Follow Us On

05

December

2024

Thursday

പട്ടാള ബാരക്കിൽനിന്ന് സെമിനാരിയിലേക്ക്, മുൻഗാമിയെപ്പോലെ കഠിനവഴികൾ താണ്ടിയ ബെനഡിക്ട് 16-ാമൻ

പട്ടാള ബാരക്കിൽനിന്ന് സെമിനാരിയിലേക്ക്, മുൻഗാമിയെപ്പോലെ കഠിനവഴികൾ താണ്ടിയ ബെനഡിക്ട് 16-ാമൻ

മ്യൂണിക്ക്: ജർമനിയിലെ ബവേറിയിയിൽ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ജോസഫ് അലോഷ്യസ് റാറ്റ്സിംഗറിന്, തന്റെ മുൻഗാമിയായ വിശുദ്ധ ജോൺ പോൾ രണ്ടാമനെപ്പോലെതന്നെ കഠിനവഴികൾ പലതും സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. പൊലീസ് ഓഫീസറായിരുന്ന ജോസഫ് റാറ്റ്സിംഗർ- മരിയ റാറ്റ്സിംഗർ ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനായി 1927 ഏപ്രിൽ 16നാണ് ജനനം.

1939ൽ പന്ത്രണ്ടാം വയസിൽ ട്രൗൻസ്റ്റീനിലെ മൈനർ സെമിനാരിയിൽ ചേർന്ന ജോസഫ് റാറ്റ്സിംഗറിന് പക്ഷേ, 14-ാം വയസിൽ നിർബന്ധിത പട്ടാളസേവനത്തിൽ പ്രവേശിക്കേണ്ടിവന്നു. ഹിറ്റ്ലർ യൂത്തിൽ ചേർന്ന് പട്ടാളസേവനം നടത്തുന്നതിൽനിന്ന് ആർക്കും ഒഴിവില്ലായിരുന്നു, സെമിനാരിക്കാർക്കുപോലും.

മനസില്ലാമനസോടെ സംഘത്തിൽ ചേർന്നെങ്കിലും പരിശീലനം, പ്രവർത്തനങ്ങൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കാനായിരുന്നു ജോസഫിനു താൽപ്പര്യം. ഒടുവിൽ ജോസഫ് റാറ്റ്സിംഗറിന്റെ ഗണിതശാസ്ത്രാധ്യാപകൻ തന്നെ രക്ഷയ്ക്കെത്തി. ക്ലാസിൽ പങ്കെടുക്കുന്നുണ്ടെന്ന വ്യാജേനയാണ് റാറ്റ്സിംഗറെ അദ്ദേഹം നാസി യൂത്തിലെ നിർബന്ധ ഹാജരിൽനിന്നൊഴിവാക്കിയത്.

ആ അധ്യാപകൻ നാസി അനുകൂലിയായിരുന്നു എന്നതാണ് അമ്പരപ്പിക്കുന്ന മറ്റൊരു യാഥാർത്ഥ്യം.ഇതിനിടെ പട്ടാള ആവശ്യത്തിനായി ഹിറ്റ്ലർ ഭരണകൂടം മൈനർ സെമിനാരി കെട്ടിടം ഏറ്റെടുത്തതോടെ സെമിനാരി ആടച്ചുപൂട്ടേണ്ടിവന്നു. നിർബന്ധിത പട്ടാള ജീവിതകാല ത്തും പഠനവും സെമിനാരി ജീവിതവുമായിരുന്നു റാറ്റ്സിംഗറിന്റെ മനസ്സിൽ.

അതുകൊണ്ടുതന്നെ ഉചിതമായ ഒരവസരം കിട്ടിയപ്പോൾ പട്ടാളത്തിൽനിന്ന് ഒളിച്ചോടി. പട്ടാളത്തിൽനിന്നു ചാടിപ്പോകുന്നവരെ കണ്ടെത്തിയാൽ പിന്നെ മരണമായിരിക്കും ശിക്ഷ എന്നതെല്ലാം അദ്ദേഹം വിസ്മരിച്ചു. ജന്മഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടെ രണ്ടു പട്ടാളക്കാരുടെ പിടിയിലായി. നാസിപ്പടയുടെ നടപടികളോട് അത്ര മമതയില്ലാത്തവരായിരുന്നു അവർ. അത് റാറ്റ്സിംഗർക്ക് അനുഗ്രഹമായി.

പരിക്കേറ്റ പട്ടാളക്കാരനെന്ന ആനുകൂല്യംകൊടുത്ത് അവർ റാറ്റ്സിംഗറെ വിട്ടയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തിന് സെമിനാരിയിൽ ചേരാനായില്ല. നാസി ജർമനിയുടെ പതനത്തിനുശേഷം അമേരിക്കൻ പട്ടാളം ഗ്രാമത്തിലെത്തി. നാസി യൂത്തിൽ പ്രവർത്തിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുക്കപ്പെട്ടു.

അവിടെനിന്ന് ജർമനിയിലെ യുദ്ധത്തടവുകാരുടെ ക്യാംപിലേക്ക്. 1945 ജൂൺ 19ന് മോചിതനായി വീണ്ടും ജന്മദേശത്തേക്ക്. സഹോദരൻ ജോർജ് റാറ്റ്സിംഗറും നിർബന്ധിത സൈനീക സേവനത്തിലുണ്ടായിരുന്നു. ഇറ്റലിയിൽ യുദ്ധത്തടവുകാരനായി കഴിഞ്ഞിരുന്ന ജോർജ് റാറ്റ്സിംഗറും അധികം വൈകാതെ മോചിതനായി നാട്ടിലെത്തി. പിന്നീട് ഇരുവരും ഒരുമിച്ചാണ് സെമിനാരി പഠനം തുടർന്നത്. പൗരോഹിത്യ സ്വീകരണവും ഒരുമിച്ചുതന്നെ, 1951 ജൂൺ 29ന്. ഏകസഹോദരിയായിരുന്ന മരിയ റാറ്റ്സിംഗർ 1991ലാണ് നിര്യാതയായത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?