്ഠിക്കേണ്ടത്.

* ആഗസ്റ്റ് രണ്ടിന് എട്ട് ദിവസംമുമ്പാ ശേഷമോ നല്ല കുമ്പസാരം നടത്തുക.
* ഓഗസ്റ്റ് രണ്ടിന് ദിവ്യബലിയിൽ പങ്കുകൊള്ളുകയും അനുതാപം നിറഞ്ഞ ഹൃദയത്തോടെ വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യണം.
* അനുതാപവും ഭക്തിയും നിറഞ്ഞ ഹൃദയത്തോടെ ഇടവക ദൈവാലയത്തിൽ ഒരു സ്വർഗസ്ഥനായ പിതാവും വിശ്വാസ പ്രമാണവും ചൊല്ലിയശേഷം പാപ്പയുടെ നിയോഗം സമർപ്പിച്ചുകൊണ്ട് പ്രാർത്ഥിക്കണം.


‘പോർസ്യുങ്കുള’ എന്നാൽ
‘കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ താൽക്കാലികമായ ശിക്ഷയിൽനിന്ന് ഒരു വ്യക്തിക്ക് സഭയിൽനിന്നും ക്രിസ്തു ഭരമേൽപ്പിച്ച പുണ്യത്തിന്റെയും ഭണ്ഡാരത്തിന്റെയും യോഗ്യതയാൽ ലഭിക്കുന്ന ഇളവുകളാണ് ദണ്ഡവിമോചനം.’ കുമ്പസാരത്തിനുശേഷം പാപത്തിന്റെ ഒരു ചെറിയ കറ അവശേഷിക്കും. പ്രത്യേക ദിനങ്ങളിൽ സഭ നിർദേശിക്കുന്ന ഭക്ത്യാനുഷ്ഠാനങ്ങളിലൂടെ ആ കറയിൽനിന്ന് മുക്തി നൽകുന്ന പ്രക്രിയയാണ് ദണ്ഡവിമോചനം എന്ന് ലളിതമായി നിർവചിക്കാം.

പാപംമൂലമുള്ള കാലികശിക്ഷയെ ഭാഗികമായോ പൂർണമായോ ഇളവ് ചെയ്യുന്നതിനെ ആശ്രയിച്ച് ദണ്ഡവിമോചനം ഭാഗികമോ പൂർണമോ ആകാമെന്ന് സി.സി.സി 1471 ചൂണ്ടിക്കാട്ടുന്നു. പോർസ്യുങ്കുള ദണ്ഡവിമോചനം പൂർണമായ ഇളവാണ്. നിരവധി ദണ്ഡവിമോചന മാർഗങ്ങൾ സഭയിലുണ്ടെങ്കിലും ആദ്യത്തെ സമ്പൂർണ ദണ്ഡവിമോചനമായ പോർസ്യുങ്കുള ദണ്ഡവിമോചനത്തിന്റെ കാരണക്കാരനായി ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത് ഫാൻസിസ്‌കൻ സഭയുടെ സ്ഥാപകനായ വിശുദ്ധ ഫ്രാൻസിസ് അസീസിയാണ്.

പരിശുദ്ധ കന്യകാ മറിയത്തിന്റെ നാമധേയത്തിലുണ്ടായിരുന്ന ഉപേക്ഷിക്കപ്പെട്ട പുരാതന ദൈവാലയമായിരുന്നു പോർസ്യുങ്കുള. ‘ഒരൽപ്പം സ്ഥലം’എന്നാണ് പോർസ്യുങ്കുള എന്ന വാക്കിന്റെ അർത്ഥം. കന്യകാമാതാവിനോട് അഗാധമായ ഭക്തിയുണ്ടായിരുന്ന വിശുദ്ധൻ ദൈവാലയം പുനരുദ്ധരിക്കാൻ അതിനോടു ചേർന്ന് താമസമാക്കി. ഫ്രാൻസിസ്‌ക്കൻ സന്യാസ സഭക്ക് രൂപം നൽകിയ അക്കാലയളവിൽ തനിക്കുവേണ്ടി മാധ്യസ്ഥം വഹിക്കണമെന്ന് വിശുദ്ധൻ മാതാവിനോട് അപേക്ഷിക്കാറുണ്ടായിരുന്നു. (മധ്യ ഇറ്റലിയിലെ സെന്റ് മേരി ഓഫ് ഏഞ്ചൽസ് ബസലിക്കയിലാണ് ഇപ്പോൾ പോർസ്യുങ്കുള ചാപ്പൽ സ്ഥിതി ചെയ്യുന്നത്.)

പിന്നീട് ലഭിച്ച ദർശനങ്ങളുടെ വെളിച്ചത്തിലാണ് പോർസ്യുങ്കുള ദണ്ഡവിമോചനം അംഗീകരിക്കണമെന്ന അഭ്യർത്ഥന വിശുദ്ധ ഫ്രാൻസിസ് അസീസി ഹോണോറിയൂസ് പാപ്പയ്ക്ക് മുന്നിൽവെച്ചത്. അതുവരെ കേൾക്കാതിരുന്ന സമ്പൂർണ ദണ്ഡവിമോചനം അനുവദിക്കാൻ പാപ്പാ ആദ്യം തയാറായില്ലെങ്കിലും കർത്താവായ യേശുവും ഇതാഗ്രഹിക്കുന്നുണ്ടെന്ന് മനസിലാക്കിയ പിന്നീട് അനുവദിക്കുകയായിരുന്നു. വിശുദ്ധ പത്രോസ് ചങ്ങലകൾ ഭേദിച്ച് തടവറയിൽനിന്ന് മോചിതനായത് ഓഗസ്റ്റ് ഒന്ന് എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തി പോർസ്യുങ്കുള ദണ്ഡവിമോചനത്തിനുള്ള തിയതി തീരുമാനിച്ചതും വിശുദ്ധ അസീസി തന്നെയായിരുന്നു.

സെന്റ് മേരി ഓഫ് ഏഞ്ചൽസ് ബസലിക്കയിൽ സ്ഥിതി ചെയ്യുന്ന പോർസ്യുങ്കുള ചാപ്പൽ

ബൈബിൾ വാക്യങ്ങളും വിശുദ്ധരുടെ ഉദ്ധരണികളും രേഖപ്പെടുത്തിയ കാർഡുകൾ അനുദിനം മൊബൈലിൽ ലഭിക്കാൻ, ലോകമെമ്പാടും നിന്നുള്ള സഭാ വാർത്തകൾ ഉടനടി അറിയാൻ സൺഡേ ശാലോമിന്റെ വാട്‌സ് അപ്പ് ഗ്രൂപ്പിൽ അംഗമാകൂ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?