വിടവാങ്ങൽ പ്രസംഗങ്ങളിലെ വാക്കുകൾ വികാരപരമാകാറാണ് പതിവ്, എന്നാൽ തികച്ചും വിചാരപരമായിരുന്നു ബെനഡിക്ട് 16-ാമന്റെ ‘വിടവാങ്ങൽ പ്രസംഗം’. സ്ഥാനത്യാഗം പ്രഖ്യാപിച്ചുകൊണ്ട് 2013 ഫെബ്രുവരി 10ന് ബെനഡിക്ട് 16-ാമൻ നടത്തിയ പ്രഖ്യാപനത്തിന്റെ പൂർണരൂപം വായിക്കാം.
പ്രിയ സഹോദരരേ,
ഈ കൺസിസ്റ്ററി സമ്മേളനത്തിലേക്ക് നിങ്ങളെ ഞാൻ വിളിച്ചുകൂട്ടിയത് മൂന്ന് നാമകരണ പ്രഖ്യാപനങ്ങൾക്കുവേണ്ടി മാത്രമല്ല, സഭയുടെ ജീവനെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ഒരു തീരുമാനം അറിയിക്കാൻകൂടിയാണ്. ദൈവതിരുമുമ്പിൽ എന്റെ മനഃസാക്ഷിയെ ആവർത്തിച്ചു പരിശോധിച്ചതിനുശേഷം ഞാനൊരു കാര്യം തീർച്ചപ്പെടുത്തി.
പ്രായാധിക്യംമൂലം എന്റെ ശക്തികൾ പത്രോസിന്റെ സിംഹാസനത്തിലെ ശുശ്രൂഷകൾ വേണ്ടവിധം നിർവഹിക്കാൻ ഇനി യോഗ്യമല്ല. ഈ ശുശ്രൂഷകൾ, അതിന്റെ അന്തസ്സത്ത ആത്മീയസ്വഭാവമുള്ള ഒന്നായതുകൊണ്ട്, വാക്കുകളും പ്രവൃത്തികളും കൊണ്ട് മാത്രമല്ല, ഒട്ടും കുറയാത്ത അളവിൽ പ്രാർത്ഥനയും സഹനവുംകൊണ്ടാണ് നിർവഹിക്കേണ്ടതെന്ന് എനിക്ക് നല്ലവണ്ണം അറിയാം.
എന്നിരുന്നാലും അതിദ്രുതമായ മാറ്റങ്ങൾക്കു വിധേയമായതും വിശ്വാസത്തിന്റെ ജീവനെ സംബന്ധിച്ചിടത്തോളം ആഴമേറിയ പ്രസക്തിയുള്ള ചോദ്യങ്ങളാൽ ഉലയ്ക്കപ്പെടുന്നതുമായ ഇന്നത്തെ ലോകത്തിൽ വിശുദ്ധ പത്രോസിന്റെ നൗകയെ നിയന്ത്രിക്കാനും സുവിശേഷം പ്രഘോഷിക്കാനും മനസ്സിന്റെയും ശരീരത്തിന്റെയും ശക്തി ഒരുപോലെ ആവശ്യമാണ്. എന്നിൽ ഭരമേൽപ്പിക്കപ്പെട്ട ശുശ്രൂഷ വേണ്ടവിധം നിർവഹിക്കുന്നതിനുള്ള എന്റെ അപ്രാപ്തി ഞാൻ തിരിച്ചറിയുംവിധം ഈ ശക്തി കഴിഞ്ഞ കുറച്ചുമാസങ്ങളായി എന്നിൽ ക്ഷയിച്ചിരിക്കുന്നു.
ഇക്കാരണത്താൽ, ഈ പ്രവൃത്തിയുടെ ഗൗരവത്തെക്കുറിച്ചുള്ള നല്ല ബോധ്യത്തോടും സമ്പൂർണമായ സ്വാതന്ത്ര്യത്തോടും ഞാൻ പ്രഖ്യാപിക്കുകയാണ്; 2013 ഫെബ്രുവരി 28 രാത്രി എട്ടു മണിക്ക് പരിശുദ്ധ റോമാസിംഹാസനം, വിശുദ്ധ പത്രോസിന്റെ സിംഹാസനം ഒഴിഞ്ഞുകിടക്കുംവിധം, 2005 ഏപ്രിൽ 19ന് കർദിനാൾമാർ എന്നെ ഏൽപ്പിച്ച റോമായുടെ മെത്രാൻശുശ്രൂഷ, വിശുദ്ധ പത്രോസിന്റെ പിൻഗാമിയുടെ ശുശ്രൂഷ ഞാൻ ഒഴിയുന്നു. പിന്നീട് പുതിയ പരമാചാര്യനെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ്, അതിന് യോഗ്യനായ വ്യക്തിയാൽ വിളിച്ചുകൂട്ടപ്പെടേണ്ടിവരും.
പ്രിയ സഹോദരരേ, എന്റെ ശുശ്രൂഷയിൽ സ്നേഹത്താലും സേവനത്താലും എന്നെ പിന്തുണച്ചതിൽ ഞാൻ നിങ്ങൾക്ക് ഏറ്റവും വിശ്വസ്തതയോടെ നന്ദിപറയുന്നു; ഒപ്പം എന്റെ എല്ലാ പോരായ്മകൾക്കും ക്ഷമ ചോദിക്കുന്നു. ഇനി നമുക്ക് തിരുസഭയെ നമ്മുടെ പരമോന്നത ഇടയനായ, നമ്മുടെ നാഥൻ ഈശോമിശിഹായ്ക്ക് ഭരമേൽ പ്പിക്കാം; ഒപ്പം, ഒരു പുതിയ പരമാചാര്യനെ തെരഞ്ഞെടുക്കുന്നതിൽ കർദിനാൾ പിതാക്കന്മാരെ തന്റെ മാതൃവാൽസല്യത്താൽ സഹായിക്കും വിധം അവിടുത്തെ പരിശുദ്ധ അമ്മയായ മറിയത്തിന്റെ മധ്യസ്ഥം തേടുകയും ചെയ്യാം.
എന്നെ സംബന്ധിച്ചു പറയുകയാണെങ്കിൽ, പ്രാർത്ഥനയ്ക്കായി സമർപ്പിച്ച ഒരു ജീവിതംവഴി ദൈവത്തിന്റെ തിരുസഭയെ ആത്മസമർപ്പണത്തോടെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.
Leave a Comment
Your email address will not be published. Required fields are marked with *